25 November Thursday

കുതിരാനിൽ ഗതാഗത നിയന്ത്രണം; ഇന്നുമുതൽ തുരങ്കയാത്ര 
ഇരുവശത്തേക്കും

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021

ഗതാഗതക്രമീകരണത്തിന്റെ ഭാഗമായി കുതിരാൻ തുരങ്കത്തിന് മുന്നിലെ റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചപ്പോൾ

വടക്കഞ്ചേരി > കുതിരാൻ തുരങ്കത്തിൽ വ്യാഴം മുതൽ ഗതാഗത നിയന്ത്രണം തുടങ്ങി. കഴിഞ്ഞ ജൂലൈ 31ന് ഗതാഗതത്തിന്‌ തുറന്നുകൊടുത്ത തൃശൂർ ഭാഗത്തേക്കുള്ള ഇടത് തുരങ്കത്തിലൂടെ ഇരുവശത്തേക്കും വാഹനം കടത്തിവിടും. റോഡിന്റെ മധ്യഭാഗത്ത് ബാരിക്കേഡ്‌ വച്ച് വേർതിരിച്ചു. തൃശൂർ ഭാഗത്തേക്ക് പോകുമ്പോൾ കൊമ്പഴ മമ്മദ്പടി മുതൽ വഴുക്കുംപാറ മെക്കാട്ടിൽ ഗാർഡൻസ് വരെ 3.2 കിലോമീറ്റർ ദൂരമാണ്‌ നിയന്ത്രണം.
 
രണ്ടാം തുരങ്കത്തിന്റെ പണി പുരോഗമിക്കുന്നതിനാൽ കുതിരാനിലെ നിലവിലെ റോഡ് പൊളിക്കുന്നതിനാണ് പുതിയ നിയന്ത്രണം. രണ്ടാം തുരങ്കത്തിന്റെ പണി പൂർത്തിയാകുന്ന വരെ നിയന്ത്രണം തുടരും. തുരങ്കത്തിലൂടെ ഇരുവശത്തേക്കും വാഹനം കടത്തിവിടുമ്പോഴുള്ള അപകട സാധ്യത കണക്കിലെടുത്ത് കർശന സുരക്ഷയാണ് ഏർപ്പെടുത്തിയത്. തുരങ്കത്തിന്റെ ഇരുവശത്തും ആംബുലൻസും റിക്കവറി വാനും 24 മണിക്കൂറും സജ്ജമാണ്‌.  മുഴുവൻ സമയവും പൊലീസ്‌ സേവനം ഉണ്ടാകും.
 
വാഹനങ്ങളുടെ വേഗം ക്രമീകരിക്കാൻ  ഇടയ്‌ക്കിടെ ഹംബുകൾ, കൂടുൽ ലൈറ്റുകൾ എന്നിവയും സജ്ജമാക്കി. തുരങ്കത്തിനുള്ളിൽ വാഹനം കേടായാൽ ഉടൻ നീക്കം ചെയ്യാൻ സംവിധാനം ഒരുക്കി. തുരങ്കത്തിനുള്ളിൽ അപകടമുണ്ടായാൽ കൺട്രോൾ റൂമിലുള്ള പൊലീസിന്റെ സഹായം തേടണമെന്നാണ് യാത്രക്കാർക്ക് നൽകിയ നിർദേശം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
Top