ന്യൂഡൽഹി
ഗുജറാത്ത് വംശഹത്യ കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉൾപ്പെടെ ക്ലീൻ ചിറ്റ് നൽകിയവർക്ക് പിന്നീട് നേട്ടങ്ങളുണ്ടായെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ. എസ്‌ഐടി തലവനായിരുന്ന ആർ കെ രാഘവൻ 2017 ആഗസ്‌തിൽ സിപ്രസ് ഹൈ കമീഷണറായി നിയമിതനായി. അഹമ്മദാബാദ് പൊലീസ് കമീഷണറായിരുന്ന പി സി പാണ്ഡെ ഗുജറാത്ത് ഡിജിപിയായി നിയമിക്കപ്പെട്ടു. കേസിൽ ഒരുരീതിയിലുള്ള അന്വേഷണവും എസ്‌ഐടി നടത്തിയിട്ടില്ല. അവരെ സംബന്ധിച്ച് എസ്‌ഐടി എന്നാൽ സിറ്റ് (വെറുതേ ഇരിക്കുക) എന്നാണർഥം. വസ്‌തുതാ വിരുദ്ധ നിഗമനങ്ങളിലാണ് എസ്‌ഐടി എത്തിയത്. അഹമ്മദാബാദ് പൊലീസ് കമീഷണറുടെ ദുരൂഹപ്രവർത്തനം അന്വേഷിച്ചില്ല. കലാപകാലത്ത് കമീഷണർ ഓഫീസിൽ വെറുതേ ഇരുന്ന അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. പിന്നീട് ഇതേകമീഷണറെ ഗുജറാത്ത് ഡിജിപിയാക്കി. ഇത്തരം കാര്യങ്ങളൊന്നും അന്വേഷിച്ചിട്ടില്ല–- മോദിക്ക് ഉൾപ്പെടെ എസ്‌ഐടി ക്ലീൻ ചിറ്റ് നൽകിയതിനെതിരായ കേസിൽ കപിൽസിബൽ ചൂണ്ടിക്കാട്ടി.
ഗുജറാത്ത് വംശഹത്യ കേസുകളിൽ വിഎച്ച്‌പിക്കാരെയാണ് പബ്ലിക് പ്രോസിക്യൂട്ടർമാരാക്കിയതെന്നും കപിൽ സിബൽ പറഞ്ഞു. കലാപങ്ങളിൽ വിഎച്ച്‌പി വലിയ പങ്കുവഹിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. വിഎച്ച്‌പിക്കാരെയും ബജ്‌രംഗ്‌ദളുകാരെയും കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും പൊലീസുകാരെയും രക്ഷിക്കുകയായിരുന്നു മുഖ്യ അജൻഡ. കേസിൽ പ്രതിയായിരുന്ന മുൻ എംഎൽഎ മായാകൊട്‌നാനിയെ കുറ്റവിമുക്തയാക്കിയ ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാനും എസ്‌ഐടി തയ്യാറായില്ലെന്നും സിബൽ ചൂണ്ടിക്കാട്ടി. ഗുൽബർഗ് ഹൗസിങ് സൊസൈറ്റിയിൽ കൊല്ലപ്പെട്ട മുൻ എംപി എഫ്‌സാൻ ജഫ്രിയുടെ ഭാര്യ സാകിയയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..