27 December Monday

രാഹുല്‍ഗാന്ധിയുടേത് ആര്‍എസ്എസിന് സഹായകരമായ പ്രസ്താവന: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Monday Dec 27, 2021

കോട്ടയം > രാജ്യത്ത് ഭരണഘടനാമൂല്യങ്ങള്‍ നിലനില്‍ക്കണമെങ്കില്‍ സിപിഐ എം ശക്തിപ്പെടണമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞാണ് പാര്‍ടിയിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നത്. ഒരു കാലത്ത് സിപിഐ എമ്മിനെ ശത്രുക്കളായി കണ്ടവര്‍ പാര്‍ടിക്കൊപ്പം നില്‍ക്കുകയാണ് ഇപ്പോള്‍. എല്ലാവര്‍ക്കും സ്വീകാര്യമായ പാര്‍ടിയായി സിപിഐ എം മാറിയിരിക്കുന്നുവെന്നും കോടിയേരി പറഞ്ഞു. സിപിഐ എം കോട്ടയം ജില്ലാകമ്മറ്റി നിര്‍മിച്ച് നല്‍കുന്ന 100 വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കോടിയേരി.

മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്നു എന്ന് അവകാശപ്പെടുന്ന പാര്‍ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പറഞ്ഞത് ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നാണ്. കോണ്‍ഗ്രസിന് സ്വാധീനമുള്ള സ്ഥലങ്ങളില്‍ ബിജെപിക്ക് വളരാനാകും എന്നാണ് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പറഞ്ഞത്. ആര്‍എസ്എസിന് സഹാകരമായ പ്രസ്താവനയാണ് രാഹുല്‍ഗാന്ധിയില്‍ നിന്നുണ്ടായത്.

വര്‍ഗീയതയെ തോല്‍പ്പിക്കണമെങ്കില്‍ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കണം. മൃദുസമീപനം സ്വീകരിച്ചാല്‍ ആര്‍എസ്എസിനെ ഒറ്റപ്പെടുത്താനാകില്ല. മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയുമാണ് ആര്‍എസ്എസ് ശത്രുക്കളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മൂന്ന് വിഭാഗവും ഇല്ലാത്ത ഇന്ത്യയാണ് മോഡിയുടെ ലക്ഷ്യം.

ഇന്ത്യയില്‍ ഏറ്റവുമധികം അക്രമണങ്ങള്‍ക്കിരയായിട്ടുള്ളത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മുസ്ലീങ്ങളാണ്. എന്നാല്‍ സമീപകാലത്ത് ക്രൈസ്തവര്‍ക്കുനേരെയും അക്രമങ്ങള്‍ ശക്തിപ്പെടുന്നു. ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ ആക്രമണം നടക്കുന്നു. ഹരിയാനയിലെ അംബാലയില്‍ ക്രിസ്ത്യന്‍പള്ളിക്കകത്ത് കയറി ക്രിസ്തുവിന്റെ പ്രതിമ തകര്‍ത്തിരിക്കുന്നു. സൈന്യം കാവല്‍നില്‍ക്കുമ്പോഴാണ് ഇത് നടന്നത്. ബംഗളൂരുവിലും ക്രൈസ്തവ ദേവാലയം അടിച്ചുതകര്‍ത്തു. രാജ്യത്ത് വളരുന്ന പുതിയ സ്ഥിതിവിശേഷമാണ് ഇത് കാണിക്കുന്നത്.

കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നയങ്ങള്‍ക്ക് ബദലുണ്ട് എന്ന് തെളിയിച്ച സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. അസാധ്യമെന്ന് കരുതിയവ സാധ്യമാക്കി. സംസ്ഥാനം വികസനക്കുതിപ്പിലേക്ക് നീങ്ങുകയാണ്. നാല് വരിപ്പാത 45 മീറ്റര്‍ വീതിയില്‍ വേണം മുന്‍പ് അഭിപ്രായമുയര്‍ന്നപ്പോള്‍ വലിയ എതിര്‍പ്പായിരുന്നു. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ആ എതിര്‍പ്പില്‍ വലിയ പങ്ക് വഹിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിച്ചു. സിപിഐ എം തീരുമാനിച്ചത് 45 മീറ്റര്‍ വീതില്‍ റോഡ് വേണമെന്നാണ്. അന്നത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെ സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്ത് പാര്‍ടി നിലപാട് വ്യക്തമാക്കി. പദ്ധതിക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് സിപിഐ എം പ്രഖ്യാപിച്ചു. പ്രതിപക്ഷത്തായിരുന്നിട്ടും വികസനത്തിനായി പാര്‍ടി നിലപാടെടുത്തു. പക്ഷേ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഒന്നും ചെയ്യാനായില്ല. എതിര്‍പ്പുകള്‍ക്കുമുന്നില്‍ വിറങ്ങലിച്ചുനിന്ന സര്‍ക്കാരായിരുന്നു യുഡിഎഫിന്റേത്. എന്നാല്‍ ഇന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ തെറ്റായ എതിര്‍പ്പുകളെ കണക്കിലെടുക്കുന്നില്ല. അവയെ അവഗണിച്ച് വികസന പദ്ധതികള്‍ ഏറ്റെടുക്കുകയാണ് ചെയ്യുന്നത്.

ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ യുഡിഎഫ് കാലത്ത് വലിയ എതിര്‍പ്പുകളുണ്ടായി. അന്ന് യുഡിഎഫ് വിളിച്ച യോഗത്തില്‍ പദ്ധതിയുമായി മുന്നോട്ടുപോകണമെന്നാണ് സിപിഐ എം അറിയിച്ചത്. ഭൂമി ഏറ്റെടുക്കുമ്പോഴുണ്ടാകുന്ന പ്രയാസം പരിഹരിക്കാന്‍ സ്ഥലമുടമകളുമായി ചര്‍ച്ച നടത്തണമെന്ന് പാര്‍ടി പറഞ്ഞു. എന്നാല്‍ ആ പദ്ധതിയും യുഡിഎഫിന് നടപ്പാക്കാനായില്ല.
എല്‍ഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ എല്ലാവരുമായി ചര്‍ച്ച നടത്തി. സ്ഥലമുടമകള്‍ക്ക് പണം നല്‍കി. അങ്ങനെ കൊച്ചി- മംഗലാപുരം ഗ്യാസ് പൈപ്പ്‌ലൈന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കി.  

ഓരോ വര്‍ഷവും ഒരുലക്ഷം പേര്‍ക്കെങ്കിലും പുതുതായി വീട് നിര്‍മിച്ച് നല്‍കി ഭവനരഹിതര്‍ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. തൃശൂരില്‍ നടന്ന കഴിഞ്ഞ സിപിഐ എം സംസ്ഥാന സമ്മേളനത്തിലാണ് ഭവനരഹിതരായവര്‍ക്കായി 2000 വീടുകള്‍ നിര്‍മിക്കാന്‍ തീരുമാനമെടുത്തത്. സിപിഐ എം പ്രഖ്യാപിക്കുന്ന കാര്യം നടപ്പാകും എന്ന് ജനങ്ങള്‍ക്ക് ഉറപ്പുണ്ട്. ചില ലോക്കല്‍ കമ്മിറ്റികള്‍ അഞ്ച് വീടുകള്‍ വരെ നിര്‍മിച്ച് നല്‍കി. സിപിഐ എം നിര്‍മിച്ച വീടുകളുടെ കൃത്യമായ കണക്ക് അടുത്ത സംസ്ഥാനസമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്നും കോടിയേരി പറഞ്ഞു.  


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top