20 December Monday

ഷാൻ കൊല്ലപ്പെട്ടതിന്‌ പിന്നാലെ വയലാർ നന്ദു വധക്കേസ്‌ പ്രതികളുടെ വീടുകളിലും ആക്രമണം; ആർഎസ്‌എസ്‌ ആസൂത്രണം വ്യക്തം

സ്വന്തം ലേഖകൻUpdated: Monday Dec 20, 2021

രഞ്ജിത്ത്‌ ശ്രീനിവാസ്‌, കെ എസ് ഷാൻ

ആലപ്പുഴ > മണ്ണഞ്ചേരിയിൽ എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ്‌ ഷാൻ കൊല്ലപ്പെട്ടതിന്‌ പിന്നാലെ വയലാറിലും പ്രവർത്തകരുടെ വീടുകൾക്കുനേരെ ആക്രമണം നടന്നു. മൂന്ന്‌ എസ്‌ഡിപിഐക്കാരുടെ  വീടിനുനേരെയാണ്‌ ആക്രമണമുണ്ടായത്‌. ആക്രമണത്തിന്‌ ഇരയായവരിൽ രണ്ടുപേർ ആർഎസ്‌എസ്‌ പ്രവർത്തകൻ നന്ദു വധക്കേസ്‌ പ്രതികളാണ്‌. കൊലപാതകത്തിൽ ആർഎസ്‌എസിന്റെ ആസൂത്രമാണ്‌ ആക്രമണങ്ങളിലൂടെ വ്യക്തമാകുന്നത്‌.
 
കഴിഞ്ഞ ഫെബ്രുവരി 24ന്‌ വയലാറിൽ ആർഎസ്‌എസും - എസ്‌ഡിപിഐയും തെരുവിൽ ഏറ്റുമുട്ടിയതാണ്‌ ഈ സംഘടനകൾ ഇതിനുമുമ്പ്‌ നേർക്കുനേർ നിന്ന അവസാന സംഭംവം. അന്ന്‌  ആർഎസ്‌എസ്‌ മുഖ്യശിക്ഷക്‌ നന്ദുകൃഷ്‌ണ വെട്ടേറ്റ്‌ മരിച്ചു. മറ്റൊരു ആർഎസ്‌എസ്‌ പ്രവർത്തകന്റെ കൈയ്യറ്റു. ഇതിന്റെ പ്രതികാരമെന്നോണം വിവിധ പ്രദേശങ്ങളിൽ ഈ സംഘടനകൾ തമ്മിൽ ഏറ്റുമുട്ടി. എന്നാൽ ഈ വൈരം കൊലപാതകത്തിൽ കലാശിക്കുന്നത്‌ ഇപ്പോളാണ്‌.
 
അക്രമവും മാഫിയാ പ്രവർത്തനവും നടത്തി നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന ആർഎസ്‌എസും എസ്‌ഡിപിഐയും രണ്ടു നേതാക്കളെ കൊലപ്പെടുത്തിയത്‌ 12 മണിക്കൂറിനകമാണ്‌. ആലപ്പുഴ നഗരത്തിനും പുറത്തുമായി 10 കിലോമീറ്റർ പരിധിയിലാണ്‌  കൊലപാതകം. കൊല്ലപ്പെട്ട ഇരുവരും രണ്ടു സംഘടനകളുടെയും സംസ്ഥാന നേതാക്കളും അഭിഭാഷകരും.
 
ആലപ്പുഴ നഗരത്തിനു വടക്ക്‌ മണ്ണഞ്ചേരിയിൽ എസ്‌ഡിപിഐ സംസ്ഥാനസെക്രട്ടറി കെ എസ് ഷാനെ ആർഎസ്‌എസുകാർ കൊലപ്പെടുത്തിയത്‌ ശനിയാഴ്‌ച രാത്രി 7.30ന്‌. മണ്ണഞ്ചേരിയിൽ നിന്ന്‌ വസ്‌ത്രങ്ങൾ വാങ്ങി മടങ്ങവെയാണ്‌ ഷാൻ സഞ്ചരിച്ച ബൈക്കിൽ കാറിടിപ്പിച്ചു വീഴ്‌ത്തിയശേഷം വെട്ടിക്കൊല്ലുകയായിരുന്നു. 10 മണിക്കൂറിനകം ഞായറാഴ്‌ച പുലർച്ചെ അഞ്ചിനു ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത്‌ ശ്രീനിവാസനെ ആലപ്പുഴ നഗരത്തിലെ വെള്ളക്കിണറിലെ വീട്ടിൽക്കയറിയാണ്‌ എസ്‌ഡിപിഐക്കാർ വെട്ടിക്കൊലപ്പെടുത്തിയത്‌.
 
ശനിയാഴ്‌ച മുല്ലയ്ക്കൽ ചിറപ്പിന്‌ കുടംബസമേതം പോയ രഞ്ജിത്ത്‌ വൈകിയാണ്‌ ഉറങ്ങിയത്‌. ഞായറാഴ്ച പുലർച്ചെ മകൾ ട്യൂഷനുപോയ ശേഷം വാതിൽ അടച്ചിരുന്നില്ല. ഇരച്ചെത്തിയ അക്രമികൾ അകത്തു കയറി പാറപൊട്ടിക്കുന്ന കൂടത്തിന്‌ ടീപ്പോയിൽ അടിച്ചു. ശബ്‌ദം കേട്ട്‌ ഉണർന്ന രഞ്ജിത്ത്‌ കിടപ്പുമുറിയിൽനിന്ന്‌ പുറത്തേക്കുവന്നു. കൂടത്തിന്‌ തലയ്ക്കടിച്ചു വീഴ്‌ത്തിയ രഞ്ജിത്തിനെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
Top