ദുബായ് > ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനായുള്ള ഓസ്‌ട്രേലിയയുടെ കാത്തിരിപ്പിന് അവസാനം. ന്യൂസിലൻഡിനെ എട്ട് വിക്കറ്റിന് തകർത്ത് ഓസീസ് കന്നിക്കിരീടം ഉയർത്തി. ദുബായ് ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ആധികാരികമായിരുന്നു ഓസ്‌ട്രേലിയയുടെ പ്രകടനം. ന്യൂസിലൻഡ് ഉയർത്തിയ 173 റൺ ലക്ഷ്യം ഏഴുപന്ത് ബാക്കിനിൽക്കേ ഓസീസ് മറികടന്നു. സ്‌കോർ: ന്യൂസിലൻഡ് 4–-172, ഓസ്‌ട്രേലിയ 2–-173 (18.5).
മിച്ചെൽ മാർഷാണ് (50 പന്തിൽ 77*) ഓസീസിന്റെ വിജയശിൽപ്പി. 38 പന്തിൽ 53 റണ്ണടിച്ച് ഡേവിഡ് വാർണറും മിന്നി. ക്യാപ്‌റ്റൻ കെയ്‌ൻ വില്യംസണിന്റെ (48 പന്തിൽ 85) ഇന്നിങ്‌സാണ് ന്യൂസിലൻഡിനെ 172ൽ എത്തിച്ചത്. ഓസ്‌ട്രേലിയക്കായി ജോഷ് ഹാസെൽവുഡ് മൂന്ന് വിക്കറ്റ് നേടി.
അജയ്യം ഈ ഓസീസ്
ഒരു പൂവിറുക്കുന്ന അനായാസതയോടെ ഓസ്‌ട്രേലിയ ലോകകിരീടത്തിലേക്ക് ചുവടുവെച്ചു. വിജയലക്ഷ്യം ചെറുതായിരുന്നില്ല. എന്നിട്ടും ഒട്ടും പതറാതെയായിരുന്നു ആരോൺ ഫിഞ്ചിന്റേയും കൂട്ടരുടേയും കുതിപ്പ്. ഓസീസ് പ്രഫഷണലിസത്തിന് മറ്റൊരു പൊൻതൂവൽകൂടി. സ്‌കോർ: ന്യൂസിലൻഡ് 4–-172, ഓസ്ട്രേലിയ 2–-173(18.5).
ട്വന്റി20 ലോകകപ്പ് ഫൈനലിന്റെ ഏഴാം പതിപ്പിൽ ഏഴ് പന്ത് ബാക്കിയിരിക്കെ എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം. 50 പന്തിൽ 77റണ്ണുമായി മിച്ചെൽ മാർഷും 18 പന്തിൽ 28 റണ്ണുമായി ഗ്ലെൻ മാക്‌സ്‌വെലും പുറത്താകാതെനിന്നു. രണ്ട് വിക്കറ്റെടുത്ത ട്രെന്റ് ബോൾട്ട് ഒഴികെ ഒരു ബൗളർക്കും ഓസീസിനെ പരീക്ഷിക്കാനായില്ല. മാർഷ് ആറ് ഫോറും നാല് സിക്‌സറും പറത്തി. മാക്‌സവെൽ രണ്ടും ഓരോന്നുവീതം. 38 പന്തിൽ അർധ സെഞ്ചുറി നേടിയ ഡേവിഡ് വാർണറാണ്(38 പന്തിൽ 53) വിജയത്തിന് അടിത്തറയിട്ടത്.
അഞ്ചു തവണ ഏകദിന കിരീടം നേടിയിട്ടുണ്ടെങ്കിലും ട്വന്റി ലോകകപ്പ് കിട്ടാക്കനിയായിരുന്നു. 2010ൽ ഫൈനലിൽ ഇംഗ്ലണ്ടിനോട് തോറ്റ ഓസീസിന് ദുബായിയിൽ ആഹ്‌ളാദ നിമിഷം. ന്യൂസിലൻഡിന് കലാശപ്പോരിലെ സമ്മർദം താങ്ങാൻ ഒരിക്കൽകൂടി സാധിച്ചില്ല. 2015ലെ ഏകദിന ലോകപ്പിൽ ഓസീസിനോടും 2019ൽ ഇംഗ്ലണ്ടിനോടും തോറ്റു.
ജയിക്കാൻ വേണ്ടിയിരുന്നത് 173 റൺ. മൂന്നാം ഓവറിൽ ക്യാപ്‌റ്റനും ഓപ്പണറുമായ ആരോൺ ഫിഞ്ചിനെ (ഏഴ് പന്തിൽ അഞ്ച് റൺ) നഷ്‌ടമായി. ഡേവിഡ് വാർണറും കൂട്ടെത്തിയ മിച്ചെൽ മാർഷുമാണ് കിവീസിന് വിജയം നിഷേധിച്ചത്. ഇരുവരും രണ്ടാം വിക്കറ്റിൽ 92 റണ്ണടിച്ചു. വാർണർ പതിമൂന്നാം ഓവറിൽ മടങ്ങുമ്പോൾ സ്‌കോർ 100 കടന്നിരുന്നു. നാല് ഫോറും മൂന്ന് സിക്‌സറും കണ്ടെത്തിയ വാർണർ കളി ഓസീസിന് അനുകൂലമാക്കി. 10 ഫോറും മൂന്ന് സിക്‌സറും പറത്തി 48 പന്തിൽ 85 റണ്ണടിച്ച ക്യാപ്‌റ്റൻ കെയ്‌ൻ വില്യംസണാണ് കിവീസിന് പൊരുതാനുള്ള സ്‌കോർ സമ്മാനിച്ചത്. മാർടിൻ ഗുപ്റ്റിൽ 35 പന്തിൽ 28 റണ്ണടിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..