നവംബർ 25, സ്ത്രീകൾക്കെതിരായ അതിക്രമവിരുദ്ധദിനമായി ലോകമെമ്പാടും ആചരിക്കുന്നു. കോവിഡ് മഹാമാരി പടർന്നുപിടിച്ച കഴിഞ്ഞ രണ്ടു വർഷത്തിനിടയ്ക്ക് ഗാർഹികാതിക്രമവും സ്ത്രീകൾക്കെതിരായ അക്രമങ്ങളും വലിയതോതിൽ ഉയർന്നുവെന്ന ആശങ്കയുണർത്തുന്ന വാർത്ത നമുക്ക് മുന്നിലുണ്ട്. ഈ സാഹചര്യത്തിൽ ലോക അതിക്രമ വിരുദ്ധദിനാചരണത്തിന് പ്രത്യേക പ്രാധാന്യം കൈവന്നിരിക്കുകയാണ്. ‘ലോകത്തെ ഓറഞ്ചണിയിക്കൂ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഈ നിമിഷം അവസാനിപ്പിക്കൂ’ എന്നതാണ് ഈവർഷത്തെ അതിക്രമവിരുദ്ധദിനത്തിന്റെ സന്ദേശമായി ഐക്യരാഷ്ട്രസംഘടന നിർദേശിച്ചിരിക്കുന്നത്. ആധുനിക ലോകത്ത് ലിംഗനീതിയുടെയും സമത്വത്തിന്റെയും ആശയങ്ങൾ ഇനിയും എത്രത്തോളം മുന്നോട്ടുപോകാനുണ്ട് എന്നതിന്റെ സൂചനകൂടിയാണ് ഈ മുദ്രാവാക്യം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളില്ലാത്ത പുത്തൻപുലരിയുടെ പ്രതീകമായാണ് ഓറഞ്ച് നിറത്തെ ഐക്യരാഷ്ട്രസംഘടന സ്വീകരിച്ചിരിക്കുന്നത്.
1960 നവംബർ 25ന് ഡൊമിനിക്കൻ റിപ്പബ്ലിക് ഏകാധിപതിയായിരുന്ന റഫായേൽ ട്രുയിലോയുടെ ഉത്തരവിൽ കൊല്ലപ്പെട്ട മിറാബെൽ സഹോദരിമാരുടെ സ്മരണയ്ക്കായാണ് ഈ ദിനം ആചരിക്കുന്നത്. പാട്രിയ, മിനർവ, മരിയ തെരേസ എന്നീ സഹോദരിമാർ ട്രുയിലോയുടെ ഏകാധിപത്യത്തിനെതിരെ ശക്തമായ പ്രതിരോധം ഉയർത്തിയിരുന്നു. ഇവരുടെ കൊലപാതകം വനിതാ മുന്നേറ്റങ്ങൾക്ക് വലിയ പ്രേരകശക്തിയായി മാറുകയും ലിംഗനീതിക്കായുള്ള പോരാട്ടങ്ങളുടെ പ്രതീകമായി മിറാബെൽ സഹോദരിമാർ മാറുകയും ചെയ്തു.തുടർന്ന് ഇവരോടുള്ള ബഹുമാനസൂചകമായി 1999ൽ ഐക്യരാഷ്ട്രസംഘടന നവംബർ 25 സ്ത്രീകൾക്കെതിരായ അതിക്രമവിരുദ്ധദിനമായി പ്രഖ്യാപിച്ചു.
പെരുകുന്ന അതിക്രമങ്ങൾ
സ്ത്രീസമത്വമെന്ന ആശയം ചർച്ചയാകാൻ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. 19–-ാം നൂറ്റാണ്ടിൽ ആരംഭിച്ചിട്ടും സമത്വവാദങ്ങൾക്ക് പൂർണമായ ലക്ഷ്യപ്രാപ്തിയിൽ എത്താൻ സാധിച്ചിട്ടില്ലെന്നതാണ് സങ്കടകരമായ വസ്തുത. എന്നു മാത്രമല്ല, ആധുനിക സമൂഹത്തെ നാണംകെടുത്തുന്ന തരത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വ്യാപിക്കുകയും ചെയ്തിരിക്കുന്നു. വോട്ടവകാശം, തുല്യവേതനം തുടങ്ങിയ പ്രാഥമികമായ ആവശ്യങ്ങളിൽനിന്ന് ഫെമിനിസ്റ്റ് മുന്നേറ്റം ഏറെ പരിണമിച്ചിരിക്കുന്നുവെന്ന കാര്യം മറക്കുന്നില്ല. എന്നാൽ, മനുഷ്യസമൂഹം കഴിഞ്ഞ നൂറ്റാണ്ടുകളിൽ കൈവരിച്ച മുന്നേറ്റം കണക്കിലെടുക്കുമ്പോൾ സമത്വമെന്ന ആശയത്തോട് നാം എത്രമാത്രം അടുത്തുവെന്നത് വലിയ ഒരു ചോദ്യചിഹ്നമാണ്.
കേരള ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അഞ്ചുവർഷമായി കുറഞ്ഞുവരുന്നുണ്ട്. എന്നാൽ, അടച്ചിടൽ സമയത്ത് കുറ്റകൃത്യങ്ങളുടെ നിരക്ക് ക്രമാതീതമായി വർധിക്കുകയാണ് ചെയ്തത്. സമീപകാലത്ത് കേരളത്തിൽ നടന്ന പല സംഭവവും ഇവിടെ നിലനിൽക്കുന്ന സാമൂഹ്യവ്യവസ്ഥയിലെ പുഴുക്കുത്തുകളെ അനാവരണം ചെയ്യുന്നതാണ്. സ്ത്രീധന സംബന്ധമായ പ്രശ്നങ്ങളിൽ ഒട്ടനവധി ജീവനാണ് സമീപകാലത്ത് നഷ്ടമായത്. ലാഭേച്ഛയുടെ അടിസ്ഥാനത്തിൽ മനുഷ്യബന്ധങ്ങളെ രൂപപ്പെടുത്തുന്നതാണ് ഇതിന്റെ പ്രാഥമികമായ കാരണം. സ്ത്രീകൾ എന്നാൽ ഒരു കച്ചവടച്ചരക്കാണെന്ന അലിഖിത സാമൂഹ്യബോധം പൊളിച്ചെഴുതാതെ ലിംഗനീതി ഉറപ്പുവരുത്താൻ സാധിക്കില്ല. ഭരണഘടന ഉറപ്പുനൽകുന്ന ലിംഗനീതി പ്രാവർത്തികമാക്കാൻ ഇത്തരം സാമൂഹ്യനിയമങ്ങൾ മാറ്റിയെഴുതിയേ മതിയാകുകയുള്ളൂ.
സ്ത്രീകളുടെ സ്വത്വത്തിന് അർഹമായ അംഗീകാരവും ബഹുമാനവും നൽകാൻ വിദ്യാഭ്യാസകാലത്തുതന്നെ നമുക്ക് സാധിക്കണം. ലൈംഗിക വിദ്യാഭ്യാസമെന്ന ആവശ്യം മുന്നോട്ടുവയ്‌ക്കാനുള്ള പ്രേരണയും ഇതാണ്. കേരള വനിതാ കമീഷൻ രൂപീകരണ കാലംമുതൽ ഈ ലക്ഷ്യം മുന്നിൽവച്ചാണ് പ്രവർത്തിക്കുന്നത്. ഒരു പ്രശ്ന പരിഹാരവേദി എന്നതിലുപരി, സമൂഹത്തിൽ ലിംഗനീതി ഉറപ്പുവരുത്താൻ സാധിക്കുംവിധം മാറ്റങ്ങൾക്ക് പ്രേരകശക്തിയാകുക എന്നതാണ് കമീഷന്റെ പ്രാഥമിക ചുമതല.
ഇതിനായി കലാലയങ്ങളിൽ കലാലയജ്യോതി എന്നപേരിൽ നടത്തുന്ന ബോധവൽക്കരണത്തിലൂന്നിയ പരിപാടികൾ, ഗാർഹികാതിക്രമങ്ങൾക്ക് കാരണമാകുന്ന ആശയങ്ങളെ തിരുത്തിയെഴുതാനായി പ്രീമാരിറ്റൽ കൗൺസലിങ്, സ്ത്രീവിഷയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആഴത്തിലുള്ള ഗവേഷണം, സെമിനാറുകൾ, മറ്റു പരിപാടികൾ തുടങ്ങിയവ കമീഷൻ നടത്തിവരുന്നു.
മുന്നോട്ടുള്ള വഴി
ഏകദേശം മൂന്നിലൊന്ന് സ്ത്രീകൾ തങ്ങളുടെ ജീവിതകാലത്ത് ഏതെങ്കിലും തരത്തിലുള്ള അതിക്രമം നേരിടുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. മഹാമാരി കൂടാതെ യുദ്ധം, പ്രകൃതിദുരന്തങ്ങൾ, കലാപങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ ഈ നിരക്ക് ക്രമാതീതമായി വർധിക്കുന്നു. ഈ അതിക്രമം പ്രതിരോധിക്കാൻ കൂടുതൽ തയ്യാറെടുക്കേണ്ടതുണ്ട്. നീതിനിയമ നിർമാണത്തിനും അവയുടെ ഫലപ്രദമായ നടപ്പാക്കലിനുമുള്ള സവിശേഷ പ്രാധാന്യം കണക്കിലെടുക്കുമ്പോൾ തന്നെ, മറ്റു ചില മേഖലയിലും നാം മുന്നോട്ടുപോകണം.
അതിക്രമങ്ങൾക്ക് ഇരയാകുന്നവരെ വിശ്വാസത്തിലെടുക്കൽ വളരെ പ്രാധാന്യം അർഹിക്കുന്നു. അൺബിലീവബിൾ എന്ന യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കി 2019ൽ ഇറങ്ങിയ നെറ്റ്ഫ്ലിക്സ് സീരീസിൽ അതിക്രമത്തെ അതിജീവിച്ചവരുടെ അനുഭവത്തെ വിശ്വസിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്. ബലാത്സംഗത്തിന് ഇരയായ കൗമാരക്കാരിയുടെ വാക്കുകൾ മുഖവിലയ്‌ക്കെടുക്കാതിരുന്ന സംവിധാനവും സമൂഹവും എത്രമാത്രം വലിയ കുറ്റമാണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാൻ ഈ സീരീസ് സഹായിക്കുന്നു. അതുപോലെ തന്നെ പ്രാധാന്യമുള്ളതാണ് ലിംഗനീതിയെക്കുറിച്ചും സമത്വത്തെക്കുറിച്ചുമുള്ള ആശയങ്ങൾക്ക് സമൂഹത്തിൽ നൽകേണ്ട പ്രാധാന്യം. പുരുഷാധിപത്യാശയങ്ങൾക്ക് മേൽക്കൈയുള്ള സമൂഹത്തിൽ ഇവ തച്ചുടച്ച്, പുതിയ സാമൂഹ്യവ്യവസ്ഥ കൊണ്ടുവരാൻ ശ്രമിക്കേണ്ടിയിരിക്കുന്നു. നീതിന്യായ വ്യവസ്ഥയിലും സാമൂഹ്യമേഖലകളിലും ആരോഗ്യമേഖലയിലും ഈ മാറ്റം അത്യാവശ്യമാണ്.
ഇതോടൊപ്പം പ്രാധാന്യം അർഹിക്കുന്നതാണ് സ്ത്രീകളുടെ സാമ്പത്തിക സുരക്ഷിതത്വവും സ്വാശ്രയത്വവും. മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തമായി ജീവിക്കാൻ സ്ഥിരതയാർന്ന ജോലിക്കൊപ്പംതന്നെ കല്യാണം, കുടുംബവ്യവസ്ഥ, മാതൃത്വം തുടങ്ങിയ വിഷയങ്ങളിലൊക്കെയും പുതിയ മാതൃകകൾ നാം തേടേണ്ടിയിരിക്കുന്നു. ഇങ്ങനെ സമഗ്രമായ മാറ്റങ്ങളിലൂടെ മാത്രമേ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ പൂർണമായി അവസാനിപ്പിക്കാൻ സാധിക്കുകയുള്ളൂ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..