ന്യൂഡൽഹി
ട്രാൻസ്‌ജെൻഡർ കുട്ടികളെ സ്‌കൂൾ വിദ്യാഭ്യാസത്തിൽ കൂടുതലായി പങ്കാളികളാക്കാന്‍ എൻസിഇആർടി പുറത്തിറക്കിയ അധ്യാപകപരിശീലന സഹായപുസ്‌തകം സാമൂഹമാധ്യമങ്ങളിലെ സംഘപരിവാര്‍ വിമർശത്തെത്തുടർന്ന് പിൻവലിച്ചു. ട്രാൻസ്‌ജെൻഡറുകളെ പ്രോത്സാഹിപ്പിക്കുന്നത് ഹിന്ദുത്വത്തിനെതിരായ കടന്നാക്രമണമെന്ന തരത്തിലായിരുന്നു സംഘപരിവാർ വിമർശം. ബാലാവകാശ സംരക്ഷണ ദേശീയ കമീഷനും പരാതി നല്‍കി. ചില സംഘപരിവാർ അനുകൂല ഓൺലൈൻ മാധ്യമങ്ങളും പുസ്‌തകത്തിനെതിരെ രംഗത്തുവന്നു. വിവാദമാക്കിയതോടെ എൻസിഇആർടി വെബ്‌സൈറ്റിൽനിന്ന് പുസ്‌തകം പിൻവലിച്ചു.
‘സ്‌കൂൾ വിദ്യാഭ്യാസത്തിൽ ട്രാൻസ്‌ജെൻഡർ കുട്ടികളെ ഉൾപ്പെടുത്തൽ; പരിഗണനാ കാര്യങ്ങളും മാർഗരേഖയും’ എന്ന തലക്കെട്ടിൽ ഈവർഷം ആദ്യമാണ് പുസ്‌തകം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചത്. പുസ്‌തകത്തെ അനുകൂലിച്ച് നിരവധിപേർ തുടക്കത്തിൽ രംഗത്തുവന്നു. സ്‌കൂൾ വിദ്യാഭ്യാസത്തിൽ ട്രാൻസ്‌ജെൻഡർ കുട്ടികളുടെ പങ്കാളിത്തക്കുറവ് എങ്ങനെ മറികടക്കാമെന്നതാണ് ഉള്ളടക്കം. കഴിവില്ലായ്‌മയോ താൽപ്പര്യക്കുറവോ അല്ല ട്രാൻസ്‌ജൻഡർ കുട്ടികളെ വിദ്യാഭ്യാസത്തിൽനിന്ന് അകറ്റുന്നതെന്ന് പുസ്‌തകം പരാമർശിക്കുന്നുണ്ട്. ലിംഗനിർണയം അടക്കമുള്ള വിഷയങ്ങളെ അധ്യാപകരും മറ്റും എങ്ങനെ സമീപിക്കണമെന്നും വിശദമാക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..