കാൺപുർ> അരങ്ങേറ്റത്തിൽ സെഞ്ചുറി അടിച്ച് ശ്രേയസ് അയ്യർ വരവറിയിച്ചെങ്കിലും ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ കടിഞ്ഞാൺ ന്യൂസിലൻഡിന്റെ കൈയിൽ. രണ്ടാംദിനം വെളിച്ചക്കുറവുമൂലം കളി അവസാനിക്കുമ്പോൾ ന്യൂസിലൻഡ് വിക്കറ്റ് നഷ്ടമില്ലാതെ 129 റണ്ണെടുത്തു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 345 റണ്ണിന് അവസാനിച്ചു. ശ്രേയസ് 105 റൺ നേടി. കിവീസിനായി ടിം സൗത്തി അഞ്ച് വിക്കറ്റ് വീഴ്‌ത്തി. സ്കോർ: ഇന്ത്യ 345, ന്യൂസിലൻഡ് 0–129.
ഇന്ത്യൻ സ്പിൻ ത്രയത്തിന്റെ മുനയൊടിച്ചാണ് കിവീസ് ഓപ്പണർമാരായ വിൽ യങ്ങും (75) ടോം ലാതവും (50) രണ്ടാംദിനം ക്രീസ് വിട്ടത്. 216 റൺ പിന്നിലാണ് അവർ. നാലിന് 258 റണ്ണെന്ന നിലയിൽ രണ്ടാംദിനം കളി തുടങ്ങിയ ഇന്ത്യക്ക് രവീന്ദ്ര ജഡേജയെ (50) പെട്ടെന്ന് നഷ്ടമായി. വൃദ്ധിമാൻ സാഹയും (1) അക്‌സർ പട്ടേലും (3) പിടിച്ചുനിന്നില്ല. ആർ അശ്വിൻ (38) പൊരുതി. 34 പന്തിൽ 10 റണ്ണുമായി പുറത്താകാതെ ഉമേഷ് യാദവ് പിന്തുണച്ചു. അരങ്ങേറ്റത്തിൽ സെഞ്ചുറി പൂർത്തിയാക്കുന്ന പതിനാറാമത്തെ ഇന്ത്യൻ താരമാണ് ശ്രേയസ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..