കൊഹിമ > നാഗാലാൻഡിലെ മോൺ ജില്ലയിൽ സുരക്ഷാസേനയുടെ വെടിയേറ്റ് 13 ഗ്രാമീണർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ രണ്ട് പേരെ കാണാതായതായും 11 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.
മോൺ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തിൽ സുരക്ഷാസേന നടത്തിയ ദൗത്യത്തിനിടയിലാണ് ദാരുണമായ സംഭവം. ശനിയാഴ്‌ച വൈകിട്ട് കല്‍ക്കരി ഖനിയില്‍ ദിവസ വേതനത്തിന് ജോലി ചെയ്യുന്ന ഗ്രാമീണർ പിക്കപ്പ് ട്രക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോൾ തീവ്രവാദികളാണെന്ന് കരുതി സുരക്ഷാസേന വെടിവയ്‌ക്കുകയായിരുന്നു. മരിച്ചവര്‍ കൊന്യാക് ഗോത്ര വര്‍ഗത്തില്‍പ്പെട്ടവരാണ്.
ശനിയാഴ്‌ച വൈകിട്ട് ആറ് പേരും ഞായറാഴ്‌ച രാവിലെ ഏഴ് പേരും മരിച്ചതായി കൊന്യാക് ഗോത്ര നേതാക്കള്‍ വ്യക്തമാക്കി. കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്നും ഗോത്ര നേതാക്കള്‍ ആവശ്യപ്പെട്ടു.
രോഷാകുലരായ നാട്ടുകാർ സുരക്ഷാസേനയെ വളയുകയും നിരവധി വാഹനങ്ങൾക്ക് തീയിടുകയും ചെയ്‌തു. ജനക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടാൻ സൈന്യം വെടിയുതിർത്തതായും നിരവധി ഗ്രാമീണർക്ക് പരിക്കേറ്റതായും സംഭവത്തിൽ ഒരു സൈനികനും കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
സാധാരണക്കാരുടെ കൊലപാതകം നിർഭാഗ്യകരമെന്നു മുഖ്യമന്ത്രി നെഫ്യൂ റിയോ പറഞ്ഞു. ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും സംഭവത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതികരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..