"തുടക്കം അടുക്കളയിൽ നിന്നായിരുന്നു.", ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള ജോഷിമഠ് പട്ടണത്തിലെ താമസക്കാരനായ അജിത്ത് രാഘവ്, 2023 ജനുവരി മൂന്നാം തീയതി രാവിലെ നടന്ന ദൗർഭാഗ്യകരമായ സംഭവങ്ങൾ ഓർത്തുകൊണ്ട് പറയുന്നു.

ആദ്യം വീട്ടിലെ അടുക്കളയിൽ രൂപപ്പെട്ട വലിയ വിള്ളലുകൾ വളരെ പെട്ടെന്ന് വീടിന്റെ മറ്റു ഭാഗങ്ങളിലേക്കും പടർന്നുവെന്ന് ജീപ്പ് ടാക്സി ഡ്രൈവറായ ആ മുപ്പത്തിയേഴുകാരൻ പറയുന്നു. ഇടത്തരം വലിപ്പമുള്ള ആ ഇരുനില വീട്ടിലെ, വിള്ളലുകൾ ഏറ്റവും കുറവുള്ള മുറി പെട്ടെന്ന് തന്നെ താത്കാലിക അടുക്കളയായി മാറ്റിയെടുക്കപ്പെട്ടു. ആ വീട്ടിലെ താമസക്കാരായ, എട്ടു പേരടങ്ങുന്ന കുടുംബത്തിന് പൊടുന്നനെ സ്ഥലം തികയാത്ത സ്ഥിതിയായി.

"ഞാൻ എന്റെ മുതിർന്ന രണ്ട് പെൺമക്കളെയും-ഐശ്വര്യയും (12) സൃഷ്ടിയും (9)-എന്റെ മൂത്ത സഹോദരിയുടെ വീട്ടിൽ താമസിക്കാൻ പറഞ്ഞുവിട്ടു.", രാഘവ് പറയുന്നു. അദ്ദേഹവും ഭാര്യ ഗൗരി ദേവി, മകൾ ആറു വയസ്സുകാരിയായ അയേഷ, പ്രായമുള്ള രണ്ട് അമ്മായിമാർ (പിതൃസഹോദരരുടെ ഭാര്യമാർ) എന്നിവരുൾപ്പെടുന്ന ബാക്കി കുടുംബാംഗങ്ങളും ഇപ്പോഴും ഈ വീട്ടിൽ വച്ച് തന്നെയാണ് ഭക്ഷണം കഴിക്കുന്നത്. എന്നാൽ വൈകീട്ട് കിടന്നുറങ്ങാൻ അവർ തൊട്ടടുത്ത് തന്നെയുള്ള സംസ്‌കൃത മഹാവിദ്യാലയ സ്കൂളിലേയ്ക്ക് പോകും; ഹിമാലയൻ പർവ്വതനിരകളിലുള്ള ഈ നഗരത്തിൽ താത്കാലിക അഭയകേന്ദ്രമായി പ്രഖ്യാപിച്ചിരിക്കുന്നത് ഈ സ്കൂളിനെയാണ്. വീടുകളിൽ നിന്ന് ഒഴിപ്പിക്കപ്പെട്ട 25-30 കുടുംബങ്ങളെ ഇവിടെയാണ് താമസിപ്പിച്ചിരിക്കുന്നത്.

2023 ജനുവരി 21നു ചമോലി ജില്ലാ അധികാരികൾ പ്രസിദ്ധീകരിച്ച ബുള്ളറ്റിൻ അനുസരിച്ച്, ജോഷിമഠിലെ 9 വാർഡുകളിലുള്ള 181 കെട്ടിടങ്ങൾ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്; 863 കെട്ടിടങ്ങളിൽ വിള്ളൽ ദൃശ്യമായിട്ടുണ്ട്. തന്റെ അയൽപക്കത്തുള്ള വീടുകളിൽ രൂപപ്പെട്ട വിള്ളലുകൾ രാഘവ് പാരിയ്ക്ക് കാണിച്ചു തരുന്നു. "ഇവിടത്തെ ഓരോ വീടും ജോഷിമഠിന്റെ കഥ തന്നെയാണ് പറയുന്നത്.", നിലവിലെ സാഹചര്യത്തിലേക്ക് നയിച്ച, അനിയന്ത്രിതമായ വികസന പ്രവർത്തനങ്ങൾ പരാമർശിച്ച് അദ്ദേഹം പറയുന്നു.

2023 ജനുവരി മൂന്നിനാണ് ജോഷിമഠിലെ കെട്ടിടങ്ങളുടെ ചുവരുകളിലും ഉത്തരത്തിൻ മേലും നിലത്തുമെല്ലാം വലിയ വിള്ളലുകൾ രൂപപ്പെട്ട് തുടങ്ങിയതെന്ന് രാഘവ് പറയുന്നു. ദിവസങ്ങൾക്കുളിൽ അതൊരു രൂക്ഷമായ പ്രതിസന്ധിയായി വളർന്നു. ഏകദേശം ഇതേ സമയത്ത്, ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന് (ഐ.എസ്.ആർ.ഓ) കീഴിലുള്ള നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ (എൻ.ആർ.എസ്.സി) ജോഷിമഠിൽ ഭൂമി താഴ്ന്നതിന്റെ വ്യാപ്തി വ്യക്തമാകുന്ന ചിത്രങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി: 2022 ഡിസംബറിന്റെ അവസാനം മുതൽ 2023 ജനുവരിയുടെ തുടക്കം വരെയുള്ള ദിവസങ്ങളിൽ 5.4 സെന്റിമീറ്ററാണ് നിലം താഴ്ന്നത്. ഈ ചിത്രങ്ങൾ നിലവിൽ എൻ.ആർ.എസ്.സിയുടെ വെബ്‌സൈറ്റിൽ ലഭ്യമല്ല.

രാഘവ് താമസിക്കുന്ന സിംഗ്ദർ വാർഡിൽ 151 കെട്ടിടങ്ങളിൽ വിള്ളലുകൾ ദൃശ്യമായതായി കണ്ടെത്തിയിട്ടുണ്ട്; 98 കെട്ടിടങ്ങൾ അപകട മേഖലയിലാണ്. ഈ കെട്ടിടങ്ങൾ ഒന്നും തന്നെ താമസയോഗ്യമല്ലെന്നും സുരക്ഷിതമല്ലെന്നും സൂചിപ്പിക്കാനായി ജില്ലാ അധികാരികൾ അവയിൽ ഒരു ചുവന്ന ഗുണന ചിഹ്നം പതിപ്പിച്ചിട്ടുണ്ട്.

PHOTO • Shadab Farooq
PHOTO • Shadab Farooq

ഇടത്: താരതമ്യേന ചെറിയ വിള്ളലുകൾ ഉള്ള മുറിയിൽ ഈ കുടുംബം ഒരു താത്കാലിക അടുക്കള സജ്ജീകരിച്ചിരിക്കുകയാണ്. വലത്: തുണികളും മറ്റു വസ്തുവകകളും പെട്ടെന്ന് കൊണ്ടുപോകാനായി സ്യൂട്ട്കേസുകളിൽ നിറച്ചു വച്ചിരിക്കുന്നു

PHOTO • Shadab Farooq
PHOTO • Shadab Farooq

ഇടത്: ഒരു അയൽക്കാരി അവരുടെ വീടിന്റെ മുകളിൽ നിന്നുകൊണ്ട് ഗൗരി ദേവിയോട് (ചിത്രത്തിൽ കാണുന്നില്ല ) സംസാരിക്കുന്നു. രാഘവും മകൾ അയേഷയും വീടിന് മുന്നിൽ നിൽക്കുന്നു. വലത്: ഗൗരി ദേവി, ചമോലി ജില്ലാ അധികാരികൾ ഏർപ്പെടുത്തിയ താത്കാലിക അഭയകേന്ദ്രത്തിൽ

തന്റെ ജീവിതകാലം മുഴുവൻ ഈ വീട്ടിൽ താമസിച്ചു വന്ന രാഘവ്, അധികാരികൾ അതിൽ ചുവന്ന ഗുണന ചിഹ്നം പതിപ്പിക്കുന്നത് തടയാൻ തന്നാലാവുന്നത് എല്ലാം ചെയ്യുകയാണ്. "എനിക്ക് ഇനിയും എന്റെ വീടിന്റെ മുകളിൽ വന്നിരുന്ന് വെയിൽ കാഞ്ഞ് പർവതങ്ങൾ നോക്കിയിരിക്കണം," അദ്ദേഹം പറയുന്നു. കുഞ്ഞായിരിക്കുമ്പോൾ രക്ഷിതാക്കളോടും മുതിർന്ന സഹോദരനോടുമൊപ്പം ഈ വീട്ടിലാണ് അദ്ദേഹം താമസിച്ചിരുന്നത്; അവരെല്ലാവരും ഇന്ന് മരണപ്പെട്ടിരിക്കുന്നു.

'ചുവന്ന ഗുണന ചിഹ്നം പതിപ്പിച്ചാൽ അധികാരികൾ (ചമോലി ജില്ലാ ഉദ്യോഗസ്ഥർ) ഇവിടം സീൽ ചെയ്യുമെന്നാണർത്ഥം. ആളുകൾക്ക് പിന്നെ തങ്ങളുടെ വീടുകളിലേക്ക് മടങ്ങിവരാനാകില്ലെന്നു കൂടിയാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്.", അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

നേരം ഇരുട്ടി; രാഘവിന്റെ കുടുംബം അത്താഴം കഴിച്ചു കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ അമ്മായി തങ്ങളുടെ താത്കാലിക വീടായ സ്കൂളിലേയ്ക്ക് ഉറങ്ങാനായി പോകാൻ തയ്യാറായി നിൽക്കുകയാണ്.

രാഘവിന്റെ വീട് ആകെ അലങ്കോലമായി കിടക്കുകയാണ്: തുറന്നു വച്ചിരിക്കുന്ന ഒരു സ്യൂട്ട്കേസിൽ തുണികൾ കൂട്ടിയിട്ടിരിക്കുന്നു; ലോഹ അലമാരകളിലെ സാധനങ്ങൾ എല്ലാം മാറ്റിയിട്ടുണ്ട്; ഫ്രിഡ്ജ് ചുവരിന് അടുത്ത് നിന്ന് നീക്കിമാറ്റിയിരിക്കുന്നു; ഈ കുടുംബത്തിന് സ്വന്തമായുള്ള സാധനങ്ങ്ങളെല്ലാം ചെറിയ ബാഗുകളിൽ നിറച്ചു വച്ചിരിക്കുകയാണ്. സ്റ്റീൽ പാത്രങ്ങളും പ്ലാസ്റ്റിക് പാത്രങ്ങളും അങ്ങിങ്ങ് ചിതറിക്കിടക്കുന്നു; എല്ലാം കൊണ്ടുപോകാൻ തയ്യാറാക്കി വച്ചിരിക്കുകയാണ്.

എന്റെ കയ്യിലുള്ളത് (ആകെയുള്ളത്) 2000 രൂപയുടെ ഒരു നോട്ടാണ്; അത് വച്ച് എന്റെ വീട്ടുസാധനങ്ങൾ എല്ലാം കൊണ്ടുപോകാനായി ഒരു ട്രക്ക് വിളിക്കാൻ പോലും തികയില്ല." ചുറ്റും കണ്ണോടിച്ച് രാഘവ് പറയുന്നു.

PHOTO • Shadab Farooq
PHOTO • Shadab Farooq

ഇടത്: രാഘവും അയേഷയും തങ്ങളുടെ വീടിന്റെ ചുറ്റുവട്ടത്ത് നിലത്ത് രൂപപ്പെട്ട വിള്ളലുകൾ പരിശോധിക്കുകയാണ്. 'എന്റെ കഥ, മുഴുവൻ ജോഷിമഠിന്റെയും കഥ തന്നെയാണ്.', അദ്ദേഹം പറയുന്നു. വലത്: അധികാരികൾ സീൽ ചെയ്ത്, താമസക്കാരെ ഒഴിപ്പിച്ച വീടുകൾ തിരിച്ചറിയാനായി അവയിൽ ഒരു ചുവന്ന ഗുണന ചിഹ്നം രേഖപ്പെടുത്തിയിരിക്കുന്നു

PHOTO • Shadab Farooq
PHOTO • Shadab Farooq

ഇടത്: രാഘവും അയേഷയും തങ്ങളുടെ വീടിന്റെ ടെറസിൽ. 'എനിക്ക് ഇനിയും എന്റെ വീടിന്റെ മുകളിൽ വന്നിരുന്ന്, വെയിൽ കാഞ്ഞ് പർവതങ്ങൾ നോക്കിയിരിക്കണം' വലത്: ജോഷിമഠ് പട്ടണത്തിന്റെയും ചുറ്റുമുള്ള പർവ്വതങ്ങളുടെയും ദൃശ്യം; ഇവിടങ്ങളിൽ ഭൂഗർഭ ഡ്രില്ലിങ് തുടരുകയാണ്

ജില്ലാ അധികാരികൾ "രണ്ടു ദിവസത്തിനുള്ളിൽ വീട് ഒഴിഞ്ഞു പോകണമെന്ന് മൈക്കിലൂടെ അനൗൺസ് ചെയ്യുന്നുണ്ടെന്ന്" അദ്ദേഹത്തിന്റെ ഭാര്യ ഗൗരി ഓർമ്മിപ്പിക്കുന്നു.

"ഞാൻ ജോഷിമഠ് വിട്ടുപോകില്ല. ഞാൻ ഓടിപ്പോകില്ല. ഇത് എന്റെ പ്രതിഷേധമാണ്, എന്റെ പോരാട്ടമാണ്." രാഘവ് മറുപടിയേകുന്നു.

ഇത് നടന്നത് ജനുവരിയിലെ രണ്ടാമത്തെ ആഴ്ചയിലാണ്.

*****

ഒരാഴ്ചയ്ക്ക് ശേഷം, 2023 ജനുവരി 20നു രാഘവ് രണ്ടു ദിവസക്കൂലി തൊഴിലാളികളെ കൊണ്ടുവരാൻ പോയിരിക്കുകയാണ്. തലേന്ന് രാത്രി ജോഷിമഠിൽ ഉണ്ടായ കനത്ത മഞ്ഞുവീഴ്ചയിൽ സാഹചര്യം വഷളായതോടെ അസ്ഥിരമായ വീടുകളിൽ താമസിക്കുന്നവർ കൂടുതൽ ആശങ്കയിലായി. ഉച്ചയ്ക്ക് ഒരു മണിയായപ്പോഴേക്കും രാഘവും തൊഴിലാളികളും ചേർന്ന് കിടക്കകളും ഫ്രിഡ്‌ജും പോലുള്ള ഭാരമേറിയ വീട്ടുസാധനങ്ങൾ വീതികുറഞ്ഞ ഇടവഴിയിലൂടെ കൊണ്ടുവന്നു ട്രക്കിൽ കയറ്റിത്തുടങ്ങിയിരിക്കുന്നു.

"മഞ്ഞുവീഴ്ച നിന്നെങ്കിലും റോഡുകൾ ഇപ്പോഴും നനഞ്ഞ്, വഴുക്കൽ പിടിച്ച് കിടക്കുന്നതിനാൽ ഞങ്ങൾ വീണുപോകുകയാണ്. വീട്ടുസാധനങ്ങൾ മാറ്റാൻ ഞങ്ങൾ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്.", രാഘവ് ഫോണിൽ പറയുന്നു. അദ്ദേഹം തന്റെ കുടുംബത്തെ 60 കിലോമീറ്റർ അകലെയുള്ള നന്ദപ്രയാഗ് പട്ടണത്തിലേക്ക് മാറ്റുകയാണ്. അവിടെ തന്റെ സഹോദരി താമസിക്കുന്നതിനടുത്ത് ഒരു വീട് വാടകയ്‌ക്കെടുക്കാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.

ജോഷിമഠ് പട്ടണത്തിലെ വീടുകൾക്ക് മുകളിൽ വീണു കിടക്കുന്ന മഞ്ഞിന്റെ കനത്ത ആവരണത്തിനടിയിൽ നിന്ന് പോലും, കെട്ടിടങ്ങളിലെ വിള്ളലുകളും പുറം ചുവരുകളിൽ ചുവന്ന പെയിന്റ് കൊണ്ട് കട്ടിയിൽ രേഖപ്പെടുത്തിയിട്ടുള്ള ഗുണന ചിഹ്നങ്ങളും വ്യക്തമായി കാണാവുന്നതാണ്. അസ്തിവാരത്തിൽ പോലും വിള്ളൽ കണ്ടെത്തിയ അനേകം വീടുകളിൽ നിന്നും കടകളിൽ നിന്നും മറ്റു സ്ഥാപനങ്ങളിൽ നിന്നും താമസക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്.

PHOTO • Manish Unniyal
PHOTO • Manish Unniyal

ഇടത്: രഞ്ജിത്ത് സിംഗ് ചൗഹാൻ, താമസയോഗ്യമല്ലെന്ന് കാണിച്ച് ചുവന്ന ഗുണന ചിഹ്നം പതിപ്പിച്ച, ജോഷിമഠിലെ തന്റെ വീടിനു പുറത്ത് നിൽക്കുന്നു. വലത്: ജോഷിമഠ് പട്ടണത്തിൽ, നിലം താഴ്ന്നത് മൂലം ഏറെ നാശനഷ്ടം സംഭവിച്ച മനോഹർ ബാഗ് പ്രദേശത്തെ ഒരു വീട്

43 വയസ്സുകാരനായ രഞ്ജിത്ത് സിംഗ് ചൗഹാൻ, സുനിൽ വാർഡിലുള്ള, ചുവന്ന ഗുണന ചിഹ്നം പതിപ്പിച്ച തന്റെ ഇരുനില വീടിന്റെ മഞ്ഞ് വീണ മുറ്റത്ത് നിൽക്കുകയാണ്. സിംഗിനും ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബത്തിനും സമീപത്ത് തന്നെയുള്ള ഒരു ഹോട്ടലിലാണ് തത്കാലത്തേക്ക് താമസ സൗകര്യം ഏർപ്പാടാക്കിയിരിക്കുന്നത്. എന്നാൽ അവരുടെ സാധനങ്ങൾ മിക്കതും വീട്ടിൽ തന്നെയാണുള്ളത്. മഞ്ഞുവീഴ്ചയ്ക്കിടയിലും, വീട്ടിൽ നിന്ന് ഒന്നും മോഷണം പോകാതിരിക്കാനായി സിംഗ് ദിവസേന അവിടെ വന്നുപോകുന്നുണ്ട്.

"ഞാൻ എന്റെ കുടുംബത്തെ ഡെഹ്റാഡൂണോ ശ്രീനഗറോ പോലെ സുരക്ഷിതമായ ഏതെങ്കിലുമൊരു സ്ഥലത്തേയ്ക്ക് മാറ്റാൻ ശ്രമിക്കും.", അദ്ദേഹം പറയുന്നു. ബദ്രിനാഥിൽ വേനൽക്കാല മാസങ്ങളിൽ തുറന്ന് പ്രവർത്തിക്കുന്ന ഒരു ഹോട്ടൽ നടത്തുകയാണ് ചൗഹാൻ. ഭാവിയിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അദ്ദേഹത്തിന് ഇപ്പോൾ നിശ്ചയമില്ല. എന്നാൽ ഒരു കാര്യം അദ്ദേഹത്തിന് ഉറപ്പാണ്-എവിടെയായാലും സുരക്ഷിതരായിരിക്കേണ്ടതുണ്ട്. 2023 ജനുവരി 11നു ഉത്തരാഖണ്ഡ് സർക്കാർ ഇടക്കാല ആശ്വാസമായി പ്രഖ്യാപിച്ച 1.5 ലക്ഷം രൂപ ലഭിക്കുന്നതും പ്രതീക്ഷിച്ചിരിക്കുകയാണ് സിംഗ്.

താഴ്‌ന്നുകൊണ്ടിരിക്കുന്ന ഈ ഹിമാലയൻ പട്ടണത്തിൽ എല്ലായിടത്തും പണത്തിന് വലിയ ക്ഷാമമാണ്. രാഘവ് തന്റെ വീട് നഷ്ടപ്പെടുന്നത് ഓർത്ത് മാത്രമല്ല ദുഖിക്കുന്നത്, ആ വീടിനായി ചിലവഴിച്ച പണം നഷ്ടപ്പെടുന്നത് കൂടിയോർത്താണ്. "പുതിയ വീട് പണിയാനായി ഞാൻ 5 ലക്ഷം രൂപയാണ് ചിലവിട്ടത്. പിന്നെയൊരു 3 ലക്ഷം വായ്പ എടുത്തത് ഇനിയും തിരിച്ചടയ്ക്കാനുണ്ട്.", അദ്ദേഹം പറയുന്നു. ഇടത് കണ്ണ് ഉപയോഗിക്കുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനാൽ ഡ്രൈവിംഗ് ജോലി ഉപേക്ഷിക്കാനും പുതിയ ഒരു വാഹന ഗ്യാരേജ് തുടങ്ങാനുമെല്ലാം രാഘവ് പദ്ധതിയിട്ടിരുന്നതാണ്. "എല്ലാം വെറുതെയായി."

*****

തുടർച്ചയായ വികസന പ്രവർത്തനങ്ങളാണ്, പ്രത്യേകിച്ചും തപോവൻ വിഷ്ണുഗഢ് ജലവൈദ്യുത പദ്ധതിക്കായി നാഷണൽ തെർമൽ പവർ കോർപറേഷൻ (എൻ.ടി.പി.സി) ഈയടുത്ത് തുടങ്ങിയ തുരങ്ക നിർമ്മാണമാണ് ജോഷിമഠിലെ നാശനഷ്ടങ്ങൾക്ക് കാരണമെന്നാണ് പരക്കെ കരുതപ്പെടുന്നത്. നിലവിൽ, ഉത്തരാഖണ്ഡിൽ നാല്പത്തിരണ്ടോളം ജലവൈദ്യുത പദ്ധതികൾ പ്രവർത്തിക്കുന്നുണ്ട്; കൂടുതൽ പദ്ധതികൾക്കായുള്ള കൂടിയാലോചനകൾ നടന്നുവരുന്നുമുണ്ട്. ജലവൈദ്യുതിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആദ്യത്തെ ദുരന്തമല്ല ഇപ്പോൾ ജോഷിമഠിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്.

എൻ.ടി.പി.സിയ്ക്ക് എതിരായി പ്രദേശത്തെ തെഹ്‌സിൽ ഓഫീസിനു മുന്നിൽ നടക്കുന്ന ധർണ്ണയിൽ, പട്ടണത്തിലെ മറ്റു താമസക്കാരെ പോലെ രാഘവും നിത്യവും പങ്കെടുക്കാറുണ്ട്. പ്രതിഷേധത്തിൽ തുടക്കം മുതൽ പങ്കെടുക്കുന്ന അനിതാ ലാംബ പറയുന്നു,"ഞങ്ങളുടെ വീടുകൾ നശിച്ചു കഴിഞ്ഞു, പക്ഷെ ഞങ്ങളുടെ പട്ടണം ആൾതാമസമില്ലാതെ വിജനമാകരുത്." മുപ്പതുകളിലുള്ള ഈ അങ്കണവാടി അധ്യാപിക വീടുകൾ തോറും കയറിയിറങ്ങി "എൻ.ടി.പി.സിയെയും അവരുടെ വിനാശകരമായ പദ്ധതികളെയും ഇവിടെ നിന്ന് മാറ്റാൻ പോരാടണം" എന്ന ആളുകളോട് ആവശ്യപ്പെടുകയാണ്.

PHOTO • Shadab Farooq
PHOTO • Shadab Farooq

ഇടത്: തുരങ്കനിർമ്മാണത്തിനും ഡ്രില്ലിംഗിനുമെതിരെ പട്ടണത്തിലെ ജനങ്ങൾ ധർണ്ണ നടത്തുകയാണ്; ഇത്തരം പ്രവർത്തനങ്ങൾ കാരണമാണ് നിലം താഴുന്നതെന്നാണ് അവരുടെ പക്ഷം. 'ഗോ ബാക്ക് എൻ.ടി.പി.സി' (എൻ.ടി.പി.സി തിരികെ പോകുക) എന്ന് എഴുതിയിട്ടുള്ള ഒരു പോസ്റ്റർ പ്രദേശത്തെ ഒരു ഡെലിവറി ഏജന്റിന്റെ വണ്ടിയിൽ ഒട്ടിച്ചിരിക്കുന്നു. വലത്:  ജോഷിമഠിലെയും പരിസര പ്രദേശത്തെയും സ്ത്രീകൾ ധർണയിൽ പങ്കെടുക്കുന്നു

PHOTO • Shadab Farooq
PHOTO • Shadab Farooq

ഇടത്: ദൈവങ്ങളുടെ ചിത്രങ്ങൾ ഇതുവരെയും എടുത്തുമാറ്റിയിട്ടില്ല; രാഘവ് കസേരയിൽ നിന്നുകൊണ്ട് പ്രാർത്ഥിക്കുന്നു. വലത്: ചുന്യാത്യാർ ഉത്സവത്തിനായി അമ്മ ഗൗരി ചുനി റൊട്ടി ഉണ്ടാക്കുന്നത് നോക്കിയിരിക്കുന്ന അയേഷ

2017ൽ, വാട്ടർ ആൻഡ് എനർജി ഇന്റർനാഷനിൽ പ്രസിദ്ധീകരിച്ച, 'ഹൈഡ്രോപവർ ഡെവലപ്മെന്റ് ഇൻ ഉത്തരാഖണ്ഡ് റീജിയൺ ഓഫ് ഇന്ത്യൻ ഹിമാലയാസ്' എന്ന ലേഖനത്തിൽ സഞ്ചിത് ശരൺ അഗർവാളും എം.എൽ.ഖൻസലും ഉത്തരാഖണ്ഡിലെ ജലവൈദ്യുത പദ്ധതികൾ സൃഷ്ടിക്കുന്ന വിവിധ പാരിസ്ഥിതിക പ്രശ്നങ്ങൾ അക്കമിട്ട് നിരത്തിയിരുന്നു, ഇതിനു പുറമെ, ചാർധാം പദ്ധതിയുടെയും ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബി.ആർ.ഓ ) നിർമ്മിക്കുന്ന ഹെലാങ് ബൈപാസ്സിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ സ്ഥിതിഗതികൾ വഷളാക്കിയിട്ടുണ്ട്.

അതുൽ സാട്ടി എന്ന പരിസ്ഥിതി പ്രവർത്തകൻ ജോഷിമഠിൽ മറ്റൊരു ധർണ്ണയ്ക് തുടക്കമിടുകയുണ്ടായി. ബദ്രിനാഥിലേക്കുള്ള തീർത്ഥാടനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദ്രുതഗതിയിൽ ഹോട്ടലുകളും വാണിജ്യാവശ്യങ്ങൾക്കായുള്ള മറ്റു കെട്ടിടങ്ങളും പണികഴിപ്പിച്ചത് നിലത്തിന് മേൽ വലിയ സമ്മർദ്ദമുണ്ടാക്കിയതായി അദ്ദേഹം പറയുന്നു. ഏറെ പ്രാധാന്യമുള്ള തീർത്ഥാടന കേന്ദ്രമായ ബദ്രിനാഥിലേയ്ക്ക് പോകുന്ന ഭക്തരും പർവ്വതാരോഹണവുമായി ബന്ധപ്പെട്ട വിനോദങ്ങളിൽ ഏർപ്പെടുന്നവരും തങ്ങുന്ന ഒരു ഇടത്താവളമാണ് ജോഷിമഠ് പട്ടണം . 2021ൽ ഈ രണ്ടു പട്ടണങ്ങളിലുമായി 3.5 ലക്ഷം വിനോദ സഞ്ചാരികൾ എത്തിയിരുന്നു- ജോഷിമഠിലെ ജനസംഖ്യയുടെ (2011ലെ സെൻസസ് പ്രകാരമുള്ളത്) പത്തു മടങ്ങ് വരുമിത്.

*****

മൂന്ന് ചന്ദനത്തിരികൾ കൊളുത്തിവച്ച ഒരു സ്റ്റാൻഡ് രാഘവ് കസേരയ്ക്ക് മുകളിൽ വച്ചിട്ടുണ്ട്. ചന്ദനത്തിരിയുടെ മണം ആ മുറിയിലാകെ പരക്കുന്നു.

രാഘവിന്റെ വീട്ടുസാധനങ്ങൾ മിക്കതും കൊണ്ടുപോകാനായി എടുത്തുവച്ചെങ്കിലും ദൈവങ്ങളുടെ ചിത്രങ്ങളും കുട്ടികളുടെ കളിപ്പാട്ടങ്ങളും ഇതുവരെയും മാറ്റിയിട്ടില്ല. വിഷാദവും അപായസൂചനയും തങ്ങിനിൽക്കുന്ന അന്തരീക്ഷത്തിലും ഈ കുടുംബം ചുന്യാത്യാർ ആഘോഷിക്കാനുള്ള തയ്യാറെടുപ്പുമായി മുന്നോട്ട് പോകുകയാണ്. ശൈത്യകാലം കഴിയുന്നത് സൂചിപ്പിക്കുന്ന വിളവെടുപ്പ് ഉത്സവമാണ് ചുന്യാത്യാർ. ആഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കി കഴിക്കുന്ന ഒരു തരം പരന്ന റൊട്ടിയാണ് ചുനി റൊട്ടി.

സന്ധ്യയോടടുത്ത് ഇരുട്ട് വീണുതുടങ്ങവേ, അയേഷ തന്റെ അച്ഛന്റെ മുദ്രാവാക്യം ആവർത്തിച്ചു ചൊല്ലുന്നു:
"ചുനി റൊട്ടി ഖായേംഗേ, ജോഷിമഠ് ബചായേംഗേ [നമ്മൾ ചുനി റൊട്ടി കഴിക്കും; നമ്മൾ ജോഷിമഠിനെ രക്ഷിക്കും."]

ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫോട്ടോഗ്രാഫറും വിഡിയോഗ്രാഫറുമാണ് മനീഷ് ഉണ്യാൽ .

പരിഭാഷ : പ്രതിഭ ആർ. കെ.

Shadab Farooq

Shadab Farooq is an independent journalist based in Delhi and reports from Kashmir, Uttarakhand and Uttar Pradesh. He writes on politics, culture and the environment.

Other stories by Shadab Farooq
Editor : Urvashi Sarkar

Urvashi Sarkar is an independent journalist and a 2016 PARI Fellow.

Other stories by Urvashi Sarkar
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.