തിരുവനന്തപുരം
കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് തമ്മിലടി മൂക്കുന്നു. നേതൃത്വത്തിന്റെ ഏകപക്ഷീയ നീക്കങ്ങൾക്ക് തടയിടാൻ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈക്കമാൻഡിന് പരാതി നൽകും.ഇതിനായി അടുത്ത ദിവസം തന്നെ ഇവർ ദില്ലിക്ക് പോകും. സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും നേരിട്ടുകാണാനാണ് തീരുമാനം. മുല്ലപ്പള്ളി രാമചന്ദ്രനും നേതൃത്വത്തിനെതിരെ ഹൈ ക്കമാൻഡിനെ സമീപിച്ചു.
പുനഃസംഘടനയ്‌ക്ക് ഹൈക്കമാൻഡ് സമ്മതം മൂളിയതായാണ് സൂചന. കെ സി വേണുഗോപാലിന്റെ നിർദേശപ്രകാരമാണ് കെ സുധാകരൻ നീക്കങ്ങൾ. സുധാകരനുമായി പല കാര്യത്തിലും അകൽച്ചയുണ്ടെങ്കിലും വി ഡി സതീശനും ഇക്കാര്യത്തിൽ ഗ്രൂപ്പുകൾക്കെതിരാണ്.
മുതിർന്ന നേതാക്കളുടെ നീക്കം തിരിച്ചറിഞ്ഞ് ഉമ്മൻചാണ്ടിയുടെ തലസ്ഥാനത്തെ വിശ്വസ്‌തനായ മുൻ കെപിസിസി സെക്രട്ടറി എം എ ലത്തീഫിനെ സുധാകരൻ സസ്‌പെൻഡ് ചെയ്‌തു. സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കാനാണ് നടപടി. പ്രതികരിച്ചാൽ വെട്ടിയൊതുക്കുമെന്ന ഭീഷണിയാണ് നേതൃത്വം നൽകുന്നത്. സുധാകരനെതിരെ രൂക്ഷ പ്രതികരണവുമായി ഇയാളും രംഗത്തെത്തി. സംഘടനാ തെരഞ്ഞെടുപ്പിൽനിന്ന് ഒഴിവാക്കാനാണ് നടപടിയെന്നാണ് പ്രതികരിച്ചത്. അതേസമയം, ഐ ഗ്രൂപ്പിനൊപ്പമുണ്ടായിരുന്ന പലരെയും കൂറുമാറ്റി സ്വന്തം ഗ്രൂപ്പിന് രൂപം നൽകാനാണ് സതീശന്റെ നീക്കം. എ ഗ്രൂപ്പിൽ വിള്ളലുണ്ടാക്കാനാണ് അവർക്കൊപ്പം നിൽക്കുന്നവരെ വെട്ടിയൊതുക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..