മറയൂർ > മറയൂരിൽ സിപിഐയിൽനിന്ന് രാജിവച്ച് 70 പേർ സിപിഐ എമ്മിലേക്ക്. ആദിവാസി മേഖല ഉൾപ്പെടുന്ന രണ്ട്, മൂന്ന് വാർഡുകളിലെ 40 പാർടിയംഗങ്ങളും 27 അനുഭാവികളും അടക്കം മൂന്ന് ബ്രാഞ്ച് പൂർണമായും രാജിവച്ചാണ് സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചത്.
എഐടിയുസി പഞ്ചായത്ത് സെക്രട്ടറി, ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ, എൻആർഇജി സംസ്ഥാന കമ്മിറ്റിയംഗം ജെയിംസ് മാത്യു, തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റിയംഗം ശ്രീലത സുഗതൻ, മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ എന്നിവരുടെ നേതൃത്വത്തിലാണ് സിപിഐയിൽനിന്ന് രാജിവച്ചത്.
അവശ്യവസ്‌തുക്കളുടെ വിലക്കയറ്റത്തിനും പാചകവാതകവില വർധനയ്‌ക്കും എതിരെ സിപിഐ എം മറയൂർ ഏരിയ കമ്മിറ്റി കോവിൽക്കടവിൽ സംഘടിപ്പിച്ച പ്രതിഷേധ സമരത്തിലേക്കാണ് സിപിഐ വിട്ടവർ പ്രകടനമായി എത്തിയത്. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം വി ശശികുമാർ, ഏരിയ സെക്രട്ടറി വി സിജിമോൻ എന്നിവർ ചേർന്ന് രാജിവച്ചെത്തിയവരെ പതാക നൽകി സ്വീകരിച്ചു.
കോൺഗ്രസിന് വോട്ട് മറിക്കുകയും രാഷ്ട്രീയ നെറികേടും അഴിമതിയും നടത്തിയ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി രാമരാജിനെ സിപിഐ എമ്മിൽനിന്ന് പുറത്താക്കിയിരുന്നു. ഇയാൾക്ക് സിപിഐയിൽ ഉയർന്ന സ്ഥാനം നൽകി സ്വീകരിച്ചത് ഉൾക്കൊള്ളാൻ കഴിയാത്തതിനാലാണ് രാജിവച്ചതെന്ന് നേതാക്കൾ ഉൾപ്പെടെയുള്ളവർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..