05 December Sunday

നഗരയാത്രയ്‌ക്ക്‌ ലോഫ്ലോർ സിറ്റി സർക്കുലർ

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021

കൊച്ചി> നഗരത്തിലെ പൊതുഗതാഗതത്തിന്‌ കുതിപ്പേകാൻ കെഎസ്‌ആർടിസിയുടെ ലോ ഫ്ലോർ സിറ്റി സർക്കുലർ സർവീസുകൾ ഒരുങ്ങുന്നു. 24 മുതൽ 32 വരെ സീറ്റുകളുള്ള ബസുകളാണ്‌  നഗരത്തിലെ ചെറുവഴികളിലടക്കം സർവീസ്‌ നടത്തുക. മെട്രോ സ്റ്റേഷനുകൾ, ഹൈക്കോടതി, കലക്ടറേറ്റ്‌, പ്രധാന സർക്കാർ ഓഫീസുകൾ, സ്ഥാപനങ്ങൾ എന്നിവ ബന്ധിപ്പിച്ചായിരിക്കും സർവീസ്‌.

ആലുവ–-ഫോർട്ട്‌ കൊച്ചി, അരൂർ–-വൈപ്പിൻ–- ആലുവ, വൈറ്റില–-തോപ്പുംപടി, വൈറ്റില–-വൈറ്റില എന്നിവിടങ്ങളിലേക്ക്‌ സർവീസ്‌ നടത്താനാണ്  ലക്ഷ്യമിടുന്നത്‌.  ആദ്യം 50 ബസുകളാണ്‌ ഉപയോഗിക്കുക.

തിരുവനന്തപുരത്ത്‌ നടപ്പാക്കിയ മാതൃകയിലാകും സിറ്റി സർക്കുലർ സർവീസ്‌. നിശ്‌ചിത തുക അടച്ചാൽ ദിവസത്തിൽ എത്രതവണ വേണമെങ്കിലും ഈ ബസുകളിൽ യാത്ര ചെയ്യാം. നീളം കുറഞ്ഞ ബസുകളായതിനാൽ  ചെറിയ വഴികളിലൂടെയും സർവീസ്‌ നടത്താം. വലിയ വാതിലുകളായതിനാൽ യാത്രക്കാർക്ക്‌ അനായാസമായി കയറാം. സിറ്റിയിലെ സ്റ്റോപ്പുകൾ പഠനം നടത്തിയശേഷം തീരുമാനിക്കും. സർക്കുലർ ബസുകൾക്ക്‌ പ്രത്യേക നിറങ്ങളുണ്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top