18 November Thursday

അർജന്റീന ഖത്തറിലേക്ക്‌ ; ബ്രസീലുമായി സമനില (0–-0)

വെബ് ഡെസ്‌ക്‌Updated: Thursday Nov 18, 2021


ബ്യൂണസ്‌ ഐറിസ്‌
ലയണൽ മെസിയും സംഘവും ഖത്തറിലേക്ക്. ബ്രസീലിന് പിന്നാലെ ലാറ്റിനമേരിക്കൻ മേഖലയിൽനിന്ന് അർജന്റീനയും ഖത്തർ ലോകകപ്പിലേക്ക് യോഗ്യത നേടി. ബ്യൂണസ് ഐറിസിൽ ഇരുസംഘങ്ങളും തമ്മിലുള്ള പോരാട്ടം ഗോളില്ലാതെയാണ് അവസാനിച്ചത്. ചിലി ഇക്വഡോറിനോട്‌ തോറ്റതോടെ അർജന്റീനയ്ക്ക് ഖത്തറിലേക്ക് വഴിയൊരുങ്ങി. അതിനിടെ ബൊളീവിയയോട് മൂന്ന് ഗോളിന് തകർന്ന ഉറുഗ്വേയുടെ പ്രതീക്ഷകൾ മങ്ങി.

അർജന്റീന–ബ്രസീൽ മത്സരത്തിന് പ്രതീക്ഷിച്ച വീറുണ്ടായില്ല. ക്യാപ്റ്റൻ ലയണൽ മെസി മങ്ങിയത് അർജന്റീനയ്ക്ക് തിരിച്ചടിയായി. കളിയുടെ അവസാനഘട്ടത്തിൽ മെസിയുടെ ഷോട്ട് ബ്രസീൽ ഗോൾകീപ്പർ അല്ലിസൺ തടഞ്ഞു. വിനീഷ്യസ് ജൂനിയറും ഫ്രെഡുമായിരുന്നു ബ്രസീൽ നിരയിൽ തിളങ്ങിയത്. എങ്കിലും നെയ്-മറുടെ അഭാവം അവരെ ബാധിച്ചു. കോപ അമേരിക്ക ഫെെനലിനുശേഷമുള്ള ആദ്യ മുഖാമുഖമായിരുന്നു ഇരുസംഘത്തിനും. സെപ്തംബറിൽ ബ്രസീലിൽ നടന്ന യോഗ്യതാ പോരാട്ടം കോവിഡ് വിവാദത്തെ തുടർന്ന് മുടങ്ങിയിരുന്നു.
ലയണൽ സ്-കലോണിക്കുകീഴിൽ തോൽവിയറിയാത്ത 27 മത്സരങ്ങളാണ് അർജന്റീന പൂർത്തിയാക്കിയത്. ഹൃദയ സംബന്ധമായ അസ്വസ്ഥത കാരണം കളത്തിൽനിന്ന് വിട്ടുനിൽക്കുന്ന കൂട്ടുകാരൻ സെർജിയോ അഗ്വേറോയ്‌ക്ക് പിന്തുണ അർപ്പിച്ചായിരുന്നു അർജന്റീന താരങ്ങൾ കളത്തിൽ ഇറങ്ങിയത്.

പതിമൂന്ന് കളിയിൽ ബ്രസീലിന് 35ഉം അർജന്റീനയ്ക്ക് 29ഉം പോയിന്റാണുള്ളത്.ഉറുഗ്വേയുടെ തകർച്ച അപ്രതീക്ഷിതമായിരുന്നു. 14 കളിയിൽ 16 പോയിന്റ് മാത്രമുള്ള മുൻ ലോക ചാമ്പ്യൻമാർ ഏഴാംസ്ഥാനത്താണ്. ആദ്യ നാല് സ്ഥാനക്കാർക്കാണ് നേരിട്ട് യോഗ്യത. അഞ്ചാംസ്ഥാനത്തുള്ള ടീമിന് പ്ലേ ഓഫിൽ കളിക്കാം. 23 പോയിന്റുമായി ഇക്വഡോർ അരികെയെത്തി.  കൊളംബിയ 17 പോയിന്റുമായി നാലാമത്. ഇത്രതന്നെ പോയിന്റുള്ള പെറു ഗോൾ വ്യത്യാസത്തിൽ അഞ്ചാമതും. ഇക്വഡോറിനോട് തോറ്റ ചിലി 16 പോയിന്റുമായി ആറാമതാണ്.
ഉറുഗ്വേ, ചിലി ടീമുകൾക്ക് ഇനി നാലുവീതം മത്സരങ്ങളാണ് ശേഷിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top