നെടുങ്കണ്ടം > വിവാഹവാഗ്‌ദാനം നൽകി ഇരുപതിലധികം പെൺകുട്ടികളെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. തൂക്കുപാലം ബ്ലോക്ക് നമ്പർ 401 കല്ലുപറമ്പിൽ ആരോമൽ (22) ആണ് പൊലീസ് പിടിയിലായത്. സമൂഹമാധ്യമങ്ങൾ വഴിയും നേരിട്ടും പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയും ചാറ്റ് ചെയ്‌തും ബന്ധം വളർത്തിയായിരുന്നു പരിചയപ്പെടൽ.
ഫോൺ നമ്പർ വാങ്ങി രാത്രികാലങ്ങളിൽ വീഡിയോ കോൾ വിളിച്ച് നഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്‌തു. പിന്നീട് ഇതുപയോഗിച്ച് പെൺകുട്ടികളെ പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പീഡനത്തിനിരയായ പെൺകുട്ടികളിൽ ഒരാൾ നൽകിയ പരാതിയെത്തുടർന്നാണ് അറസ്റ്റ്.
ഇടുക്കി എസ്‌പി ആർ കറുപ്പസാമിയുടെ നിർദേശപ്രകാരം കട്ടപ്പന ഡിവൈഎസ്‌പി വി എ നിഷാദ്‌മോൻ, നെടുങ്കണ്ടം സിഐ വി എസ് ബിനു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പ്രതിയുടെ ഫോണിൽ നിരവധി പെൺകുട്ടികളുമായുള്ള സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും പൊലീസ് കണ്ടെത്തി. ദൃശ്യങ്ങളും മറ്റും ഷെയർ ചെയ്‌തിട്ടുണ്ടാകാം എന്നതിനാൽ പ്രതിയുടെ സുഹൃത്തുക്കളും പൊലീസ് നിരീക്ഷണത്തിലാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..