13 November Saturday
യുഡിഎഫ്‌ സർക്കാർ ശ്രമിച്ചത്‌ 1,18,050 കോടി രൂപയുടെ വിദേശ വായ്‌പയ്‌ക്ക്‌

അന്ന്‌ അതിവേഗ തള്ള്‌; ഇന്ന്‌ അള്ള്‌ ; വിദേശ വായ്‌പയ്‌ക്ക്‌ ആദ്യം ശ്രമിച്ചത്‌ ഉമ്മൻചാണ്ടി

സ്വന്തം ലേഖകൻUpdated: Friday Nov 12, 2021



തിരുവനന്തപുരം
സംസ്ഥാനത്ത്‌ അതിവേഗ റെയിൽപ്പാത (ഹൈസ്‌പീഡ്‌ റെയിൽ കോറിഡോർ) എന്ന ആവശ്യവുമായി കേന്ദ്ര സർക്കാരിനെ ആദ്യം സമീപിച്ചത്‌ ഉമ്മൻചാണ്ടി. 2012 ഫെബ്രുവരി ഒമ്പതിനാണ്‌ അന്ന്‌ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻസിങ്ങിനെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയും  കെപിസിസി പ്രസിഡന്റായിരുന്ന രമേശ്‌ചെന്നിത്തലയും സന്ദർശിച്ച്‌ തിരുവനന്തപുരം മുതൽ കാസർകോട്‌ വരെ അതിവേഗ റെയിൽപ്പാത എന്ന ആവശ്യം ഉന്നയിച്ചത്‌. 

പദ്ധതിക്ക്‌  തുക ജപ്പാനിൽനിന്ന്‌ വായ്‌പയായി ലഭ്യമാക്കാൻ സഹായിക്കണമെന്നും അഭ്യർഥിച്ചു. സന്ദർശന ശേഷം പദ്ധതിക്ക്‌ കേന്ദ്രസർക്കാരിന്റെ തത്വത്തിലുള്ള അനുമതി  ലഭിച്ചുവെന്ന്‌ ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഡൽഹിയിൽ  വാർത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചു.  ജപ്പാനിൽനിന്ന്‌ വായ്‌പ ലഭ്യമാക്കാൻ സഹായിക്കാമെന്ന്‌ അറിയിച്ച  പ്രധാനമന്ത്രിക്ക്‌ വാർത്താ സമ്മേളനത്തിൽ ഇരുവരും നന്ദിയും പറഞ്ഞു.അതിവേഗ പാതയ്‌ക്ക്‌ 2012ൽ നിർമാണ ചെലവ്‌ കണക്കാക്കിയിരുന്നത്‌ 1,18,050 കോടി രൂപയായിരുന്നു. ഈ തുക ജപ്പാനിൽനിന്ന്‌ വായ്‌പയായി സ്വീകരിക്കാനായിരുന്നു യുഡിഎഫ്‌ സർക്കാരിന്റെ ശ്രമം. എന്നാൽ എൽഡിഎഫ്‌ സർക്കാർ ആവിഷ്‌കരിച്ച അർധ അതിവേഗ പാതയ്‌ക്ക്‌ പരമാവധി ചെലവ്‌ 2021ലും 65,000  കോടി മാത്രമാണ്‌.  കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ കെ റെയിലിന്റെ സ്വപ്‌ന പദ്ധതിക്ക്‌ 33,700 കോടിമാത്രമാണ്‌ വിദേശവായ്‌പ സ്വീകരിക്കുന്നത്‌.   ബാക്കി തുക വിവിധ സർക്കാർ ഏജൻസികൾ വഴിയാണ്‌ കണ്ടെത്തുന്നത്‌.

സ്വന്തംഭരണകാലത്ത്‌  1,18,050 കോടി രൂപയുടെ വിദേശ വായ്‌പയ്‌ക്ക്‌ ശ്രമിച്ച  ഉമ്മൻചാണ്ടിയും യുഡിഎഫുമാണ്‌ ഇപ്പോൾ  33,700 കോടിയുടെ വിദേശവായ്‌പ കേരളത്തെ കടക്കെണിയിലാക്കുമെന്ന്‌ പ്രചരിപ്പിച്ച്‌ പദ്ധതിക്ക്‌ അള്ളുമായി ഇറങ്ങിയിട്ടുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top