18 November Thursday

പെരുമഴയിലും വെള്ളക്കെട്ട്‌ ഇല്ലാത്ത കൊച്ചി

വെബ് ഡെസ്‌ക്‌Updated: Thursday Nov 18, 2021

കൊച്ചി > ന്യൂനമർദങ്ങളുടെ ഭാഗമായ മഹാമാരികളും തുലാമഴയും പെയ്‌തു; പതിവിലും ശക്തമായി. സംസ്ഥാനത്തിന്റെ പലപ്രദേശങ്ങളും വെള്ളക്കെട്ടിലും ദുരിതത്തിലുമായപ്പോൾ കൊച്ചിനഗരം പതിവുപോലെ മഴക്കെടുതി വാർത്തകളിലൊന്നും സ്ഥാനം പിടിച്ചില്ല. ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകളുടെ ഭാഗമായി നഗരത്തിൽ അങ്ങിങ്ങ്‌ ചെറിയ വെള്ളക്കെട്ടുകൾ ഉണ്ടായതൊഴിച്ചാൽ എല്ലാം ഭദ്രം. മുൻ യുഡിഎഫ്‌ കൗൺസിലിന്റെ അവസാനവർഷത്തിൽ സംസ്ഥാന സർക്കാരും ഇപ്പോഴത്തെ എൽഡിഎഫ്‌ കൗൺസിലും നടപ്പാക്കിയ പദ്ധതികളിലൂടെയാണ്‌ നഗരം വെള്ളക്കെട്ടിൽനിന്ന്‌ കരകയറിയത്‌. വെള്ളക്കെട്ട്‌പ്രശ്‌നം പൂർണമായി പരിഹരിക്കാനുള്ള പ്രവർത്തനങ്ങളിൽതന്നെയാണ്‌ പുതിയ കൊച്ചി നഗരസഭാ നേതൃത്വം.

2019 ഒക്‌ടോബർ 21 നഗരം ഒരിക്കലും മറക്കാനിടയില്ല. പ്രധാന നഗരപാതകളും റെയിൽവേ സ്‌റ്റേഷനും കലൂർ വൈദ്യുതിനിലയവും ഉൾപ്പെടെ വെള്ളത്തിലായ രാപകൽ. എറണാകുളം ഉപതെരഞ്ഞെടുപ്പ്‌ വോട്ടെടുപ്പുദിവസം നൂറുകണക്കിന്‌ വീടുകൾ വെള്ളത്തിലായിട്ടും ഒന്നുംചെയ്യാനില്ലാതെ നഗരഭരണനേതൃത്വം ഉറക്കത്തിലാണ്ട ദിവസം. അക്ഷരാർഥത്തിൽ ജനജീവിതം സ്‌തംഭിച്ച മണിക്കൂറുകളിൽ സർക്കാർ നടത്തിയ അടിയന്തര ഇടപെടലാണ്‌ നഗരത്തിന്‌ ആശ്വാസമായത്‌.

മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിർദേശം ഏറ്റെടുത്ത്‌ കലക്ടറും വിവിധ വകുപ്പുജീവനക്കാരും വിശ്രമംമറന്ന്‌ രംഗത്തിറങ്ങി. ഓപ്പറേഷൻ ബ്രേക്‌ത്രൂ എന്ന പേരിൽ നാലുമണിക്കൂർ നീണ്ട അധ്വാനത്തിലൂടെ വെള്ളക്കെട്ടിന്‌ പരിഹാരമായി. ഒപ്പം വെള്ളക്കെട്ടിന്‌ ശാശ്വതപരിഹാരമുണ്ടാക്കാൻ  സമഗ്രപദ്ധതിയും പ്രഖ്യാപിച്ചു.

അതിന്റെ തുടർച്ചയിൽ കാനകളും തോടുകളും വൃത്തിയാക്കി. ഇടുങ്ങിയവ വീതികൂട്ടി. അറ്റകുറ്റപ്പണി നടത്തി. ആവശ്യമായിടത്ത്‌ പുതിയവ നിർമിച്ചു.  ആകെ 201 നിർമാണപ്രവൃത്തികളാണ്‌ അതിലൂടെ നഗരപ്രദേശത്ത്‌ പൂർത്തിയായത്‌.
ഓപ്പറേഷൻ ബ്രേക്‌ത്രൂ പദ്ധതിയിൽ അവശേഷിക്കുന്നത്‌ മുല്ലശേരി കനാൽ നവീകരണമാണ്‌. അത്‌ വേഗത്തിലാക്കാൻ ആവശ്യമായ തീരുമാനങ്ങൾ നഗരസഭ സ്വീകരിച്ചുകഴിഞ്ഞു. 

കഴിഞ്ഞ ഡിസംബർ അവസാനമാണ്‌ എൽഡിഎഫ്‌ കൗൺസിൽ അധികാരത്തിലേറിയത്‌. വൈകാതെ വെള്ളക്കെട്ടുനിവാരണത്തിന്‌ ഇടപെടൽ തുടങ്ങി. ജോലികൾ കണ്ടെത്തി ഫെബ്രുവരിയിൽ ടെൻഡർ നടപടി ആരംഭിച്ചു. കാനകളുടെയും തോടുകളുടെയും നവീകരണവും നിശ്‌ചിതതുക വകയിരുത്തിയുള്ള ഡിവിഷനുകളിലെ ജോലികളും സമയബന്ധിതമായി പൂർത്തിയാക്കി. ഹൈക്കോടതിയുടെ മേൽനോട്ടമുണ്ടായതും നേട്ടമായി. മഴക്കാലമാകുമ്പോൾ വെള്ളക്കെട്ട് നിവാരണപ്രവർത്തനങ്ങളെപ്പറ്റി ആലോചിക്കുന്ന പതിവും മാറ്റി. എല്ലാമാസവും ഇറിഗേഷൻവകുപ്പും മറ്റുവകുപ്പുകളുമായിചേർന്ന് വെള്ളക്കെട്ട്‌ നിവാരണജോലികൾ മേയർ അവലോകനം ചെയ്യുന്നതും പുതിയ കാര്യം.

തുടരണം ബ്രേക്‌ത്രൂവും
എസ്‌റ്റീമും
പെട്ടിയും പറയും സംവിധാനം ഒഴിവാക്കിയതും എസ്റ്റീം പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചതും നഗരത്തിൽ വെള്ളക്കെട്ടിന്‌ കാരണമായതെന്നാണ്‌ കണ്ടെത്തിയിട്ടുള്ളത്‌. 2019ലെ കനത്ത മഴയെത്തുടർന്ന്‌ സംസ്ഥാന സർക്കാർ നടപ്പാക്കിയ ബ്രേക്‌ത്രൂ പദ്ധതിയിലൂടെ വെള്ളക്കെട്ടിന്‌ വലിയ കുറവുണ്ടായി.  ബ്രേക്‌ത്രൂ പദ്ധതി തുടരുന്നതോടൊപ്പം എസ്റ്റീം പദ്ധതി പൂർണമായി നടപ്പാക്കാനാണ്‌ പുതിയ കൊച്ചി നഗരസഭാ കൗൺസിൽ ശ്രമിക്കുന്നത്‌.

ഷട്ടർ സ്ഥാപിച്ച്, കനാലിലേക്ക് കായൽവെള്ളം കയറുന്നത്‌ തടയാനും കനാൽവെള്ളം കായലിലേക്കും പുഴയിലേക്കും പമ്പ് ചെയ്യാനുമുള്ള സംവിധാനമാണ് പെട്ടിയും പറയും.  പ്രധാന കനാലുകളിൽ പെട്ടിയും പറയും സ്ഥാപിച്ചിരുന്നു. യുഡിഎഫ്‌ കൗൺസിലുകളുടെ കാലത്താണ്‌ അതെല്ലാം നീക്കിയത്‌.

നഗരത്തിന്റെ പലഭാഗത്തുനിന്നും ചെറുതോടുകളിലൂടെ മഴവെള്ളം ഒഴുകിയെത്തുന്ന പേരണ്ടൂർ കനാലിന്റെ പനമ്പിള്ളിനഗർ ഭാഗത്ത്‌ പെട്ടിയും പറയും സംവിധാനം സ്ഥാപിക്കണം. മുല്ലശേരി കനാലിന്റെ ഭാഗമായ വിവേകാനന്ദ തോട്ടിലെ പെട്ടിയും പറയും പമ്പിന്റെ ശേഷി ഉയർത്തണം. പിവിഎസ് ആശുപത്രിയുടെ ഭാഗത്ത്‌ പെട്ടിയും പറയും പുനഃസ്ഥാപിക്കുകയും വേണം.

കായലിലേക്ക് വെള്ളമൊഴുക്കാൻ കൂടുതൽ കാനകളും നിർമിക്കണമെന്ന്‌ എസ്റ്റീം പദ്ധതിയിൽ നിർദേശിച്ചിട്ടുള്ളതാണ്. നിലവിൽ തേവര -പേരണ്ടൂർ കനാലിലേക്കാണ് കൂടുതൽ കാനകളും തുറക്കുന്നത്. ബാനർജി റോഡിന് വടക്കുഭാഗത്തെ സെന്റ് വിൻസെന്റ് റോഡിൽനിന്നുള്ള കാനയും പേരണ്ടൂർ കനാലിലേക്കാണ് എത്തുന്നത്. ടൗൺഹാളിനടുത്ത് കൽവർട്ടിലൂടെ കൊട്ടേക്കനാലിൽ എത്തി ഒരു കിലോമീറ്റർ തെക്കോട്ട് ഒഴുകിയാണ് വെള്ളം പേരണ്ടൂർ കനാലിലും അവിടെനിന്ന് പനമ്പിള്ളിനഗർവഴി തേവര കായലിലേക്കും ഒഴുകിപ്പോകുന്നത്. സെന്റ് വിൻസെന്റ് റോഡിൽനിന്ന് 50 മീറ്റർ പടിഞ്ഞാറേക്ക് കാന പണിതാൽ വെള്ളം നേരിട്ട് കായലിൽ എത്തിക്കാമെന്നിരിക്കെയാണിത്.

എംജി റോഡിൽനിന്ന് കായലിലേക്ക് പുതിയ ഔട്ട്‌ലെറ്റുകൾ വേണമെന്നും എസ്റ്റീം പദ്ധതി നിർദേശിക്കുന്നു. അതനുസരിച്ച് ഹോസ്പിറ്റൽ റോഡിൽനിന്ന് സുഭാഷ് പാർക്ക് വഴി കാന നിർമിച്ചിരുന്നു. ഗോപാല പ്രഭു റോഡിൽനിന്ന് മാർക്കറ്റ് കനാലിലേക്ക് കാനനിർമാണം നടക്കുന്നു. ശ്രീകണ്ഠത്ത്‌ റോഡിൽനിന്ന് ഓൾഡ് തേവര റോഡിലൂടെ കാന വരുന്നതോടെ രവിപുരം ഭാഗത്തെ വെള്ളക്കെട്ടിന് പരിഹാരമാകും. പേരണ്ടൂർ കനാലിന് മറ്റു പ്രദേശങ്ങളിലെ വെള്ളം ഉൾക്കൊള്ളാനും അതുവഴി തുറക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top