കോട്ടയം > പ്രവർത്തനം പുനരാരംഭിച്ച കോട്ടയം ടെക്‌സ്‌റ്റൈൽസ് വ്യവസായമന്ത്രി പി രാജീവ് സന്ദർശിച്ചു. രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ അലവൻസ് 90 ൽ നിന്ന് 150 രൂപയാക്കി ഉയർത്തുമെന്ന് തൊഴിലാളികളെ അറിയിച്ചതായി മന്ത്രി ഫെയ്‌സ്‌ബുക്കിൽ കുറിപ്പിൽ പറഞ്ഞു. പ്രവർത്തനം പുനരാരംഭിച്ചതിന് ശേഷമുള്ള ആദ്യ ലോഡ് മന്ത്രി ഫ്ളാഗ് ഓഫ് ചെയ്‌തു.
2020 ഫെബ്രുവരി ഏഴിനാണ് കോട്ടയം ടെക്‌സ്‌റ്റൈൽസിന്റെ പ്രവർത്തനം നിലച്ചത്. സഹകരണമന്ത്രി വി എന്‍ വാസവന്റെ സാന്നിധ്യത്തിൽ, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ എന്നിവർ യോഗം ചേർന്ന് സ്ഥാപനം വീണ്ടും തുറക്കാൻ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ 15 മുതലാണ് പ്രവർത്തനം പുനരാരംഭിച്ചത്.
മൂന്ന് ഷിഫ്റ്റിൽ പൂര്‍ണതോതില്‍ പ്രവര്‍ത്തനം സാധ്യമാക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ 1.5 കോടി രൂപ മില്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ അനുവദിച്ചിരുന്നു. പൂര്‍ണമായി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഷിഫ്റ്റുകളുടെ സമയക്രമവും തീരുമാനിച്ചാണ് ഇപ്പോൾ പ്രവർത്തനം നടക്കുന്നതെന്നും മന്ത്രി ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..