കൊല്ലം
കേരള സർക്കാരിന്റെ ശക്തമായ സമ്മർദത്തെതുടർന്ന് ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്ക് കേന്ദ്രം 1091.14 കോടി രൂപ അനുവദിച്ചു. പൊതുവിഭാഗത്തിന് 850.49 കോടിയും പട്ടികജാതി വിഭാഗത്തിന് 170.42 കോടിയും പട്ടികവർഗത്തിന് 70.23 കോടിരൂപയുമാണ് ഗ്രാമ വികസന മന്ത്രാലയം അനുവദിച്ചത്. വേതനക്കുടിശ്ശിക ആവശ്യപ്പെട്ട് എൻആർഇജി വർക്കേഴ്‌സ് യൂണിയൻ കേന്ദ്രസർക്കാരിന് നിവേദനം നൽകിയിരുന്നു.
സംസ്ഥാനത്ത് ഒന്നര മാസമായി പൊതുവിഭാഗത്തിന് 230.9 കോടിയുടെയും പട്ടികജാതി വിഭാഗത്തിന് 92.49 കോടിയുടെയും പട്ടികവർഗ വിഭാഗത്തിന് 30.24 കോടിയുടെയും കൂലി കുടിശ്ശികയാണ്. നേരത്തെ ഒറ്റ അക്കൗണ്ടിലാണ് തുക ലഭിച്ചിരുന്നത്. 2021 ഏപ്രിൽ മുതൽ ജാതി അടിസ്ഥാനത്തിൽ മൂന്ന് അക്കൗണ്ടിലാക്കി. ജാതി വിവേചനമാണെന്ന വിമർശം ഉയർന്നിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാരും നിലപാടെടുത്തു. രണ്ടു വർഷമായി തൊഴിലുറപ്പിനുള്ള കൂലി വർധിപ്പിച്ചിട്ടില്ല. തൊഴിൽദിനം ഇരുനൂറാക്കണമെന്ന ആവശ്യത്തിലും കേന്ദ്രം തീരുമാനമെടുത്തിട്ടില്ല. 2020–-21 ലെ ലേബർ ബജറ്റിൽ 10 കോടി തൊഴിൽദിനങ്ങൾക്ക് അംഗീകാരം ലഭിച്ചിരുന്നു. എന്നാൽ, 2020–-21ൽ 7.5 കോടി രൂപ മാത്രമാണ് അംഗീകരിച്ചത്. കേരളത്തിൽ തൊഴിലുറപ്പുപദ്ധതിയിൽ 90 ശതമാനവും സ്‌ത്രീകളാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..