കൊച്ചി > ഒടിടിയിൽ റിലീസ് ചെയ്‌ത ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘ചുരുളി’യുടേത് സർട്ടിഫൈഡ് പതിപ്പല്ലെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങളില്ലാതെയാണ് ചിത്രം പ്രദർശനത്തിന് എത്തിയത്.
സിനിമാറ്റോഗ്രാഫ് ആക്‌ട് 1952, സർട്ടിഫിക്കേഷൻ റൂൾസ് 1983, കേന്ദ്ര സർക്കാർ മാർഗനിർദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ 2021 നവംബർ 18ന് സർട്ടിഫിക്കറ്റ് നമ്പർ DIL/3/6/2021-THI പ്രകാരം അനുയോജ്യമായ മാറ്റങ്ങളോടെ മുതിർന്നവർക്കുള്ള 'എ' സർട്ടിഫിക്കറ്റാണ് ലഭ്യമാക്കിയത്. ഒടിടിയിൽ പ്രദർശിപ്പിച്ച ചിത്രത്തിലെ സംഭാഷണങ്ങൾ വിവാദമായതിന് പിന്നാലെ സിബിഎഫ്‌സി റീജിയണൽ ഓഫീസർ പാർവതി വി ആണ് വിശദീകരണവുമായി രംഗത്തുവന്നത്.
സോണി ലൈവ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ നവംബർ 19നാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ചുരുളി സിനിമയുടെ സംഭാഷണങ്ങൾ വിവാദമായതോടെയാണ് ബോർഡിന്റെ വിശദീകരണം. സർട്ടിഫിക്കേഷനെ സംബന്ധിച്ച് ഊഹാപോഹങ്ങളും വസ്തുതാപരമായി തെറ്റായ റിപ്പോർട്ടുകളും വ്യാപകമാവുന്നതായി പൊതുജനങ്ങളിൽ നിന്നും ലഭിച്ച പരാതികളിലൂടെ ബോധ്യപ്പെട്ടതായും സിബിഎഫ്‌സി റീജിയണൽ ഓഫീസർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..