ന്യൂഡൽഹ
കോൺഗ്രസിലെ അശോക് ഗെലോട്ട്–- സച്ചിൻ പൈലറ്റ് വിഭാഗങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന രാജസ്ഥാനിൽ വെടിനിർത്തലിന് ഹൈക്കമാൻഡിന്റെ തീവ്രശ്രമം. മുഖ്യമന്ത്രി അശോക് ഗെലോട്ടുമായും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റുമായും ഡൽഹിയിൽ കൂടിക്കാഴ്‌ച നടത്തി. വിശ്വസ്‌തരെ ഉൾപ്പെടുത്തിയുള്ള മന്ത്രിസഭാ അഴിച്ചുപണിയാണ് പൈലറ്റിന്റെ ഒത്തുതീർപ്പ് നിർദേശം. പൈലറ്റിന്റെ ചില അനുയായികളെ ഉൾപ്പെടുത്തുന്നതിനോട് ഗെലോട്ടിന് വിയോജിപ്പാണ്. വ്യാഴാഴ്‌ച കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഗെലോട്ട് കൂടിക്കാഴ്‌ച നടത്തി.
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും രാജസ്ഥാൻ ചുമതലയുള്ള അജയ് മാക്കനും ചർച്ചയിൽ പങ്കാളികളായി. ബുധനാഴ്‌ച ഗെലോട്ട് പ്രിയങ്കാ ഗാന്ധിയുമായി നടത്തിയ ചർച്ചയിലും വേണുഗോപാലും മാക്കനും പങ്കെടുത്തു. ബുധൻ രാവിലെ സച്ചിൻ പൈലറ്റ് ഡൽഹിയിലെത്തി വേണുഗോപാലിനെ കണ്ടതിനുശേഷമാണ് ഗെലോട്ടിനെ നേതൃത്വം വിളിച്ചുവരുത്തിയത്.
മന്ത്രിസഭാ അഴിച്ചുപണിയിൽ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് ഗെലോട്ട് സോണിയയെ കണ്ടശേഷം മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങൾ ക്ഷമ കാട്ടണമെന്നും അഴിച്ചുപണി എപ്പോഴെന്ന കാര്യത്തിൽ തനിക്കറിയാത്ത കാര്യങ്ങൾ അവർ റിപ്പോർട്ട് ചെയ്യുകയാണെന്നും ഗെലോട്ട് കൂട്ടിച്ചേർത്തു.
നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടുവർഷംപോലുമില്ലാത്ത സാഹചര്യത്തിൽ മന്ത്രിസഭാ അഴിച്ചുപണി വേഗത്തിലുണ്ടാകണമെന്ന് സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടു. കോൺഗ്രസ് പ്രവർത്തകർക്ക് പ്രാതിനിധ്യമുള്ള സർക്കാരാണ് വേണ്ടത്. പ്രവർത്തകരാണ് താഴെത്തട്ടിൽ പാർടിക്കായി പൊരുതുന്നത്. നേതാക്കൾ പ്രസംഗിച്ചുപോകാറേയുള്ളൂ. ബിജെപിയെ തോൽപ്പിക്കാൻ ആത്മാർഥമായി നിലകൊണ്ടവർക്ക് പ്രാതിനിധ്യമുണ്ടാകണം–- പൈലറ്റ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..