തേഞ്ഞിപ്പലം
കോട്ട തകർക്കാൻ ഇക്കുറിയും ആർക്കും സാധിച്ചില്ല. തുടർച്ചയായി നാലാംതവണയും സംസ്ഥാന ജൂനിയർ അത്‌ലറ്റിക് കിരീടം പാലക്കാടിന് സ്വന്തം. 22 സ്വർണവും 23 വെള്ളിയും 22 വെങ്കലവുമടക്കം 491 പോയിന്റുമായാണ് നേട്ടം. 30 സ്വർണവും 17 വെള്ളിയും 15 വെങ്കലവുമായി എറണാകുളമാണ് (421.5) രണ്ടാമത്. 375.5 പോയിന്റുമായി കോഴിക്കോട് മൂന്നാമതെത്തി. സമ്പാദ്യം 24 സ്വർണം, 16 വെള്ളി, 12 വെങ്കലം. കലിക്കറ്റ് സർവകലാശാലാ സ്‌റ്റേഡിയത്തിൽ അവസാനദിനം ദേശീയ റെക്കോഡിനെക്കാൾ മികച്ച പ്രകടനമുൾപ്പെടെ ആറ് മീറ്റ് റെക്കോഡുകൾ പിറന്നു.
ചാമ്പ്യൻഷിപ്പിലാകെ 21 റെക്കോഡുകൾ. നാലുപേർക്ക് ഇരട്ട റെക്കോഡുണ്ട്. അണ്ടർ 16 ആൺകുട്ടികളുടെ വിഭാഗത്തിൽ ഇരട്ട റെക്കോഡ് സ്ഥാപിച്ച കാസർകോടിന്റെ കെ സി സർവാൻ ശ്രദ്ധപിടിച്ചുപറ്റി. ഡിസ്‌കസ് ത്രോയിൽ 59.25 മീറ്റർ എറിഞ്ഞാണ് പുതിയ ദൂരം കണ്ടെത്തിയത്. ദേശീയ റെക്കോഡിനെക്കാൾ (53.96 മീ.) മികച്ച ദൂരമാണിത്. ഷോട്‌പുട്ടിലും പുതിയ ദൂരം കുറിച്ചു (17.65).
അണ്ടർ 20ൽ മീര ഷിബു (ലോങ്ജമ്പ്, ട്രിപ്പിൾജമ്പ്), അണ്ടർ 18ൽ അഖില രാജു (ഷോട്‌പുട്ട്, ഡിസ്‌കസ് ത്രോ), അണ്ടർ 16ൽ മുബസീന മുഹമ്മദ് (ലോങ്‌ജമ്പ്, ഹെക്സാത്ത്‌ലൺ) എന്നിവരും മീറ്റിൽ ഇരട്ട റെക്കോഡിട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..