24 December Friday

ഗുജറാത്തിൽ ചോദ്യപേപ്പർ ചോർത്തി നിയമനപരീക്ഷാത്തട്ടിപ്പ്‌ ; 88,000 പേരെഴുതിയ ഹെഡ്‌ ക്ലർക്ക്‌ 
പരീക്ഷ റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Friday Dec 24, 2021


ന്യൂഡൽഹി
ഗുജറാത്തിൽ ചോദ്യപേപ്പർ ചോർത്തി ഹെഡ്‌ക്ലർക്ക്‌ നിയമനപരീക്ഷ അട്ടിമറിച്ചു. പ്രാഥമികാന്വേഷണത്തിൽ ചോർത്തൽ തെളിഞ്ഞതോടെ പരീക്ഷ റദ്ദാക്കി. മാർച്ചിൽ വീണ്ടും പരീക്ഷ നടത്തുമെന്ന്‌ ആഭ്യന്തര സഹമന്ത്രി ഹർഷ്‌ സാങ്‌വി അറിയിച്ചു.ഡിസംബർ 12നാണ്‌ 188 തസ്‌തികയിലേക്ക്‌ പരീക്ഷ നടന്നത്‌. ഗുജറാത്ത്‌ സബ്‌ ഓർഡിനേറ്റ്‌ സെലക്‌ഷൻ ബോർഡ്‌ (ജിഎസ്‌എസ്‌എസ്‌ബി) സംഘടിപ്പിച്ച പരീക്ഷയിൽ 88,000 ഉദ്യോഗാർഥികൾ ഹാജരായി.

പരീക്ഷയ്‌ക്കുമുമ്പുതന്നെ ചോദ്യപേപ്പർ ചോർന്നതായി ആരോപിച്ച്‌ ആം ആദ്‌മി യുവജനവിഭാഗം നേതാവ്‌ യുവരാജ്‌ സിൻഹ്‌ ജഡേജ രംഗത്തെത്തി. ചില ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ആളുകൾ പരസ്‌പരം കൈമാറിയതിന്റെ തെളിവും പുറത്തുവിട്ടു.ആരോപണങ്ങൾ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട്‌ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. സാബർകന്ത ജില്ലയിൽ 11 പേരെ പ്രതികളാക്കി കേസെടുത്തു. നിരവധി പേരെ അറസ്റ്റ്‌ ചെയ്‌തു. ചോദ്യപേപ്പർ അച്ചടിച്ച പ്രസിലെ മാനേജരുടെ പക്കൽനിന്നാണ്‌ മുഖ്യപ്രതി ജയേഷ്‌പട്ടേൽ പകർപ്പ്‌ സ്വന്തമാക്കിയത്‌. ജയേഷ്‌ പട്ടേൽ 15 ഉദ്യോഗാർഥികൾക്ക്‌ ചോദ്യപേപ്പർ ചോർത്തി നൽകി.

ചോർത്തൽ തുടർക്കഥ
2014ന്‌ ശേഷം ഗുജറാത്തിൽ ചോദ്യപേപ്പർ ചോർത്തിനൽകി നിയമനപരീക്ഷകൾ അട്ടിമറിക്കുന്നത്‌ തുടർക്കഥയാണ്‌. ചോദ്യപേപ്പർ ചോർത്തലും മറ്റ്‌ ക്രമക്കേടുകളും റിപ്പോർട്ട്‌ ചെയ്‌തതിനെത്തുടർന്ന്‌ ഒമ്പത്‌ നിയമനപരീക്ഷ റദ്ദാക്കപ്പെട്ടു. സ്‌കൂൾ അധ്യാപകർ, മുനിസിപ്പാലിറ്റി ചീഫ്‌ ഓഫീസർ, ജില്ലാപഞ്ചായത്ത്‌ ക്ലർക്ക്‌, നഴ്‌സ്‌ പരീക്ഷകൾ മുമ്പ്‌ റദ്ദാക്കിയിട്ടുണ്ട്‌. സർക്കാർ വകുപ്പുകളിലേക്കുള്ള എല്ലാ പരീക്ഷകളുടെയും ചോദ്യപേപ്പറുകൾ ചോർത്തുന്നുണ്ടെന്ന്‌ കോൺഗ്രസ്‌ ആരോപിച്ചു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top