18 November Thursday

വിവാഹ രജിസ്‌ട്രേഷന്‌ കൗൺസലിങ്‌ സർട്ടിഫിക്കറ്റ്‌ നിർബന്ധമാക്കും : അഡ്വ. പി സതീദേവി

വെബ് ഡെസ്‌ക്‌Updated: Thursday Nov 18, 2021


കൽപ്പറ്റ
വിവാഹത്തിനു മുമ്പ്‌ വധൂവരന്മാർക്ക്‌ കൗൺസലിങ്‌ നൽകുമെന്നും വിവാഹം രജിസ്‌റ്റർ ചെയ്യാൻ കൗൺസലിങ്‌ സർട്ടിഫിക്കറ്റ്‌ നിർബന്ധമാക്കുമെന്നും  വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. വയനാട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിങ്ങിനു ശേഷമാണ്‌ ഇക്കാര്യം അറിയിച്ചത്‌. കുടുംബ പ്രശ്‌നങ്ങൾ ഒരു പരിധിവരെ ഇല്ലാതാക്കാൻ വിവാഹത്തിനു മുമ്പ് സ്ത്രീക്കും പുരുഷനും കൗൺസലിങ്‌ നൽകാനും വിവാഹം രജിസ്റ്റർ ചെയ്യാനും കൗൺസലിങ്‌ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനും സർക്കാരിനോട് കമീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

എല്ലാ പഞ്ചായത്തിലും ഒരു കൗൺസലിങ്‌ സെന്റർ ഇതിന്‌ തുടങ്ങണം. ഇപ്പോൾ വനിതാ കമീഷൻ മുഖേനയും വനിതാ പൊലീസ് സെൽ മുഖേനയും ആവശ്യമുള്ളവർക്ക് കൗൺസലിങ്‌ നൽകാറുണ്ട്.  കുടുംബ പശ്ചാത്തലം കൃത്യമായി മനസ്സിലാക്കാതെ വിവാഹം നടത്തുന്നതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ പരാതികളായി കമീഷനിൽ എത്തുന്നുണ്ട്. ഇത്തരം വിവാഹങ്ങളിലൂടെ സ്ത്രീകൾ സാമ്പത്തികമായി ചൂഷണം ചെയ്യപ്പെടുകയാണ്. വയനാട് ജില്ലയിൽ ഇത്തരത്തിലൊരു പരാതി ബുധനാഴ്‌ച സിറ്റിങ്ങിൽ പരിഗണിച്ചിട്ടുണ്ട്. വിശദമായി അന്വേഷിച്ച് പശ്ചാത്തലം മനസ്സിലാക്കിയതിനുശേഷം മാത്രം വിവാഹം നടത്താൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും സതീദേവി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top