24 December Friday

മദ്യപിച്ച്‌ വാഹനാപകടം; തിരുവനന്തപുരത്ത്‌ കൊലക്കേസ്‌ പ്രതിയടക്കമുള്ള ഗുണ്ടകൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Dec 24, 2021

അപകടത്തിൽപ്പെട്ട വാഹനം 
മ്യൂസിയം പൊലീസ് സ്റ്റേഷനിൽ

തിരുവനന്തപുരം > അമിത മദ്യലഹരിയിൽ ഗുണ്ടകൾ ഓടിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. വ്യാഴാഴ്‌ച രാത്രി ഒമ്പതോടെ പിഎംജിയിലാണ്‌ സംഭവം. നിരവധി മോഷണക്കേസുകളിൽ പ്രതിയായ വർക്കല ഷാജി (ഫാന്റം പൈലി),  കൊലക്കേസ് പ്രതിയായ ആറ്റിങ്ങൽ സ്വദേശി രതീഷ് ( കണ്ണപ്പൻ രതീഷ്), കാട്ടാക്കട സ്വദേശി അജയ്, വർക്കല ഉമ്മർ, കല്ലറ സ്വദേശി അഖിൽ എന്നിവർ സഞ്ചരിച്ച ഒമ്‌നി വാനാണ്‌ അപകടത്തിൽപ്പെട്ടത്. 14വയസ്സുകാരനും വാഹനത്തിൽ ഉണ്ടായിരുന്നു.
 
വാഹനം പോസ്റ്റിൽ ഇടിക്കുകയായിരുന്നു. മറ്റു വാഹനങ്ങളിലും ഉരസി. അപകടത്തെ തുടർന്ന് മറ്റുയാത്രക്കാർ 
ഓടിക്കൂടിയെങ്കിലും മദ്യലഹരിയിലായിരുന്ന ഗുണ്ടകൾ ഇവരെ ആക്രമിച്ചു.  പൊലീസ് എത്തി രംഗം ശാന്താമാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഷാജിയെയും രതീഷിനെയും മ്യൂസിയം എസ് ഐ ഷിജുകുമാർ തിരിച്ചറിഞ്ഞത്. തുടർന്ന് ഇവരെ കസ്റ്റഡിയിലെടുത്ത്‌ വൈദ്യപരിശോധനയ്‌ക്ക് വിധേയരാക്കി.
 
വാഹനത്തിൽനിന്ന്‌ ഒരു പൊതി കഞ്ചാവും മദ്യക്കുപ്പികളും പതിനായിരത്തോളം രൂപയും പിടിച്ചെടുത്തതായി പൊലീസ്‌ പറഞ്ഞു. എസ്‌ഐമാരായ ജിജുമോൻ, സംഗീത്‌ എന്നിവരും അറസ്‌റ്റിന്‌ നേതൃത്വം നൽകി. പള്ളിക്കലിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ കഴിഞ്ഞ സെപ്തംബറിൽ ഷാജിയെയും രതീഷിനെയും പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
Top