18 November Thursday

ലോകകപ്പ്‌ തോൽവിയ്‌ക്ക്‌ തിരിച്ചടിച്ച്‌ ഇന്ത്യ; ന്യൂസിലൻഡിനെ 5 വിക്കറ്റിന്‌ തോൽപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 17, 2021

Photo credit: twitter/ ICC

ജയ്‌പുർ > രോഹിത്‌ ശർമയ്‌ക്കും രാഹുൽ ദ്രാവിഡിനും കീഴിൽ പുതിയ ഇന്ത്യ അവതരിച്ചു. ട്വന്റി 20 ലോകകപ്പ്‌ റണ്ണറപ്പിന്റെ പകിട്ടുമായെത്തിയ ന്യൂസിലൻഡിനെ അഞ്ച്‌ വിക്കറ്റിന്‌ വീഴ്‌ത്തി ഇന്ത്യ പുതുയുഗത്തെ വരവേറ്റു. ട്വന്റി 20 ടീമിന്റെ ക്യാപ്‌റ്റനായുള്ള രോഹിതിന്റെയും ഇന്ത്യൻ ടീമിന്റെ പരിശീലകനായുള്ള ദ്രാവിഡിന്റെയും അരങ്ങേറ്റമായിരുന്നു. ജയത്തോടെ മൂന്ന്‌ മത്സരപരമ്പരയിൽ ഇന്ത്യ 1–-0ന്‌ മുന്നിലെത്തി. ന്യൂസിലൻഡ്‌ ഉയർത്തിയ 165 റൺ വിജയലക്ഷ്യം രണ്ടുപന്ത്‌ ബാക്കിനിൽക്കേ ഇന്ത്യ മറികടന്നു. സൂര്യകുമാർ യാദവും (40 പന്തിൽ 62) രോഹിതുമാണ്‌ (36 പന്തിൽ 48) ജയത്തിന്‌ അടിത്തറയിട്ടത്‌. സ്‌കോർ: ന്യൂസിലൻഡ്‌ 6–-164, ഇന്ത്യ 5–-166 (19.4).

ട്വന്റി 20 ലോകകപ്പിൽ സൂപ്പർ 12ൽ പുറത്തായതിന്റെ നിരാശയുമായാണ്‌ ഇന്ത്യ എത്തിയത്‌. ക്യാപ്‌റ്റൻ സ്ഥാനമൊഴിഞ്ഞ വിരാട്‌ കോഹ്‌ലിക്ക്‌ പിൻഗാമിയായി രോഹിത്‌ എത്തിയപ്പോൾ രവി ശാസ്‌ത്രിക്കുപകരമാണ്‌ ദ്രാവിഡ്‌ ചുമതല ഏറ്റെടുത്തത്‌. ഓൾറൗണ്ടർ വെങ്കിടേഷ്‌ അയ്യറെ ഉൾപ്പെടുത്തിയാണ്‌ ന്യൂസിലൻഡിനെതിരെ ഇന്ത്യ എത്തിയത്‌. ഐപിഎല്ലിൽ മിന്നിയ ഇടംകൈയന്‌ അരങ്ങേറ്റ മത്സരമായിരുന്നു. അക്‌സർ പട്ടേലും അശ്വിനുമായിരുന്നു സ്‌പിന്നർമാർ. പേസ്‌നിരയെ ഭുവനേശ്വർ നയിച്ചു. ഒപ്പം മുഹമ്മദ്‌ സിറാജും ദീപക്‌ ചഹാറും.

ടോസ്‌ നേടിയ രോഹിത്‌ ന്യൂസിലൻഡിനെ ബാറ്റിങ്ങിന്‌ അയക്കുകയായിരുന്നു. മാർടിൻ ഗുപ്‌റ്റിലും (42 പന്തിൽ 70) മാർക്‌ ചാപ്‌മാനുമാണ്‌ (50 പന്തിൽ 63) തിളങ്ങിയത്‌. ഇന്ത്യക്കായി ഭുവനേശ്വർ കുമാറും ആർ അശ്വിനും രണ്ട്‌ വിക്കറ്റുകൾ നേടി. മറുപടിയിൽ രോഹിതും സൂര്യകുമാറും ഇന്ത്യയെ അനായാസം നയിച്ചു. രോഹിത്‌ രണ്ട്‌ സിക്‌സറും അഞ്ച്‌ ഫോറും നേടിയപ്പോൾ സൂര്യകുമാർ മൂന്ന്‌ സിക്‌സും ആറ്‌ ബൗണ്ടറിയും പറത്തി. കളിയവസാനം വിറച്ചെങ്കിലും ഋഷഭ്‌ പന്ത്‌ (17 പന്തിൽ 17*) ജയം നൽകി. നാളെയാണ്‌ രണ്ടാം ട്വന്റി 20.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top