12 December Sunday

ബിജെപി പുനഃസംഘടന: സുരേന്ദ്രനെ വിമർശിച്ച്‌ വീണ്ടും 
ബിജെപി മുൻവക്താവ്‌

പ്രത്യേക ലേഖകൻUpdated: Sunday Dec 12, 2021

കൊച്ചി > സമൂഹമാധ്യമങ്ങളിൽ കെ സുരേന്ദ്രനെ വിമർശിച്ചതിന്‌ ബിജെപി വക്താവ്‌ സ്ഥാനംപോയ പി ആർ ശിവശങ്കരന്‌ സംസ്ഥാന സമിതി അംഗത്വവും നഷ്‌ടമായി. ഇതോടെ സുരേന്ദ്രനെതിരെ വീണ്ടും ഒളിയമ്പുമായി ശിവശങ്കരൻ രംഗത്തെത്തി. മൂന്നാംതവണയാണ്‌ സ്ഥാനം നഷ്ടമാകുന്നതെന്നും സ്ഥാനമില്ലെങ്കിൽ വിഷമിച്ച്‌ മരിക്കില്ലെന്നും അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. സംസ്ഥാന സമിതിയിൽനിന്ന്‌ ഒഴിവാക്കിയ വാർത്ത സന്തോഷത്തോടെ അറിയിക്കട്ടെ എന്നുപറഞ്ഞാണ്‌ കുറിപ്പ്‌ ആരംഭിക്കുന്നത്‌.

കേന്ദ്ര സർക്കാർ ഡയറക്ടർ പോസ്‌റ്റും വേണ്ട. ഒരു പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽപ്പോലും മത്സരിച്ചില്ലെങ്കിലും സംഘടനാ ഉത്തരവാദിത്വം കിട്ടിയില്ലെങ്കിലും നീതികേടിനെയും അപചയങ്ങളെയും എതിർക്കുമെന്നും കുറിപ്പിൽ പറയുന്നു.

പുതിയ ഭാരവാഹികളെ നിയമിച്ചതിൽ എറണാകുളത്ത്‌ അമർഷം പുകയുകയാണ്‌. ശിവശങ്കരൻ എറണാകുളം കേന്ദ്രമാക്കിയാണ്‌ പ്രവർത്തിച്ചിരുന്നത്‌. സുരേന്ദ്രന്‌ താൽപ്പര്യമില്ലാത്ത സി ജി രാജഗോപാൽ, എൻ പി ശങ്കരൻകുട്ടി എന്നിവർക്കും പുനഃസംഘടനയിൽ പ്രധാന സ്ഥാനങ്ങൾ കിട്ടിയില്ല. മധ്യമേഖലാ പ്രസിഡന്റ്‌, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലുണ്ടായിരുന്ന ഇവരെ സംസ്ഥാന ഭാരവാഹികളാക്കാതെ കമ്മിറ്റിയിൽമാത്രം ഉൾപ്പെടുത്തി. സുരേന്ദ്രൻപക്ഷത്തല്ലാത്തതിനാൽ മുൻ ജില്ലാ പ്രസിഡന്റുമാരായ എം ബി ദിവാകരൻ, ശശിധരൻ, സെക്രട്ടറി സുരേഷ്‌കുമാർ എന്നിവരെ തഴഞ്ഞതിലും പ്രതിഷേധമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top