അഗളി > അട്ടപ്പാടി കോട്ടത്തറ വീട്ടിക്കുണ്ട് ഊരിന് സമീപം കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടത് ചന്ദനം മുറിച്ചുകടത്താനുള്ള ശ്രമത്തിനിടെയെന്ന് പൊലീസ്. ഒക്‌ടോബർ 15നാണ് കോട്ടത്തറ റോഡിന് സമീപം ആനചവിട്ടിയ നിലയിൽ തച്ചമ്പാറ തെക്കുംപുറം സ്വദേശി ഷിൻ ഷാജുദീന്റെ(ഷിനു-35) മൃതദേഹം കണ്ടെത്തിയത്.
ജില്ലാ ആശുപത്രിയിൽ നടത്തിയ പോസ്‌റ്റ്‌മോർട്ടത്തിൽ കാട്ടാനയുടെ ചവിട്ടേറ്റ് വാരിയെല്ലുകൾ തകർന്നതാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. അട്ടപ്പാടിയിൽ കച്ചവടത്തിനും മറ്റുമായി വരാറുള്ള യുവാവ് രാത്രിയിൽ കാട്ടാനയുടെ മുന്നിൽ അകപ്പെട്ടതാകാം എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഷിൻ ഷാജുദീന്റെ ഫോൺ നഷ്ടപ്പെട്ടതായി ഭാര്യ പ്രിയ ഷോളയൂർ പൊലീസിന് നൽകിയ പരാതിയാണ് വഴിത്തിരിവായത്.
മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഫോൺ കോയമ്പത്തൂരിലാണെന്ന് കണ്ടെത്തി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷിൻ ഷാജുദീന്റെ ഒപ്പമുണ്ടായിരുന്ന പട്ടാമ്പി വല്ലപ്പുഴ സ്വദേശികളായ പുതുവീട്ടിൽ അബ്ദുൾസലാം (46), വീട്ടിക്കുന്നത്ത് മുജീബ് എന്ന (ജാക്കി-25), ആനമൂളി സ്വദേശി ഫസൽ (33), കോട്ടത്തറ സ്വദേശി നൗഷാദ് (23) എന്നിവരെ പിടികൂടിയത്. മണ്ണാർക്കാട് മുൻസിഫ് കോടതിയിൽ ഹാജരാക്കിയ നാലുപേരെയും റിമാൻഡ് ചെയ്‌തു.
സംഭവത്തിൽ പൊലീസ് പറയുന്നത് ഇങ്ങനെ; ഒക്‌ടോബർ 15ന് രാത്രി എട്ടിന് ഷിൻ ഷാജുദീൻ ഉൾപ്പെടുന്ന സംഘം ചന്ദനം മുറിക്കാനായി ബൈക്കിൽ വീട്ടിക്കുണ്ട് വനത്തിലേക്ക് പോയി. യാത്രയ്‌ക്കിടെ സംഘം കാട്ടാനയുടെ മുന്നിൽപ്പെട്ടു. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടെങ്കിലും ഷിൻ ഷാജുദീൻ കൊല്ലപ്പെട്ടു. ആന പോയശേഷം തിരികെയെത്തിയ സംഘം ഷിൻ ഷാജുദീന്റെ രണ്ട് ഫോണും എടുത്ത് സ്ഥലം വിട്ടു. ഒരു ഫോൺ നൗഷാദിന്റെ ബന്ധുവിന് നൽകി. മറ്റൊന്ന് കോയമ്പത്തൂരിൽ വിറ്റു. ഇത് പിന്തുടർന്നാണ് ഷോളയൂർ സിഐ വിനോദ് കൃഷ്‌ണന്റെ നേതൃത്വത്തിൽ പൊലീസ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.
ജൂലൈയിൽ വീട്ടിക്കുണ്ട് മലവാരത്ത് ചന്ദനം മുറിച്ചുകടത്തിയതിന് സലാം, മുജീബ്, ഫസൽ, നൗഷാദ് എന്നിവർക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. പ്രതികളെ തെളിവെടുപ്പിനായി ഷോളയൂർ വനംവകുപ്പ് ഉദ്യേഗസ്ഥർ തിങ്കളാഴ്‌ച കസ്‌റ്റഡിയിൽ വാങ്ങും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..