12 December Sunday

വിണ്ണിന്റെ ധീരന് 
പിറന്നമണ്ണിന്റെ വിട

സി എ പ്രേമചന്ദ്രൻUpdated: Sunday Dec 12, 2021

കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറന്റ്‌ ഓഫീസർ എ പ്രദീപിന്റെ മൃതദേഹം പൊന്നൂക്കരയിലെ വീട്ടിലെത്തിച്ചപ്പോൾ. സമീപം അമ്മ കുമാരി, ഭാര്യ ശ്രീലക്ഷ്‌മി, മക്കൾ ദക്ഷ്വിൻദേവ്, ദേവപ്രയാഗ എന്നിവർ | ഫോട്ടോ: ഡിവിറ്റ് പോൾ

തൃശൂർ > നിറഞ്ഞൊഴുകിയ കണ്ണീർപ്പൂക്കൾ, അണിമുറിയാത്ത ദുഃഖത്തിന്റെ നീണ്ട നിരകൾ, സ്വപ്‌നംകണ്ട ആകാശദൂരങ്ങളുടെ പാതിവഴിയിൽ പൊലിഞ്ഞുപോയ പ്രദീപ്‌ ഇനി ദീപ്‌തമായ ഓർമ. ഒരുനാടിന്റെയാകെ സ്‌നേഹാദരങ്ങൾ ഏറ്റുവാങ്ങി തൃശൂർ പൊന്നൂക്കരയിൽ വീട്ടുവളപ്പിലെ ചിതയിൽ പ്രദീപ്‌ എരിഞ്ഞമർന്നു. ഊട്ടി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറന്റ്‌ ഓഫീസർ എ  പ്രദീപിന്റെ മൃതദേഹം ശനി വൈകിട്ട്‌ പൂർണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. കൃത്രിമ  ശ്വാസത്തിന്റെ സഹായത്താൽ കഴിയുന്ന അച്ഛൻ രാധാകൃഷ്‌ണൻ മകനെ അവസാനമായി ഒരു നോക്ക്‌ കണ്ടു. തുടർന്ന്‌ പ്രദീപിന്റെ മകൻ ദക്ഷ്വിൻദേവും സഹോദരൻ പ്രസാദും ചിതയ്‌ക്ക്‌ തീ കൊളുത്തി.

ശനി പകൽ പന്ത്രണ്ടോടെ പ്രദീപിന്റെ  മൃതദേഹം ഡൽഹിയിൽനിന്ന്‌ കോയമ്പത്തൂർ സൂളൂർ വ്യോമസേനാ ആസ്ഥാനത്തെത്തിച്ചു.  അന്തിമോപചാര ചടങ്ങുകൾക്കുശേഷം പുഷ്‌പാലംകൃത വാഹനത്തിൽ  റോഡ്‌ മാർഗം  തൃശൂരിലേക്ക്‌.  കേരള അതിർത്തിയായ വാളയാറിൽ മന്ത്രിമാരായ കെ രാധാകൃഷ്‌ണൻ,  കെ രാജൻ,  കെ കൃഷ്‌ണൻകുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി.  തൃശൂർ അതിർത്തിയിൽ കലക്ടർ ഹരിത വി കുമാർ ഏറ്റുവാങ്ങി. കേന്ദ്ര മന്ത്രി വി മുരളീധരൻ, മന്ത്രി ആർ ബിന്ദു, ടി എൻ പ്രതാപൻ എംപി തുടങ്ങിയവരും അന്ത്യോപചാരമർപ്പിക്കാനെത്തി. 

പുത്തൂർ ഗവ. ഹൈസ്‌കൂൾ  ഹാളിൽ  പൊതുദർശനത്തിന്‌ വച്ചു. മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി കെ രാജനും സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി കെ രാധാകൃഷ്‌ണനും എയർഫോഴ്‌സിനുവേണ്ടി  ഫോഴ്‌സ്‌ മാർഷൽ ബി ഡബ്യു ഉപാധ്യായയും പുഷ്‌പചക്രം സമർപ്പിച്ചു.  സ്‌പീക്കർ എം ബി രാജേഷും വീട്ടി*ലെത്തി.   
മരണത്തിനും തോൽപ്പിക്കാനാവാത്ത പൊന്നൂക്കരക്കാരനെ യാത്രയാക്കാൻ ദേശാന്തരങ്ങൾ കടന്നെത്തിയ ജനസഞ്ചയം കാത്തുനിന്നു.  അവർക്കിടയിലൂടെ പൂക്കളാൽ അലങ്കരിച്ച സൈനിക വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ പ്രദീപ്‌ വീട്ടിലേക്ക്‌ എത്തി.

വീട്ടിൽ അമ്മ കുമാരി, ഭാര്യ ശ്രീലക്ഷ്‌മി, മകൾ ദേവപ്രയാഗ   എന്നിവർ  മൃതദേഹത്തോട്‌ ചേർന്നിരുന്നു. പ്രദീപിന്റെ ഔദ്യോഗിക  യൂണിഫോം വ്യോമസേനാധികൃതർ ഭാര്യക്ക്‌ കൈമാറി. വ്യോമസേനയുടെയും കേരള പൊലീസിന്റെയും ഔദ്യോഗിക ബഹുമതികൾക്കുശേഷം  മൃതദേഹം സംസ്‌കരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top