കൊല്ലം > കൊല്ലത്ത് കെ‐റെയിലിന്റെ അലൈൻമെന്റിനായി കല്ലിടാൻ വീട് പൊലീസ് ചവിട്ടിപ്പൊളിച്ചതായുള്ള മാധ്യമ പ്രചാരണം വ്യാജം. കൊട്ടിയം തഴുത്തല വഞ്ചിമുക്ക് കാർത്തികയിൽ സിന്ധുവിന്റെ വീട് പൊലീസും കെ‐റയിൽ ഉദ്യോഗസ്ഥരും ചേർന്ന് ചവിട്ടി പൊളിച്ചെന്നാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പരക്കുന്ന പ്രചാരണം. എന്നാൽ ഇത് വാസ്‌തവ വിരുദ്ധമാണെന്ന് കണ്ണനല്ലൂർ ഇൻസ്‌പെക്‌ടർ യു പി വിപിൻകുമാർ പറഞ്ഞു.
തിങ്കളാഴ്‌ച പകൽ 1.30നാണ് സംഭവം. പകൽ 11ന് ഇവരുടെ വീടിന്റെ അടുക്കളക്ക് പുറത്ത് കണ്ണനല്ലൂർ, കൊട്ടിയം പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കെ റെയിൽ ഉദ്യോഗസ്ഥർ കല്ലിട്ടു. തുടർന്ന് സമീപ വീടായ വിളയിൽ വീട്ടിൽ ജയകുമാറിന്റെ വീട്ടുമുറ്റത്ത് കല്ലിടാനായി നീങ്ങി. ഇവിടെ എത്തിയപ്പോൾ ജയകുമാറും ഭാര്യയും മകളും ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ഇത് പൊലീസ് നേതൃത്വത്തിൽ തടഞ്ഞു. കലക്‌ടറുടെ നിർദേശം അനുസരിച്ച് സ്ഥലത്തെത്തിയ ഡപ്യൂട്ടി കലക്‌ടർ റോയികുമാർ, തഹസീൽദാർ അനിൽ എബ്രഹാം എന്നിവർ വീട്ടുകാരുമായും മറ്റ് കെ റെയിൽ വിരുദ്ധ സമിതി പ്രവർത്തകരുമായി ചർച്ച നടത്തി കുടുംബത്തെ അനുനയിപ്പിച്ചു.
വിട്ടുകൊടുക്കുന്ന ഭൂമിക്കും കെട്ടിടത്തിനും നഷ്‌ടപരിഹാരം ഉറപ്പാണെന്നും മറിച്ചുള്ള പ്രചാരണം വ്യാജമാണെന്നും ഡപ്യൂട്ടി കലക്‌ടർ വ്യക്തമാക്കി. ഇതിനിടെ അവിടെ ഉണ്ടായിരുന്ന സിന്ധു റോഡിന് എതിർവശത്തുള്ള വീട്ടിലേക്ക് മകളെ വലിച്ചിഴച്ച് കൊണ്ട് ഓടി കതക് അടച്ചു. പിന്നാലെ ഓടിയെത്തിയ നാട്ടുകാർ മുൻവശത്തെ കതക് ചിവിട്ടി തുറക്കാൻ ശ്രമിച്ചു. തുറന്നുകിടക്കുകയായിരുന്ന വീടിന്റെ പിൻ ഭാഗത്തെ വാതിലിലൂടെ അകത്തുകടന്ന പൊലീസ് ഇരുവരെയും അനുനയിപ്പിച്ചു പുറത്തുകൊണ്ടുവന്നു പ്രശ്‌നം പരിഹരിക്കുകയായിരുന്നു. മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും വിപിൻകുമാർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..