14 November Sunday

സിഎജി കൈക്കോടാലിയാകരുത്‌: ഐസക്

സ്വന്തം ലേഖകൻUpdated: Sunday Nov 14, 2021

തിരുവനന്തപുരം > കിഫ്‌‌ബിയെ അട്ടിമറിക്കാൻ ശ്രമിക്കുന്നവരുടെ കൈക്കോടാലിയായി കംപ്‌ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ അധഃപതിക്കരുതെന്ന്‌ മുൻധനമന്ത്രി ടി എം തോമസ്‌ ഐസക്‌ പറഞ്ഞു. കിഫ്‌ബി സംസ്ഥാനത്ത് പശ്ചാത്തല സൗകര്യസൃഷ്ടിയിൽ വൻകുതിപ്പ് സൃഷ്ടിക്കുന്നു.  മൂന്നുവർഷത്തിനുള്ളിൽ കേരളത്തിന്റെ മുഖച്ഛായ  മാറ്റാനാകും. ഇത്  തകർക്കാനുള്ള നിക്ഷിപ്ത താൽപ്പര്യങ്ങളുടെ ചട്ടുകമായി  സിഎജി മാറരുത്. കഴിഞ്ഞതവണ പറഞ്ഞ  മഠയത്തരങ്ങൾ  ഇത്തവണ സിഎജി  ഉപേക്ഷിച്ചത് നന്നായെന്നും തോമസ്‌ ഐസക്‌ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. മാധ്യമ തലക്കെട്ടുകൾ സൃഷ്ടിക്കാനുള്ള മറിമായത്തിന്റെ ഭാഗമാണ് കിഫ്ബിയുടെയും പെൻഷൻഫണ്ടിന്റെയും വായ്പകൾ കൂട്ടിച്ചേർത്ത് കേരളത്തെ കടക്കെണിയിലാഴ്‌ത്തിയത്‌‌. അങ്ങനെയങ്ങ്  കേരളം  മെച്ചപ്പെടരുതെന്ന ഗൂഢനിശ്ചയമാണിത്‌. 

കിഫ്‌ബി സംസ്ഥാനത്തെ കടക്കെണിയിലാക്കുമെന്ന ആക്ഷേപം അസംബന്ധമാണ്‌. നിയമപ്രകാരം കൊടുക്കേണ്ടതിനപ്പുറം ഒരുരൂപയും സർക്കാർ കിഫ്‌ബിക്ക് ഭാവിയിൽ കൊടുക്കേണ്ടിവരില്ല . ആ നിയമം ഭരണ–-പ്രതിപക്ഷങ്ങൾ ഏകകണ്ഠമായി പാസാക്കിയതാണ്. കേന്ദ്ര സർക്കാർ വർഷവും രണ്ടുംമൂന്നും ലക്ഷം കോടിവരെ വായ്‌പ എടുക്കുന്നു. ഒരിക്കൽപ്പോലും വായ്‌പാതുകയിൽ ബജറ്റിനുപുറത്തെ വായ്‌പകൾ  ഉൾപ്പെടുത്തിയിട്ടില്ല. സംസ്ഥാനങ്ങളും ഇതേരീതിയിൽ വായ്‌പ എടുക്കുന്നു. സിഎജി ഇതിനെ ചോദ്യംചെയ്തിട്ടുമില്ല. എന്നിട്ടാണ്‌ കേരളത്തിനുനേരെ കുതിര കയറാൻ വരുന്നതെന്നും തോമസ്‌ ഐസക്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top