12 November Friday
ന്യൂസിലൻഡിന്റെ കുതിപ്പിൽ നീഷം നിർണായകമായി

നീഷം മന്ത്രിക്കുന്നു, സമയമായില്ല ; വിജയാഹ്ലാദമില്ലാതെ ഓൾറൗണ്ടർ

വെബ് ഡെസ്‌ക്‌Updated: Friday Nov 12, 2021


ദുബായ്‌
ന്യൂസിലൻഡ്‌ ഓൾറൗണ്ടർ ജിമ്മി നീഷം ചോദിക്കുന്നത്‌ ആഘോഷിക്കാൻ സമയമായോ എന്നാണ്‌. ഇംഗ്ലണ്ടിനെതിരെ വിജയറൺ കുറിച്ചപ്പോൾ തുള്ളിച്ചാടുന്ന സഹകളിക്കാർക്കരികിൽ യാതൊരു ഭാവമാറ്റവുമില്ലാതെ ഇരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമായി. ആ ഇരിപ്പിനെക്കുറിച്ച്‌ നീഷം ട്വിറ്ററിൽ കുറിച്ചു  ‘ജോലി അവസാനിച്ചോ? എനിക്കങ്ങനെ തോന്നുന്നില്ല’.

ഫൈനൽ ബാക്കിയുണ്ടെന്നാണ്‌ ഓർമപ്പെടുത്തൽ. ഇംഗ്ലണ്ടിനെതിരായ സെമി വിജയം മുപ്പത്തൊന്നുകാരനെ സംബന്ധിച്ച്‌ കൂടുതൽ മധുരതരമാണ്‌. രണ്ടു വർഷംമുമ്പ്‌ ഏകദിന ലോകകപ്പ്‌ ഫൈനൽ സൂപ്പർ ഓവറിലേക്ക്‌ നീണ്ടപ്പോൾ ക്രീസിൽ നീഷമുണ്ടായിരുന്നു. ജയിക്കാൻ വേണ്ടിയിരുന്നത്‌ ആറ്‌ പന്തിൽ 16 റൺ. അഞ്ചു പന്തും നേരിട്ടത്‌ ഈ ഓൾറൗണ്ടറാണ്‌. അവസാന പന്തിൽ കൂട്ടാളിയായ മാർടിൻ ഗുപ്‌റ്റിൽ രണ്ട്‌ റണ്ണെടുത്താൽ ലോകകിരീടം നേടാമായിരുന്നു. എന്നാൽ ഒരു റണ്ണെടുത്തശേഷം റണ്ണൗട്ടായി. പിന്നീടാണ്‌ ബൗണ്ടറികളുടെ എണ്ണത്തിൽ ഇംഗ്ലണ്ട്‌ ലോക ജേതാക്കളായത്‌. സ്വപ്‌നത്തിലും വിടാതെ പിന്തുടരുന്ന ആ നിരാശ മറക്കാൻ നീഷമിന്‌ ഈ ലോകകിരീടം വേണം.

  ബുധനാഴ്‌ച സെമിയിൽ ആറാമനായി ക്രീസിലെത്തുമ്പോൾ ന്യൂസിലൻഡിന്‌ വേണ്ടിയിരുന്നത്‌ 60 റണ്ണാണ്‌. ബാക്കിയുള്ളത്‌ 29 പന്തുകളും. പതിനാറാം ഓവറിലാണ്‌ ക്രീസിലെത്തിയത്‌. നേരിട്ടത്‌ 11 പന്തുകൾ. നേടിയത്‌ 27 റൺ. മൂന്ന്‌ സിക്‌സറും ഒരു ഫോറും. സ്‌ട്രൈക്ക്‌ റേറ്റ്‌ 245.45. ക്രിസ്‌ ജോർദാന്റെ 17–-ാം ഓവറിലാണ്‌ വിശ്വരൂപം കണ്ടത്‌. രണ്ട്‌ സിക്‌സറും ഒരു ഫോറും അടക്കം 23 റൺ. പതിനെട്ടാം ഓവറിൽ പുറത്താകുമ്പോൾ ന്യൂസിലൻഡ്‌ വിജയത്തിന്‌ അരികെയെത്തിയിരുന്നു. 12 പന്തിൽ 20 റൺ.

പരിക്ക്‌ അലട്ടിയിരുന്നതിനാൽ  2017ൽ വിരമിക്കാനൊരുങ്ങിയതാണ്‌. 2019ലെ ലോകകപ്പ്‌ മാനസികമായി ഉലച്ചു. ക്യാപ്‌റ്റൻ കെയ്‌ൻ വില്യംസണിന്റെ നിർബന്ധത്തിന്‌ വഴങ്ങിയാണ്‌ തുടർന്നത്‌.

ഓക്ക്‌ലൻഡിൽനിന്നുള്ള ഈ ചെറുപ്പക്കാരന്റെ മുഴുവൻ പേര്‌ ജെയിംസ്‌ ഡഗ്ലസ്‌ ഷിയാഹാൻ നീഷം എന്നാണ്‌. 2010ലെ അണ്ടർ 19 ലോകകപ്പാണ്‌ വഴിത്തിരിവായത്‌. ഇടംകൈയൻ ബാറ്റ്‌സ്‌മാനും വലംകൈയൻ മീഡിയം ഫാസ്‌റ്റ്‌ബൗളറുമായ നീഷം 2012ൽ ട്വന്റി 20യിൽ അരങ്ങേറി. ഒമ്പതുവർഷത്തിനിടെ 35 ട്വന്റി 20 കളിച്ചു. 397 റണ്ണും 21 വിക്കറ്റും സമ്പാദ്യം. ഉയർന്ന സ്‌കോർ 48 ആണ്‌. 12 ടെസ്‌റ്റും 66 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്‌. ടെസ്‌റ്റിൽ സെഞ്ചുറിയുണ്ട്‌ (137).  ഏകദിനത്തിൽ ഉയർന്ന സ്‌കോർ 98.               


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top