ന്യൂഡല്‍ഹി > മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു. കുഷ്ഠരോഗികളെയും അനാഥരെയും ശുശ്രൂഷിക്കാന്‍ മദര്‍ തെരേസ രൂപീകരിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഗുജറാത്ത് ഘടകത്തിനെതിരെ
പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.
സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമോ കേന്ദ്ര സര്‍ക്കാരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. വഡോദരയിലെ മകര്‍പുരയിലെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ഷെല്‍ട്ടര്‍ ഹോമില്‍ മതപരിവര്‍ത്തനം നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പൊലീസ് നേരത്തെ കേസെടുത്തിരുന്നത്. ജില്ലാ സാമൂഹിക പ്രതിരോധ ഓഫീസറായ മയാങ്ക് ത്രിവേദിയുടെ പരാതിയിലാണ് മകര്‍പുര പൊലീസ് കേസെടുത്തത്.
കേന്ദ്രത്തിന്റെ നടപടി തന്നെ ഞെട്ടിച്ചെന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ട്വിറ്ററില്‍ പ്രതികരിച്ചു.
'' ക്രിസ് മസ് ദിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മിഷനറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മിഷനറീസ് ഓഫ് ചാരിറ്റിയുടെ 22,000 രോഗികളും ജീവനക്കാരും ഭക്ഷണവും മരുന്നുകളും ഇല്ലാതെ കഴിയുകയാണ്. കേന്ദ്രത്തിന്റെ ഈ നീക്കം അംഗീകരിക്കാന്‍ സാധിക്കില്ല''- മമത ട്വീറ്റ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..