വടക്കഞ്ചേരി > വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാതയില്‍ കുതിരാൻ തുരങ്കത്തിനുമുന്നിൽ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്ക്. നാല് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. വ്യാഴംമുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ തുരങ്കത്തിനുമുന്നിൽ വെള്ളി പകൽ രണ്ടരയോടെയാണ് അപകടം. പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.
തുരങ്കത്തിൽനിന്ന് പുറത്തുകടന്ന് പാലത്തിലേക്ക് പ്രവേശിക്കുന്നതിനിടെ മുന്നിൽ പോയ മിനി ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്‌തപ്പോള്‍ പിന്നില്‍ വന്ന സ്‌കൂട്ടർ ഇടിച്ചു. ഇതിനുപിന്നില്‍ വന്ന കണ്ടെയ്‌നർ ലോറി സ്‌കൂട്ടറിലും കണ്ടെയ്‌നർ ലോറിക്കുപിന്നില്‍ സ്വകാര്യ ബസും ഇടിച്ചു.
മിനിലോറിയുടെയുടെയും കണ്ടെയ്‌നർ ലോറിയുടെയും ഇടയിൽ കുടുങ്ങിയ സ്‌കൂട്ടർ യാത്രികനെ ഉടൻ പുറത്തെടുത്തു, ഇയാളുടെ പരിക്ക് ഗുരുതരമല്ല. സ്‌കൂട്ടർ പൂർണമായും തകർന്നു. ബസ് യാത്രികര്‍ക്ക് പരിക്കേറ്റു. സ്‌കൂട്ടർ യാത്രികനായ നെന്മാറ കിളിയല്ലൂർ കൊട്ടേക്കാട് സുഭാഷിന്റെ മകൻ രഞ്ജിത്തിനെ പട്ടിക്കാട് അലീസ് ആശുപത്രിയിലും ബസ് യാത്രക്കാരായ കിഴക്കഞ്ചേരി പുന്നപ്പാടം ചാട്ടുകോട് മാണിക്യൻ (65), പുന്നപ്പാടം അബ്ദുൾകരീം (62), അഞ്ചുമൂർത്തിമംഗലം മുന്നാഴിപ്പറമ്പ് രാധാകൃഷ്ണൻ (63), മംഗലംഡാം രണ്ടാംപുഴ പതിയാൻ വീട്ടിൽ ജോമോൾ (20), തൃശുർ കൽക്കണ്ണി തടത്തിൽ വീട്ടിൽ ശ്രീതി (24) എന്നിവരെ വടക്കഞ്ചേരി ഇ കെ നായനാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുരങ്കം ഉൾപ്പെടെ 3.2 കിലോമീറ്റർ ദൂരത്തിൽ ഒറ്റവരിയായി മാത്രം വാഹനങ്ങൾ പോകുന്നത് ഇത്തരത്തിലുള്ള അപകടം വർധിക്കാൻ കാരണമാകുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..