ഗാനഗന്ധർവൻ യേശുദാസിന്റെ ചലച്ചിത്ര സംഗീത ജീവിതത്തിന് നാളെ അറുപത് വയസ്സ്. 1961 നവംബർ 14നാണ് യേശുദാസിന്റെ ആദ്യ ചലച്ചിത്ര ഗാനം റെക്കോർഡ് ചെയ്യുന്നത്. കെ എസ് ആന്റണിയുടെ ‘കാൽപ്പാടുകൾ' എന്ന സിനിമയിൽ ‘ജാതിഭേദം മതദ്വേഷം' എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടിയായിരുന്നു തുടക്കം. മലയാളികളുടെ രാപകലുകളെ സംഗീത സുരഭിലമാക്കിയ യേശുദാസിലെ ഗായകനെക്കുറിച്ചും വ്യക്തിയെക്കുറിച്ചും സംഗീത സംവിധായകനും ഗായകനുമായ രമേഷ് നാരായണൻ എഴുതുന്നു
പൂർണതയ്‌ക്കായുള്ള നിരന്തര അന്വേഷണമാണ് സംഗീതം. ദാസേട്ടന്റെ ജീവിതവും മറ്റൊന്നല്ല. മലയാളികളുടെ, ഭാരതീയരുടെ അഭിമാനസ്‌തംഭമാണ് ഗാനഗന്ധർവൻ യേശുദാസ്. ശാസ്‌ത്രീയ സംഗീതമാകട്ടെ, ലളിത സംഗീതമാകട്ടെ ചലച്ചിത്ര സംഗീതമാകട്ടെ ഏതു സംഗീതശാഖയും ഒരുപോലെ കൈകാര്യം ചെയ്യാൻ ത്രാണിയുള്ള ഒരേയൊരു ആളേ ഇന്ന് ഇന്ത്യയിൽ ജീവിച്ചിരിപ്പുള്ളൂ, അത് നമ്മുടെ കെ ജെ യേശുദാസാണ്. ലോകത്തിനു മുന്നിൽ മലയാളികൾക്ക് അഭിമാനപൂർവം ഉയർത്തിക്കാണിക്കാവുന്ന നാമധേയവും ദാസേട്ടന്റേതുതന്നെ. ആദ്യഗാനമായ ‘ജാതിഭേദം മതദ്വേഷം' എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം ദാസേട്ടൻ പാടിയിട്ട് ആറു പതിറ്റാണ്ട് പിന്നിടുകയാണ്.
എന്റെ സംഗീത ജീവിതത്തിൽ എന്നെ ഏറെ സ്വാധീനിച്ചിട്ടുള്ള സംഗീതജ്ഞനാണ് ദാസേട്ടൻ. എനിക്ക് 14 വയസ്സുള്ളപ്പോൾ വോയ്‌സ് ഓഫ് തൃശൂർ സംഘടിപ്പിച്ച അഖില കേരള സംഗീതമത്സരത്തിൽ ഗിത്താറിലും വോക്കലിലും സമ്മാനം കിട്ടി. യേശുദാസാണ് അന്ന് എനിക്ക് സമ്മാനം തന്നത്. ദേവരാജൻ മാസ്റ്ററുടെ നേതൃത്വത്തിൽ അന്ന് ഓർക്കസ്‌ട്ര നടക്കുന്നുണ്ടായിരുന്നു. ഓർക്കസ്‌ട്രയ്‌ക്കിടെ ദേവരാജൻ മാസ്റ്ററുടെ മുന്നിൽവച്ച് യേശുദാസ് സമ്മാനംതന്ന ആ നിമിഷം മനസ്സിൽനിന്ന് ഒരിക്കലും മായില്ല. ഒരു നിമിത്തമെന്നോണം പിന്നീടിങ്ങോട്ട് നിരവധി സിനിമയിൽ അദ്ദേഹവുമായി സഹകരിക്കാനായി. ‘വൈറ്റ് ബോയ്‌സ്’ എന്ന ചിത്രത്തിൽ ഞാൻ സംഗീതം നൽകിയ ‘ആദിത്യ കിരണങ്ങൾ’ എന്ന ഗാനത്തിന് ദാസേട്ടന് മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് കിട്ടി; ഒപ്പം എനിക്ക് സംഗീത സംവിധായകനുള്ള അവാർഡും. പിന്നീട് പി ടി കുഞ്ഞുമുഹമ്മദിന്റെ ‘വിശ്വാസപൂർവം മൻസൂർ’ എന്ന ചിത്രത്തിൽ ഞാൻ ഈണംനൽകിയ ഗാനത്തിന് ദാസേട്ടന് ദേശീയ അവാർഡും ലഭിച്ചു. ‘വിശ്വാസപൂർവം മൻസൂറിലെ പോയ് മറഞ്ഞ കാലം എന്ന ഗാനത്തിന്റെ റെക്കോഡിങ് പൂർണമായി കഴിഞ്ഞിട്ടും വീണ്ടും ദാസേട്ടൻ എന്നെ വിളിച്ചുചോദിച്ചു, ‘ഒന്നുകൂടി മെച്ചപ്പെടുത്താനുണ്ട്, ഒരിക്കൽ കൂടി പാടിയാലോ?’ എന്ന്. അത്രമാത്രം സമർപ്പണബോധമുള്ള സംഗീതജ്ഞനാണ് ദാസേട്ടൻ. അദ്ദേഹത്തിന്റെ 78–-ാം വയസ്സിലാണ് ഇതെന്ന് ഓർക്കണം.
ഒരു പാട്ട് അതിന്റെ പൂർണതയിൽ എത്തുന്നത് ഒരു സംഗീത സംവിധായകന്റെ മാത്രം കഴിവല്ല. നമ്മൾ സംഗീതം നൽകുന്ന വരികളുടെ മേന്മയും, ആ വരികൾ പാടുന്ന ഗായകന്റെ അർപ്പണബോധവും പ്രധാനമാണ്. പുതുതലമുറ ഗായകർ കണ്ടുപഠിക്കേണ്ട ഒന്നാണ് ദാസേട്ടന് സംഗീതത്തിനോടുള്ള ആത്മാർഥത. ഇപ്പോഴും അദ്ദേഹം രാഗങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ ജനറേഷൻ കമ്പ്യൂട്ടറിൽ പാട്ടുണ്ടാക്കുന്നവരാണ്. ഒരിക്കൽ വന്ന് പാടുകയും ബാക്കി സോഫ്‌ട്‌വെയർ ശരിയാക്കിക്കൊള്ളുമെന്ന ചിന്താഗതി ഉള്ളവരുമുണ്ട്. ഈ ചിന്താഗതിക്ക് എതിരായിരുന്നു ദാസേട്ടന്റെ സമീപനം. ഒരു പാട്ട് നന്നാക്കാൻ എത്ര കഠിനാധ്വാനം ചെയ്യാനും അദ്ദേഹം ഒരുക്കമാണ്. നന്നായി പാടണമെന്ന് കരുതുന്ന കുട്ടികൾ ഉണ്ടെങ്കിലും സാധകബലം, പാട്ടിനോടുള്ള സമർപ്പണം, പറഞ്ഞുകൊടുക്കുന്നത് മനസ്സിലാക്കാനുള്ള കഴിവ് ഇതെല്ലാം എത്രയോ മെച്ചപ്പെടാനുണ്ട്. ഇത് സ്വയം മനസ്സിലാക്കി പരിശ്രമിക്കണം. ഇന്ന് ശ്രുതി തിരുത്താനും ശബ്ദത്തിന് മിഴിവേകാനുമെല്ലാം സാങ്കേതികവിദ്യകൾ ഏറെയുണ്ട്. പാട്ട് മെച്ചപ്പെടുത്താൻ ആത്മാർപ്പണം ചെയ്യുന്നതിനുപകരം ടെക്‌നോളജി ഉണ്ടെന്ന ഉറപ്പിൽ പടിപ്പോകുന്ന ശൈലി നന്നല്ല. ദാസേട്ടനെപ്പോലുള്ള ഗായകർ ഇവിടെയാണ് വ്യത്യസ്‌തരാകുന്നത്. നമ്മുടെ കഴിവ് നിരന്തരം തേച്ചുമിനുക്കി എടുക്കുമ്പോഴാണ് കൂടുതൽ തിളങ്ങുക. അത് എങ്ങനെ സാധിക്കുമെന്ന ചിന്തയും അതിനായുള്ള നിരന്തര പരിശ്രമവുമാണ് ഒരു കലാകാരന് ആവശ്യം. എം എസ് വിശ്വനാഥൻ, ദക്ഷിണാമൂർത്തി സ്വാമികൾ, സലിൽ ചൗധരി തുടങ്ങിയ മഹാരഥൻമാരോടൊപ്പം പ്രവർത്തിച്ച് അവരുടെയൊക്കെ അനുഭവങ്ങളിൽനിന്ന് ഉയിരെടുത്തതാണ് ദാസേട്ടന്റെ സംഗീതം.
യേശുദാസ് അദ്ദേഹത്തിന്റെ നിലപാടുകളുടെ പേരിൽ പലപ്പോഴും വിമർശത്തിന് ഇരയായിട്ടുണ്ട്. അദ്ദേഹം അദ്ദേഹത്തിന്റെ കാഴ്‌ചപ്പാടുകളാണ് പല ഘട്ടത്തിലായി മുന്നോട്ടുവച്ചത്. അദ്ദേഹത്തിന്റെ നിലപാടുകളുടെയും അഭിപ്രായങ്ങളുടെയും പേരിൽ അദ്ദേഹത്തിന്റെ സംഗീതമേഖലയിലുള്ള സംഭാവനകൾ റദ്ദാകുന്നില്ല. സംഗീതത്തിനായി ജീവിതം സമർപ്പിച്ച വ്യക്തിയാണ് ദാസേട്ടൻ. വ്യക്തിപരമായ ഒരു ആഗ്രഹംകൂടി പങ്കുവയ്‌ക്കട്ടെ. അടുത്ത ‘ഭാരതരത്നം’ ദാസേട്ടനാകട്ടെ. ദാസേട്ടന്റെ സംഗീതസപര്യ ഇനിയും ഊർജിതമായി മുന്നോട്ടുപോകട്ടെയെന്ന് ഹൃദയംകൊണ്ട് ആശംസിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..