12 December Sunday

തീവ്രഹിന്ദുത്വം മതനിരപേക്ഷത നേരിടുന്ന വലിയ വെല്ലുവിളി: എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Sunday Dec 12, 2021

പഴയങ്ങാടി > മതനിരപേക്ഷത നേരിടുന്ന വലിയ വെല്ലുവിളി തീവ്രഹിന്ദുത്വ ശക്തികളാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ വിജയരാഘവൻ. സിപിഐ എം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

വിശ്വാസത്തിന്റെ പരിധിവിട്ട് മതത്തെ രാഷ്ട്രീയത്തിന് ഉപയോഗിക്കുകയാണ് വർഗീയ ശക്തികൾ. അന്യമതവിദ്വേഷമുണ്ടാക്കി അധികാരത്തിൽ കയറിയവരാണ് ഇന്ത്യ ഭരിക്കുന്നത്. ബിജെപിയെ പിന്നിൽനിന്ന് നയിക്കുന്നത്‌ ആർഎസ്എസ്സാണ്‌. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ദീർഘകാല പദ്ധതിയും ആർഎസ്‌എസ്സിനുണ്ട്.   

ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനം ഒറ്റവർഷംകൊണ്ട് പാലിച്ചുവെന്നുപറഞ്ഞ മോദി ചെയ്തത്  ജമ്മു കശ്മീരിന്റെ  പ്രത്യേക പദവി എടുത്തുകളഞ്ഞതും രാമക്ഷേത്ര നിർമാണം തുടങ്ങിയതും പൗരത്വ രജിസ്റ്റർ കൊണ്ടുവന്നതുമൊക്കെയാണ്‌. ആർഎസ്എസ് പ്രചാരകനാണ് പ്രധാനമന്ത്രി. രാജ്യത്തെ സുപ്രധാന സ്ഥാനങ്ങളിലെല്ലാം തീവ്രഹിന്ദുത്വവുമായി ബന്ധമുള്ളവരാണ്. 

നെഹ്റുവിനുശേഷമുള്ള കോൺഗ്രസുകാർ അധികാരം നിലനിർത്താൻ മതചിഹ്നങ്ങൾ ഉപയോഗിച്ചു. കോൺഗ്രസ് ഇപ്പോഴും മൃദുഹിന്ദുത്വം തുടരുന്നു. ഇത് സംഘപരിവാറിന്റെ വളർച്ചയ്ക്ക് സഹായമായി. കേരളത്തിൽ വർഗീയശക്തികൾക്ക് മേധാവിത്വമുണ്ടാക്കാൻ കഴിയാത്തത് ഇടതുപക്ഷത്തിന്റെ ദൈനംദിന ഇടപെടൽകൊണ്ടാണ്. നിയമസഭയിൽ ബിജെപിയുടെ ഏക അക്കൗണ്ടും എൽഡിഎഫ്‌ പൂട്ടിച്ചു. ഭരണം നഷ്ടമായതോടെ വലിയ അസ്വസ്ഥതയാണ് മുസ്ലിംലീഗിന്‌. സമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള മുദ്രാവാക്യവുമായി ലീഗ് എത്തുന്നതിന്റെ സൂചനയാണ്‌ കോഴിക്കോട്ട്‌ കണ്ടത്‌.    

ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും ഒരുപോലെ എതിർത്ത് മതനിരപേക്ഷത സംരക്ഷിക്കലാണ് ഇടതുപക്ഷത്തിന്റെയും സിപിഐ എമ്മിന്റെയും ലക്ഷ്യം. മതനിരപേക്ഷത ശക്തിപ്പെടാൻ ഇടതുപക്ഷം ശക്തിപ്പെടുത്തണമെന്നും വിജയരാഘവൻ പറഞ്ഞു. 

എ എൻ ഷംസീർ എംഎൽഎ അധ്യക്ഷനായി. അഡ്വ. പി പി ബഷീർ, എം വി രാജീവൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top