തിരുവനന്തപുരം
വർഗീയത ആളിക്കത്തിച്ച് ഏതുസമയത്തും കലാപവും കൊലപാതകങ്ങളും നടത്താൻ സജ്ജരായി ആർഎസ്‌എസിനും എസ്‌ഡിപിഐക്കും കേരളത്തിൽ 1364 ‘ചാവേറുകൾ' ഉണ്ടെന്ന് സംസ്ഥാന പൊലീസ് രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ട്. വർഗീയ ഗുണ്ടകളെന്ന് റിപ്പോർട്ടിൽ വിശേഷിപ്പിക്കുന്ന ഇവരിൽ 699 പേർ എസ്‌ഡിപിഐക്കാരും 665 പേർ ആർഎസ്‌എസുകാരുമാണ്. ഇതിൽ എസ്‌ഡിപിഐയിലെ 199 ഉം ആർഎസ്‌എസിലെ 140 ഉം പേർ എത്ര ഹീനമായ കുറ്റകൃത്യം ചെയ്യാനും സദാ സജ്ജരായ അപകടകാ രികളാണ്. ഇവരെ പൊലീസ് കർശന നിരീക്ഷണത്തിലാക്കി.
പ്രവർത്തനരീതി, കുടുംബപശ്ചാത്തലം, ജോലി, മുൻ കേസ് വിവരം ഉൾപ്പെടെ പഞ്ചായത്ത് അടിസ്ഥാനത്തിലാണ് ഇവരുടെ പട്ടിക. 18 വയസ്സ് തികയാത്തവരും പട്ടികയിലുണ്ട്.
എസ്‌ഡിപിഐ ഗുണ്ടകൾ കൂടുതൽ എറണാകുളം റൂറൽ, കണ്ണൂർ, തിരുവനന്തപുരം റൂറൽ, കോഴിക്കോട് റൂറൽ എന്നിവിടങ്ങളിലാണ്. തൃശൂർ, കണ്ണൂർ, കോട്ടയം, കൊല്ലം, മലപ്പുറം ജില്ലകളിലാണ് ആർഎസ്‌എസ് ഗുണ്ടകൾ കൂടുതൽ. മതത്തിന്റെ അടിസ്ഥാനത്തിൽ സംഘടിക്കുന്ന ഇവർ എതിർക്കുന്നവരെ ആക്രമിക്കുന്നവരാണെന്ന് റിപ്പോർട്ടിലുണ്ട്.
ആർഎസ്‌എസ് പട്ടിക നേരത്തേ രഹസ്യാന്വേഷ ണ വിഭാഗത്തിന്റെ കൈയിലുണ്ട്. മൂന്നുമാസം കൂടുമ്പോൾ ഇവ പുതുക്കും. എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിനുശേഷമാണ് എസ്‌ഡിപിഐക്കാരുടെ പട്ടിക തയ്യാറാക്കിയത്. ആർഎസ്‌എസ് ശാഖകളിലൂടെയും എസ്‌ഡിപിഐ പരിശീലനകേന്ദ്രങ്ങളിലൂടെയുമാണ് ഇവരെ പരിശീലിപ്പിക്കുന്നത്. ചില ക്ഷേത്രങ്ങളും ആർഎസ്‌എസ് ഉപയോഗിക്കുന്നു. ബാബ്‌റി മസ്‌ജിദ് ദിനത്തിന്റെ മറവിൽ കുട്ടികളെക്കൊണ്ട് എസ്‌ഡിപിഐ പ്രതിജ്ഞ എടുപ്പിച്ചത് വർഗീയ വിഭജനത്തിനാണെന്നും റിപ്പോർട്ട് പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..