മൂലമറ്റം > വൈദ്യുതി കുടിശ്ശിക അടയ്‌ക്കാത്തതോടെ മുട്ടത്തെ മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി(എംവിഐപി) ഓഫീസിന്റെയും നാല് അനുബന്ധ സ്ഥാപനങ്ങളുടെയും വൈദ്യുതിബന്ധം കെഎസ്ഇബി വിഛേദിച്ചു. വൈദ്യുതി നിലച്ചതോടെ, മലങ്കര അണക്കെട്ടിലെ വെള്ളത്തിന്റെ തോത് നിയന്ത്രിക്കുന്ന ജോലിയടക്കം തടസ്സപ്പെട്ടതായി എംവിഐപി അധികൃതർ പറഞ്ഞു.
ചൊവ്വ പകൽ 11ന് കെഎസ്ഇബി തൊടുപുഴ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ, അസിസ്റ്റന്റ് എൻജിനിയർ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തിയാണ് വൈദ്യുതിബന്ധം വിഛേദിച്ചത്. എംവിഐപി എഇ സബ് ഡിവിഷൻ നമ്പർ/1, മുട്ടം ഓഫീസ്, ഐബി ഓഫീസ് കെട്ടിടം, പൊലീസ് ഗാർഡ് സെക്ഷൻ ഓഫീസ്, എംവിഐപി ക്വാർട്ടേഴ്സ്, മലങ്കര അണക്കെട്ടിലെ വെള്ളത്തിന്റെ തോത് ക്രമീകരിക്കുന്ന സെക്ഷൻ എന്നിവിടങ്ങളിലേക്കുള്ള വൈദ്യുതി ഇതോടെ നിലച്ചു.
2018 മാർച്ചിൽ ബില്ല് അടച്ചെങ്കിലും 2017 മുതലുള്ള ബിൽ തുകയാണ് ഇപ്പോൾ കുടിശ്ശികയായത്. നാലുവർഷത്തെ ബില്ല് പ്രകാരം കുടിശ്ശിക ഉൾപ്പെടെ 27,84,942 രൂപ എംവിഐപി അടയ്‌ക്കാനുണ്ട്. മലങ്കര അണക്കെട്ടിനോട് ചേർന്ന് എംവിഐപിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ പ്രവർത്തിക്കുന്ന മലങ്കര ചെറുകിട വൈദ്യുതി പദ്ധതിയുടെ പാട്ടക്കുടിശ്ശിക വർഷങ്ങളായി എംവിഐപിക്ക് കെഎസ്ഇബി നൽകാനുണ്ട്. ഇക്കാരണത്താലാണ് വൈദ്യുതബില്ല് അടയ്‌ക്കാത്തതെന്ന് എംവിഐപി അധികൃതർ പറയുന്നു. എന്നാൽ, പാട്ടത്തുക 29,531 രൂപ മാത്രമാണെന്നും ഇത് കിഴിച്ചിട്ടുള്ള ബാക്കി തുക അടയ്‌ക്കാൻ എംവിഐപി തയ്യാറായില്ലെന്നും കെഎസ്ഇബി അധികൃതരും പറയുന്നു.
കെഎസ്ഇബിക്ക് നൽകാനുള്ള വൈദ്യുതി കുടിശ്ശിക, പാട്ടക്കുടിശ്ശികയിൽ ക്രമീകരിച്ച് നൽകാൻ സർക്കാർ ഉത്തരവുണ്ട്. ഇതു പരിഗണിക്കാതെയാണ് അഞ്ച് സ്ഥാപനങ്ങളുടെ വൈദ്യുതിബന്ധം വിഛേദിച്ചതത്രെ. പണം തിരിച്ചടക്കാൻ എംവിഐപി അധികൃതർ സാവകാശം തേടിയതോടെ വൈകിട്ടോടെ വൈദ്യുതി പുനസ്ഥാപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..