11 December Saturday

അയോധ്യാവിധി ‘ആഘോഷിച്ചിട്ടില്ല’: രഞ്‌ജൻ ഗൊഗോയ്‌

വെബ് ഡെസ്‌ക്‌Updated: Friday Dec 10, 2021


ന്യൂഡൽഹി
അയോധ്യാവിധിക്കുശേഷം ആഡംബരഹോട്ടലിൽ ഭക്ഷണവും വീഞ്ഞും കഴിച്ചത്‌ ആഘോഷമല്ലെന്ന ന്യായീകരണവുമായി സുപ്രീംകോടതി മുൻ ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌. കഴിഞ്ഞദിവസം പുറത്തിറക്കിയ ആത്മകഥയിൽ അയോധ്യാവിധിക്കുശേഷം താനും വിധി പുറപ്പെടുവിച്ച സഹ ജഡ്‌ജിമാരും ഡൽഹിആഡംബരഹോട്ടലിൽ വൈകിട്ട്‌ ഒത്തുകൂടിയെന്ന് വെളിപ്പെടുത്തിയിരുന്നു.

‘അന്ന്‌ വൈകിട്ട്‌ ഞാനും സഹ ജഡ്‌ജിമാരും താജ്‌മാൻസിങ്‌ ഹോട്ടലിൽ ഡിന്നർ കഴിച്ചു. ഒരു കുപ്പി വീഞ്ഞും കുടിച്ചു. കൂട്ടത്തിൽ ഏറ്റവും മുതിർന്ന ആളായതിനാൽ ഞാൻതന്നെ ബില്ലും കൊടുത്തു’–- എന്നായിരുന്നു ആത്മകഥയിലെ വെളിപ്പെടുത്തൽ. പരാമർശം വിവാദമായതോടെ ന്യായീകരണവുമായി അദ്ദേഹം രംഗത്തെത്തി. ‘ആഘോഷമായിരുന്നില്ല. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി ഭക്ഷണം കഴിക്കുന്നതിൽ എന്താണ്‌ തെറ്റ്‌?’–- ദേശീയ ചാനലിനോട് അദ്ദേഹം ചോദിച്ചു.  കേസിൽ തോറ്റ ഭാഗത്തിന്റെ വികാരം ഉൾക്കൊള്ളാത്ത നടപടിയാണ്‌ ജഡ്‌ജിമാരില്‍ നിന്നുണ്ടായതെന്ന വിമർശവും അദ്ദേഹം തള്ളി. ‘നാലുമാസത്തിലേറെ അധ്വാനിച്ചാണ്‌ വിധി തയ്യാറാക്കിയത്‌. വിധിക്കുശേഷം ഇടവേളയാകാമെന്ന്‌ കരുതി. അനുവദനീയമല്ലാത്ത ഒന്നും ഞങ്ങൾ ചെയ്‌തിട്ടില്ല’–- അദ്ദേഹം വിശദീകരിച്ചു.

ചീഫ്‌ ജസ്റ്റിസ്‌ സ്ഥാനത്തുനിന്ന്‌ വിരമിച്ചശേഷം രഞ്‌ജൻ ഗൊഗോയിയെ കേന്ദ്രസർക്കാർ രാജ്യസഭയിലേക്ക്‌ നാമനിർദേശം ചെയ്‌തത് പ്രത്യുപകാര നടപടിയായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top