ആലപ്പുഴ > സഞ്ചാരികൾക്കായി ആലപ്പുഴയിൽ നാല് മാസത്തിനിടെ 10 കോടിയിലേറെ രൂപയുടെ പദ്ധതികൾ പൂർത്തിയാകും.
തൈക്കാട്ടുശേരി പാലത്തിന് സമീപം വേസൈഡ് അമിനിറ്റി സെന്റർ, ചുങ്കം ചക്കരപുരയ്‌ക്കൽ -കായൽച്ചിറ നടപ്പാത വികസനം, പുന്നമട സ്‌റ്റാർട്ടിങ് പോയിന്റ് നടപ്പാത നവീകരണം, ആലപ്പുഴ വിജയാപാർക്കിൽ വേൾഡ് ക്ലാസ് ടോയ്‌ലെറ്റ് എന്നിവയാണ് പദ്ധതികൾ. ടോയ്‌ലെറ്റ് ഒഴികെ ബാക്കിയെല്ലാം മാർച്ചോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷയെന്ന് ടൂറിസം അധികൃതർ പറഞ്ഞു.
വേ സൈഡ് അമിനിറ്റി
തുറവൂർ തൈക്കാട്ടുശേരി പാലത്തിന് സമീപമാണ് വേ സൈഡ് അമിനിറ്റി സെന്റർ. കെൽ ആണ് നിർമാണ ഏജൻസി. 3.39 കോടിയുടെ ഭരണാനുമതിയുള്ള പദ്ധതിയുടെ 25 ശതമാനം പൂർത്തിയായി. ഗ്രൗണ്ട് ഏരിയ വികസനം, അലങ്കാര തൂണുകൾ, ഗേറ്റ്‌വേ, പാത്ത്‌വേ വിത്ത് ടർഫ്, പാർക്കിങ്, കളിസ്ഥലം, ശുചിമുറികൾ എന്നിവയുണ്ടാകും.
നടപ്പാത സൂപ്പറാകും
ചുങ്കം ചക്കരപുരയ്‌ക്കൽ -കായൽച്ചിറ നടപ്പാത വികസനത്തിന് 3.55 കോടിയാണ് അനുവദിച്ചത്. കെഐഐഡിസിയാണ് നിർമാണം. 15 ശതമാനം പ്രവൃത്തി പൂർത്തിയായി. 400 മീറ്റർ നീളത്തിൽ 3.50 മീറ്റർ വീതിയിൽ ടൈലിട്ടും 350 മീറ്റർ നീളത്തിൽ മൂന്നുമീറ്റർ വീതിയിൽ മറ്റൊരു പാത്ത്‌വേയും ബോട്ട്‌ലാൻഡിങ് സൗകര്യങ്ങളും സംരക്ഷണ ഭിത്തിയുമൊരുങ്ങും. സഞ്ചാരികൾക്ക് ചുങ്കത്തുനിന്ന് എളുപ്പത്തിൽ ചക്കരപ്പുരയ്‍ക്കലെത്തി പുരവഞ്ചിയിൽ കയറാം. പുന്നമട സ്‌റ്റാർട്ടിങ് പോയിന്റ് നടപ്പാത നവീകരണത്തിന് 1.32 കോടിയുടെ പ്രവൃത്തി പുരോഗമിക്കുകയാണ്.
20 ശതമാനം പ്രവൃത്തി പൂർത്തിയായി. സംരക്ഷണ ഭിത്തി, 520 മീറ്റർ നീളത്തിൽ മൂന്നുമീറ്റർ വീതിയിൽ നടപ്പാത, ബോട്ട് ലാൻഡിങ്ങിന് 30 ബൊള്ളാർഡ്, മഴക്കൂടാരം, സോളാർ ലൈറ്റ്, ലാൻഡ്‌സ്‌കേപ്പിങ് എന്നിവയുണ്ടാകും.
ഇത് ക്ലാസാകും
ആലപ്പുഴ ബീച്ചിലെ വിജയ പാർക്കിലാണ് വേൾഡ് ക്ലാസ് ടോയ്‌ലെറ്റ് നിർമിക്കുക. 1.51 കോടിയാണ് നിർമാണചെലവ്. ഷവർ കോംപ്ലക്‌സ്, യൂറിനൽ, ടോയ്‌ലറ്റ് തുടങ്ങിയവ അന്താരാഷ്‌ട്ര നിലവാരത്തിൽ സ്‌ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമൊരുക്കും.
തീരദേശ നിയന്ത്രണ മേഖലയായതിനാൽ കേരള കോസ്‌റ്റൽ സോൺ മാനേജ്‌മെന്റ് അതോറിറ്റി അനുമതി ലഭിച്ചാലുടൻ നിർമാണം തുടങ്ങും. പുന്നമട ഫിനിഷിങ് പോയിന്റിലെ പാർക്കിങ് ഏരിയ സമീപത്തെ അപ്രോച്ച് റോഡിനൊപ്പം ഉയർത്താൻ 97 ലക്ഷവും അനുവദിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..