11 November Thursday

പുരാവസ്‌തു തട്ടിപ്പ്‌ : ലക്ഷ്‌മണ പൊലീസ്‌ ക്ലബും കച്ചവട കേന്ദ്രമാക്കി

വെബ് ഡെസ്‌ക്‌Updated: Thursday Nov 11, 2021


തിരുവനന്തപുരം
മോൻസൺ മാവുങ്കലിന്റെ വ്യാജ പുരാവസ്‌തുക്കൾ വിൽക്കാൻ ഐജി ലക്ഷ്‌മണ തിരുവനന്തപുരം പൊലീസ്‌ ക്ലബ്‌ ഉപയോഗിച്ചതായി ക്രൈംബ്രാഞ്ച്‌ കണ്ടെത്തൽ.  കഴിഞ്ഞ ആഗസ്‌ത്‌ അഞ്ചിനാണ്‌ പൊലീസ്‌ ക്ലബ്ബിൽ കച്ചവടം നടന്നത്‌. ആന്ധ്ര സ്വദേശി സുജിതയും ഇവിടെയുണ്ടായിരുന്നു.

2017 ജൂലൈ എട്ടിന് ആലപ്പുഴയിൽ ഹൗസ്‌ബോട്ടിൽ ഐജിയും  മോൻസണും ആന്ധ്രയിൽ നിന്നുള്ളവരും ഒത്തുകൂടിയ ചിത്രവും  ക്രൈംബ്രാഞ്ചിന്‌ ലഭിച്ചു. 2020 ജൂലായ് 21-ന് ചേർത്തലയിലെ റിസോർട്ടിൽ ഐജി, സുജിത, മോൻസൺ എന്നിവർ ഒത്തുകൂടിയ വിവരവും  ലഭിച്ചിട്ടുണ്ട്‌. സംസ്ഥാന പൊലീസ്‌ മേധാവി അനിൽകാന്ത്‌ ആഭ്യന്തര വകുപ്പിന്‌ കൈമാറിയ റിപ്പോർട്ടിലാണ്‌ ഇക്കാര്യങ്ങളുള്ളത്‌.

സുജിത ആന്ധ്രയിലെ വ്യാപാര ഇടനിലക്കാരിയാണ്‌. ഇവരെ കൊച്ചിയിൽ എത്തിച്ചത്‌ ഐജിയാണ്‌. തുടർന്ന്‌ തിരുവനന്തപുരം പൊലീസ്‌ ക്ലബ്ബിൽ ഐജിയുടെ അതിഥിയായി എത്തി. ഈ സമയം ഇവിടെ പുരാവസ്തുക്കൾ സുജിതയ്ക്ക് പരിശോധിക്കാനായി എത്തിച്ചു. പൊലീസ് ഉദ്യോഗസ്ഥനെക്കൊണ്ട്‌ പുരാവസ്‌തു എത്തിച്ചതിന്റെ വാട്‌സാപ്‌ ചാറ്റ് വിവരവും  അന്വേഷക സംഘത്തിന്‌ ലഭിച്ചു. 

ആലപ്പുഴയിൽ വിവാഹച്ചടങ്ങിന്‌ പോയപ്പോഴാണ്‌ റിസോർട്ടിൽ താമസിച്ചതും ഹൗസ്‌ ബോട്ട്‌ യാത്ര നടത്തിയതും. മോൻസൺ അറസ്‌റ്റിലായ ദിവസവും ഐജി മോൻസണിന്റെ ചേർത്തലയിലെ വീട്ടിലുണ്ടായിരുന്നതായാണ്‌ വിവരം. മോൻസണിനെതിരെ  സ്‌പെഷ്യൽ ബ്രാഞ്ച് നടത്തിയ  അന്വേഷണം ചോർത്തി നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top