കൊൽക്കത്ത
തുടക്കവും ഒടുക്കവും ഗംഭീരമാക്കി ഇന്ത്യ. മൂന്നാം ട്വന്റി 20 ക്രിക്കറ്റിൽ ന്യൂസിലൻഡിനെതിരെ 185 റൺ വിജയലക്ഷ്യം കുറിച്ചു. ക്യാപ്‌റ്റനും ഓപ്പണറുമായ രോഹിത് ശർമയുടെയും (31 പന്തിൽ 56) വാലറ്റക്കാരൻ ദീപക് ചഹാറിന്റെയും (8 പന്തിൽ 21*) ഇന്നിങ്‌സാണ് ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. അവസാന ഓവറിൽ 19 റണ്ണാണ് ഇന്ത്യ നേടിയത്. ഇന്ത്യക്ക് സമ്പൂർണവിജയമാണ് ലക്ഷ്യം.
തുടർച്ചയായ മൂന്നാംകളിയിലും നാണയഭാഗ്യം ഇന്ത്യക്കായിരുന്നു. ഇത്തവണ രോഹിത് ബാറ്റിങ് തെരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളുമായാണ് എത്തിയത്. ലോകേഷ് രാഹുലിനും ആർ അശ്വിനും വിശ്രമം അനുവദിച്ചു. പകരം ഇഷാൻ കിഷനും യുശ്-വേന്ദ്ര ചഹാലും എത്തി. ടിം സൗത്തിക്ക് പകരം മിച്ചെൽ സാന്റ്‌നെറാണ് കിവികളെ നയിച്ചത്.
രോഹിതും ഇഷാനും (21 പന്തിൽ 29) മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. ഈ ഓപ്പണിങ് കൂട്ടുകെട്ട് 69 റണ്ണടിച്ചു. സാന്റ്‌നെറിനായിരുന്നു ഇഷാന്റെ വിക്കറ്റ്. ഇതേ ഓവറിലെ അവസാന പന്തിൽ റണ്ണൊന്നുമെടുക്കാതെ നിന്ന സൂര്യകുമാർ യാദവിനെയും ന്യൂസിലൻഡ് ക്യാപ്‌റ്റൻ പുറത്താക്കി. പിന്നാലെയെത്തിയ ഋഷഭ് പന്തും (4) ഇടംകൈയൻ സ്‌പിന്നർക്കുമുന്നിൽ വീണു. ഇതൊന്നും വകവയ്‌ക്കാതെയായിരുന്നു രോഹിതിന്റെ ബാറ്റിങ്. മൂന്ന് സിക്‌സറും അഞ്ച് ഫോറും രോഹിത് പറത്തി. ഇഷ് സോധിക്കുമുന്നിലാണ് കീഴടങ്ങിയത്. ശ്രേയസ് അയ്യരും (20 പന്തിൽ 25) വെങ്കിടേഷ് അയ്യരും (15 പന്തിൽ 20) സ്‌കോർ ഉയർത്താൻ ശ്രമിച്ചു. ഹർഷൽ പട്ടേൽ 11 പന്തിൽ 18 റണ്ണും കുറിച്ചു. 19–-ാംഓവറിൽ ക്രീസിലെത്തിയാണ് ദീപക് വമ്പനടി തീർത്തത്. രണ്ട് ഫോറും ഒരു സികസും ചഹാർ നേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..