കൊല്ലം > കോവിഡിനു മുമ്പുള്ള സ്ഥിതിയിലേക്ക് ട്രെയിനുകൾ പുനഃസ്ഥാപിച്ചെന്ന് റെയിൽവേ അവകാശപ്പെടുമ്പോഴും സീസൺ ടിക്കറ്റുകാരോട് ചിറ്റമ്മനയം തന്നെ. ചില ട്രെയിനുകളിൽ സ്ഥിരം യാത്രക്കാർക്ക് മുന്നിൽ വാതിൽ അടയ്‌ക്കുകയാണ്. യാത്ര അനുവദിച്ചിട്ടുള്ള ട്രെയിനുകളിൽ കോച്ചുകളും കുറവും. തിരുവനന്തപുരത്തുനിന്ന് കോട്ടയം ഭാഗത്തേക്കുള്ള പ്രതിദിന ട്രെയിനുകളായ വേണാട്, പരശുറാം, ശബരി എക്സ്പ്രെസുകളിൽ വേണാട് എക്സപ്രസിന്റെ ആറ് കോച്ചുകളിൽ മാത്രമാണ് സീസൺ/ജനറൽ ടിക്കറ്റ് യാത്ര അനുവദിച്ചിട്ടുള്ളത്.
കോവിഡിനു മുമ്പ് പരശുറാം, ശബരി, വേണാട് ട്രെയിനുകളിലുമായി അമ്പതിലധികം കോച്ചുകളിൽ യാത്രചെയ്യുവാൻ സീസൺ, ജനറൽ ടിക്കറ്റ് യാത്രക്കാർക്ക് സാധിക്കുമായിരുന്നു. മലബാർ, വഞ്ചിനാട്, ചെന്നൈ മെയിൽ, ആലപ്പുഴ –-തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസിലും ഇതേ സ്ഥിതി തന്നെയാണ്. ജനറൽ, സീസൺ ടിക്കറ്റ് യാത്രക്കാരുടെ യാത്രാ സൗകര്യം 10 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒഴിവാക്കപ്പെട്ട മുതിർന്ന പൗരന്മാർക്കുള്ള യാത്രാ ആനുകൂല്യങ്ങളും വിദ്യാർഥികൾക്ക് സൗജന്യനിരക്കിലുള്ള സീസൺ ടിക്കറ്റുകളും പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. കോവിഡ് കാലഘട്ടത്തിനു മുമ്പ് ഉണ്ടായിരുന്ന സീസൺ ടിക്കറ്റ് ആനുകൂല്യങ്ങൾ എല്ലാ ട്രെയിനിലും ഉറപ്പുവരുത്താൻ റെയിൽവേ തയ്യാറാകണമെന്ന് സതേൺ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സജീവ് പരിശവിളയും ജനറൽ സെക്രട്ടറി കണ്ണനല്ലൂർ നിസാമും ആവശ്യപ്പെട്ടു.
കോട്ടയം പാസഞ്ചറിന്റെ
സമയം മാറ്റണം
തിരുവനന്തപുരം – കോട്ടയം പാസഞ്ചർ വൈകിട്ട് അഞ്ചിനു മുമ്പ് കൊല്ലത്തുനിന്ന് പുറപ്പെടുന്നത് സ്ഥിരം യാത്രക്കാർക്ക് തിരിച്ചടിയാകുന്നു. 5.15നാണ് ട്രെയിൻ മുമ്പ് കൊല്ലത്തുനിന്ന് യാത്ര തിരിച്ചിരുന്നത്. ഈ സമയം പുനഃസ്ഥാപിച്ചാൽ മാത്രമെ ആയിരക്കണക്കിനു സ്ഥിര യാത്രക്കാർക്ക് പ്രയോജനം ചെയ്യൂ. കൂടുതൽ യാത്രക്കാർക്ക് പ്രയോജനപ്രദമാകുന്ന രീതിയിൽ ട്രെയിൻ യാത്ര കാര്യക്ഷമമാക്കുന്നതിന് റെയിൽവേ അധികാരികൾ സ്ഥിരം യാത്രക്കാരേയും ജനപ്രതിനിധികളേയും ഉൾപ്പെടുത്തി സമിതികൾ രൂപീകരിക്കണമെന്ന ആവശ്യവും ശക്‌തമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..