ആലപ്പുഴ > ദേശീയപാത 66 ആറുവരിയാക്കുന്നതിനായി തുറവൂർ–-പറവൂർ റീച്ച് വികസനത്തിനായി ഭൂമിയേറ്റെടുത്ത് ഡിസംബർ 15ന് കൈമാറണം. തുറവൂർ - പറവൂർ റീച്ച് ഹരിയാനയിലെ കെസിസി ബിൽഡ്‌കോണാണ് ഏറ്റെടുത്തത്. 45 ദിവസത്തിനകം ഏറ്റെടുത്ത് സ്ഥലം ഇവർക്ക് വിട്ടുകൊടുക്കണം. 90 ശതമാനം ഭൂമിയെങ്കിലും കിട്ടിയാലെ നിർമാണം ആരംഭിക്കാനാകൂ.
ഭൂമിയേറ്റെടുക്കൽ നടപടി തുടരുകയാണ്. നിർമാണം തുടങ്ങുംമുമ്പ് നഷ്‌ടപരിഹാരം നൽകുമെന്ന് ദേശീയപാതാ അധികൃതർ പറഞ്ഞു. 15ന് ഇത് പൂർത്തിയാക്കും. സ്ഥലം കൈമാറാനായില്ലെങ്കിൽ കമ്പനിയ്‌ക്ക് ദേശീയപാത അതോറിറ്റി നഷ്‌ടപരിഹാരം നൽകേണ്ടിവരും.
നഷ്‌ടപരിഹാരം
രണ്ടിരട്ടി തുക
ഭൂമിയേറ്റെടുക്കൽ ദേശീയപാത നിയമപ്രകാരവും നഷ്‌ടപരിഹാര വിതരണം 2013ലെ ഭൂമിയേറ്റെടുക്കൽ ചട്ടപ്രകാരവുമാണ്. നഷ്‌ടപരിഹാരമായി സാന്ത്വന പ്രതിഫലം അടക്കം രണ്ടിരട്ടി തുകയാണ് ഭൂവുടമകൾക്ക് ലഭിക്കുന്നത്. തുറവൂർ–-പറവൂർ പാതയിൽ 1310 കോടി രൂപയാണ് ചെലവ് നിശ്ചയിച്ചിരിക്കുന്നത്. ആവശ്യമായ 39 ഹെക്‌ടറിൽ സ്വകാര്യഭൂമിയിൽ 24 ഹെക്‌ടർ ഏറ്റെടുത്തു.
കമ്പനികൾ എസ്‌റ്റിമേറ്റ് ചെയ്‌ത തുകയേക്കാൾ കൂടുതൽ തുകയായതുകൊണ്ട് പറവൂർ–-കൊറ്റുകുളങ്ങര റീച്ചിൽ കരാറായില്ല. വീണ്ടും ടെൻഡർ വിളിക്കും. കൊറ്റുകുളങ്ങര മുതൽ കൊല്ലം ബൈപാസ് വരെ തെലുങ്കാനയിലെ വിശ്വസമുദ്ര എൻജിനിയറിങ് കോർപറേഷനാണ് എറ്റെടുത്തത്. ഇവിടെയും സ്ഥലമേറ്റെടുപ്പ് പുരോഗമിക്കുകയാണ്.
36 കോടി
നഷ്‌ടപരിഹാരം നൽകി
36 കോടി രൂപയാണ് ഇതുവരെ ഭൂവുടമകൾക്ക് നഷ്‌ടപരിഹാരം നൽകിയത്. 1100 ഭൂവുടമകൾക്കാണിത്. 8389 ഭൂവുടമകളുണ്ട്. 42 ഹെക്‌ടർ ഏറ്റെടുത്തു. ആകെ 104.85 ഹെക്‌ടറാണ് വേണ്ടത്. ഇതിൽ വ്യക്തികളുടെ കൈവശമുള്ളത് 85 ഹെക്‌ടറാണ്. 1215 കോടിയാണ് നഷ്‌ടപരിഹാരം അനുവദിച്ചിട്ടുള്ളത്. കൃഷ്‌ണപുരം, കായംകുളം വില്ലേജുകളിലെ നഷ്‍ടപരിഹാരത്തുക കൊല്ലത്തെ ഭൂമിയേറ്റെടുക്കൽ വിഭാഗത്തിലാണ്. അടുത്തയാഴ്‌ചയോടെ ഇത് ആലപ്പുഴയിലേക്ക് മാറ്റാനാകുമെന്നാണ് ദേശീയപാത അധികൃതർ പറയുന്നത്.
അറ്റകുറ്റപ്പണി ഉടൻ ആരംഭിക്കും: എംപി
ദേശീയപാത 66ലെ ഹരിപ്പാടുമുതൽ കായംകുളം കൊറ്റുകുളങ്ങരവരെ അറ്റകുറ്റപ്പണി അടുത്തായാഴ്‌ച ആരംഭിക്കുമെന്ന് എ എം ആരിഫ് എംപി അറിയിച്ചു. ആദ്യ ടെൻഡറിൽ ആരും ഏറ്റെടുക്കാൻ തയ്യാറാകാത്ത അറ്റകുറ്റപ്പണി 10 ശതമാനം വർധനയിൽ തെരുവത്ത് ബിൽഡേഴ്സ് 4.95 കോടി രൂപയ്‌ക്കാണ് ഏറ്റെടുത്തിരിക്കുന്നത്. ഇതിന് ഉടൻ അനുമതി നൽകാമെന്ന് ദേശീയപാതാ അതോറിറ്റി അധികൃതരുമായി നടത്തിയ ചർച്ചയിൽ ഉറപ്പുലഭിച്ചതായി എംപി അറിയിച്ചു. ഇതോടൊപ്പം കൊറ്റുകുളങ്ങരമുതൽ തെക്കോട്ടുള്ള ആറുവരിപ്പാത നിർമാണത്തിന് കരാറെടുത്ത വിശ്വസമുദ്ര കമ്പനിയും അമ്പലപ്പുഴ ഭാഗത്ത് അൻസാരി ഗ്രൂപ്പും അറ്റകുറ്റപ്പണി ആരംഭിച്ചിട്ടുണ്ടെന്നും എംപി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..