
കരുനാഗപ്പള്ളി: വിദേശത്ത് വെച്ചുണ്ടായ ബിസിനസ് തർക്കത്തിന്റെ പേരിൽ പ്രവാസിയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ കൂടി അറസ്റ്റില്ട. കരുനാഗപ്പള്ളി അയണിവേലികുളങ്ങര കോഴിക്കോട് പ്രഫസർ ബംഗ്ലാവിൽ അബ്ദുൽ സമദിനെ (46) കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ആലുവ കാഞ്ഞൂർ നെടുപുറത്ത് വീട്ടിൽ ഗോകുൽ (25), ആലുവ കാഞ്ഞൂർ പയ്യപ്പള്ളി വീട്ടിൽ അരുൺ ജോർജ് (28) എന്നിവരാണ് പൊലീസ് പിടിയിലായത്.
കൊല്ലം ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ സ്വദേശിയും അബ്ദുൽ സമദിന്റെ ബന്ധുവുമായ ഹാഷിം എന്നയാളാണ് രണ്ട് ലക്ഷം രൂപക്ക് അരിനല്ലൂർ സ്വദേശി ഷിനു പീറ്റർ ഉൾപ്പെടെയുള്ള സംഘത്തിന് ക്വട്ടേഷൻ നൽകിയത്. കൊല്ലം, എറണാകുളം, പാലക്കാട് ജില്ലകളിൽ നിരവധി കേസുകളിൽ പ്രതിയാണ് ഷിനു.
കഴിഞ്ഞ ഒക്ടോബർ 24ന് ആണ് കേസിനാസ്പദമായ സംഭവം. രാത്രി 8.30ഓടെ കാറിലെത്തിയ ക്വട്ടേഷൻ സംഘം ശാസ്താംകോട്ടയിൽ നിന്നും സ്കൂട്ടറിൽ വന്ന സമദിനെ കരുനാഗപ്പള്ളി മാർക്കറ്റ് റോഡിൽ വെച്ച് ഇടിച്ചു വീഴ്ത്തിയശേഷം കമ്പിവടികൊണ്ട് അടിച്ച് സാരമായി പരിക്കേൽപിക്കുകയായിരുന്നു.
കൊല്ലം സിറ്റി ജില്ല പൊലീസ് മേധാവി ടി. നാരായണന് അബ്ദുൽ സമദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പൊലീസ് നടത്തിയ അന്വേഷണത്തിൽ സി.സി.ടി.വി ദൃശ്യങ്ങളും ഫോൺ കാളുകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്.
അരുൺ ജോർജ് എറണാകുളം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളിലെ പ്രതിയാണ്. കേസിൽ അരിനല്ലൂർ, ശാസ്താംകോട്ട സ്വദേശികളായ ഷിനു പീറ്റർ, ഉമർ മുക്താർ, മുഹമ്മദ് സുഹൈൽ എന്നീ മൂന്ന് പ്രതികൾ നേരത്തെ പിടിയിലായിരുന്നു.
കരുനാഗപ്പള്ളി എ.സി.പി ഷൈനു തോമസിന്റെ നിർദേശപ്രകാരം കരുനാഗപ്പള്ളി എസ്.എച്ച്.ഒ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അലോഷ്യസ് അലക്സാണ്ടർ, ഓമനക്കുട്ടൻ, എ.എസ്.ഐമാരായ ഷാജിമോൻ, സി.പി.ഒ സലിം എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments