'മണിയാശാനോടുള്ള പ്രത്യേക നന്ദി അരേക്കാപ്പുകാര്‍ സൂചിപ്പിച്ചു. ഇവരില്‍ പലരുടെയും മാതാപിതാക്കള്‍ ഇടുക്കിയുടെ വിവിധ മേഖലകളില്‍ നിന്നുള്ളവരാണ്. രാവിലെ എട്ടരയോടെ എത്തി ഒരു പകല്‍ അരേക്കാപ്പിലെ ഓരോരുത്തരെയും കണ്ട് മടങ്ങുമ്പോള്‍ സമയം മൂന്നര. ഇതിനിടെ കപ്പയും കാച്ചിലും പുഴ മീന്‍ കറിയും സ്‌നേഹത്തോടെ വിളമ്പി'- മന്ത്രി കെ രാധാകൃഷ്ണന്‍ എഴുതുന്നു
ഫേസ്ബുക്ക് കുറിപ്പ്
കനത്ത മഴ, മഞ്ഞ്,ഒരു വശത്തേക്ക് മാത്രം 28 കിലോമീറ്റര്‍ അണക്കെട്ടിലൂടെ യാത്ര... തുടര്‍ന്ന് ഒരു മണിക്കൂര്‍ കാട്ടിലൂടെ നടത്തം ...രാവിലെ ഏഴിന് ഇടമലയാറ്റിലെത്തിയപ്പോള്‍ സുരക്ഷയുടെ പേരില്‍ പൊലീസ് പറയുന്നു ...യാത്ര ഒഴിവാക്കുന്നതാകും ഉചിതം. അപ്പോള്‍ ഒരു വാക്കു മാത്രമാണ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞത്. അരേക്കാപ്പ് പട്ടിക വര്‍ഗ കോളനിയിലേക്ക് ഇതുവരെ ഒരു ജനപ്രതിനിധിയും പോയിട്ടില്ലല്ലോ... മഴയൊക്കെ മാറി... എല്ലാം ശരിയാകുമെന്നേ... നമുക്കങ്ങ് പോകാം. എം എല്‍ എ സനീഷ് ജോസഫിനും കലക്ടര്‍ ഹരിത. വി . കുമാറിനും മറിച്ചൊരഭിപ്രായമില്ല. തെരഞ്ഞെടുപ്പ് കാലത്തു പോലും ഒരു ജനപ്രതിനിധികളും എത്താത്ത ഉള്‍ക്കാടാണ് അരേക്കാപ്പ്.
മന്നാന്‍ , മുതുവാന്‍ വര്‍ഗത്തില്‍പ്പെട്ട 43 കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. ഓരോരുത്തര്‍ക്കും 7 മുതല്‍ 12 വരെ ഏക്കര്‍ ഭൂമി വനാവകാശ നിയമപ്രകാരം പതിച്ച് നല്‍കിയിട്ടുണ്ട്. കൃഷിയും ഇടമലയാര്‍ അണക്കെട്ടിലെ മീന്‍ പിടിത്തവുമായി അവര്‍ കഴിയുന്നു. തെരഞ്ഞെടുപ്പ് കാലത്ത് എല്ലാവരെയും അതിരപ്പള്ളി മലക്കപ്പാറയിലേക്ക് വിളിച്ച് വരുത്തി വോട്ട് അഭ്യര്‍ത്ഥിക്കുകയാണ് പതിവെന്ന് സ്ഥലവാസിയായ ഒരാള്‍ സൂചിപ്പിച്ചു. ചെങ്കുത്തായ ഭൂപ്രകൃതിയാണെങ്കിലും കനകം വിളയുന്ന മണ്ണാണ്. കുരുമുളകും റബറും കമുകുമൊക്കെ സമൃദ്ധമായി വിളയുന്നു.
മലഞ്ചെരുവുകളില്‍ നിന്നും ഹോസിലൂടെ ജലം സുലഭമായി കിട്ടുന്നു.. യാത്രാസൗകര്യം... അതാണ് അടിയന്തിരമായി പരിഹരിക്കേണ്ടത്. പിന്നെ കമ്യൂണിറ്റി ഹാള്‍, മൊബൈല്‍ നെറ്റ് വര്‍ക്ക്, ചികില്‍സാ സൗകര്യം.....എല്ലാം പരിഹരിക്കണം. ഒറ്റയടിപ്പാതയിലൂടെ ചാക്കു കട്ടിലില്‍ കിടത്തി ആശുപത്രിയിലെത്തിച്ച രോഗികള്‍ പലരും മരിച്ച കാര്യം പറഞ്ഞ് ഉറ്റവര്‍ വിതുമ്പി. പിന്നെ ഒരു കാര്യം സന്തോഷത്തോടെ പറയാം. എല്ലാ വീട്ടിലും വൈദ്യുതി പ്രകാശം. മുന്‍ വൈദ്യുതി മന്ത്രി എം എം മണിയുടെ കാലത്ത് എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ ഗുണഫലം.
മണിയാശാനോടുള്ള പ്രത്യേക നന്ദിയും അരേക്കാപ്പുകാര്‍ സൂചിപ്പിച്ചു. ഇവരില്‍ പലരുടെയും മാതാപിതാക്കള്‍ ഇടുക്കിയുടെ വിവിധ മേഖലകളില്‍ നിന്നുള്ളവരാണ്. രാവിലെ എട്ടരയോടെ എത്തി ഒരു പകല്‍ അരേക്കാപ്പിലെ ഓരോരുത്തരെയും കണ്ട് മടങ്ങുമ്പോള്‍ സമയം മൂന്നര. ഇതിനിടെ കപ്പയും കാച്ചിലും പുഴ മീന്‍ കറിയും സ്‌നേഹത്തോടെ വിളമ്പി. കോളനിയെ മലക്കപ്പാറയുമായി ബന്ധിപ്പിക്കാന്‍ തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മിക്കുന്ന റോഡിന്റെ രൂപീകരണ പ്രവൃത്തിക്കും മന്ത്രി തുടക്കം കുറിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ കെ റിജേഷ്, മലയാറ്റൂര്‍ ഡി എഫ് ഒ രവികുമാര്‍ മീണ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. വൈകിട്ട് ആറോടെ ഇടമലയാറ്റിലെത്തിയപ്പോള്‍ അരേക്കാപ്പില്‍ നിന്നും വന്ന് ഇടമലയാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കഴിയുന്നവരെ കണ്ട് മടങ്ങി പോകണമെന്നും അഭ്യര്‍ത്ഥിച്ചു. ഇവര്‍ ഇവിടെ കഴിയുന്നതു കൊണ്ട് 40 ആദിവാസി കുട്ടികളുടെ പഠന സൗകര്യങ്ങള്‍ കുറയുന്നു എന്ന കാര്യം അവരെ ബോധ്യപ്പെടുത്തിയാണ് കെ രാധാകൃഷ്ണന്‍ മടങ്ങിയത്. ഏതായാലും അരേക്കാപ്പുകാര്‍ക്ക് വഴി വേണം. അത് സാധ്യമാക്കുന്നതിനുള്ള ആദ്യ ചുവടുകളായിരുന്നു ഈ യാത്ര.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..