തിരുവനന്തപുരം
അർധ അതിവേഗ റെയിൽപ്പാതയ്ക്കുവേണ്ടി ഏറ്റെടുക്കുന്ന റെയിൽവേഭൂമിയിൽ അതിരടയാളക്കല്ലുകൾ സ്ഥാപിക്കാൻ തീരുമാനം. ഇതിന്റെ മുന്നോടിയായി റെയിൽവേ അധികൃതരും കെ-–- റെയിൽ അധികൃതരും അലൈൻമെന്റിൽ സംയുക്ത പരിശോധന നടത്തും. റെയിൽവേ ബോർഡ് ചെയർമാൻ സുനീത് ശർമയുടെ സാന്നിധ്യത്തിൽ തിങ്കളാഴ്‌ച ചേർന്ന ഓൺലൈൻ ചർച്ചയിലാണ് തീരുമാനം.
കെ–- റെയിൽ ചെയർമാൻകൂടിയായ ചീഫ് സെക്രട്ടറി വി പി ജോയ്, ട്രാൻസ്‌പോർട്ട് പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ, കെ–- റെയിൽ എംഡി വി അജിത് കുമാർ, സതേൺ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
റെയിൽവേയുടെ ഉടമസ്ഥതയിലുള്ള 185 ഹെക്ടറാണ് സിൽവർലൈനുവേണ്ടി ഏറ്റെടുക്കേണ്ടത്. ഇത് പദ്ധതിയിലുള്ള റെയിൽവേയുടെ വിഹിതമായാണ് കണക്കാക്കുക. 63,941 കോടി രൂപയുടെ പ്രോജക്ടാണ് സിൽവർലൈൻ. ഇതിൽ 2150 കോടി രൂപയാണ് കേന്ദ്രവിഹിതം. റെയിൽവേയുടെ 185 ഹെക്ടർ ഭൂമി 975 കോടി മതിപ്പുവിലയുള്ളതാണ്. ബാക്കി തുക സംസ്ഥാനം കണ്ടെത്തും.
ഭൂമി ഏറ്റെടുക്കുന്നതിന് 13,362 കോടി വേണ്ടി വരും. ഇത് ഹഡ്‌കോയും കിഫ്ബിയും സംസ്ഥാന സർക്കാരും ചേർന്ന് വഹിക്കും. ബാക്കിയുള്ള തുക റെയിൽവേ, സംസ്ഥാന സർക്കാർ, പബ്ലിക് എന്നിങ്ങനെ ഓഹരി വഴിയും കണ്ടെത്തും.
നിലവിൽ കേന്ദ്ര ധനമന്ത്രാലയം ഭൂമി ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ട് പോകാൻ അനുമതി നൽകിയിട്ടുണ്ട്. സിൽവർലൈൻ കടന്നുപോകുന്ന ഇടങ്ങളിലെ സാമൂഹ്യ ആഘാതപഠനത്തിന് ടെൻഡർ ക്ഷണിച്ചു. സ്വകാര്യ ഭൂമികളിൽ അതിരടയാളക്കല്ലുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി ഏഴ് ജില്ലയിൽ പുരോഗമിക്കുകയാണ്.
നഷ്ടപരിഹാരം
ഏറ്റെടുക്കുന്ന ഭൂമിക്ക് ഗ്രാമങ്ങളിൽ വിപണിവിലയുടെ നാലിരട്ടിയും നഗരങ്ങളിൽ രണ്ടര ഇരട്ടിയും നഷ്ടപരിഹാരം നൽകും. ഒരു ഹെക്ടറിന് ഒമ്പതുകോടിയാണ് നഷ്ടപരിഹാരം.
9314 കെട്ടിടമാണ് പൊളിക്കേണ്ടത്. ഇതിന് 4460 കോടി നഷ്ടപരിഹാരം നൽകും. പുനരധിവാസത്തിന് 1735 കോടി നീക്കിവച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..