11 November Thursday

ബെമൽ വാങ്ങാൻ പിൻവാതിലിലൂടെ വിദേശ കമ്പനി പ്രതിനിധികൾ; പ്രതിഷേധിച്ച്‌ ജീവനക്കാർ

സ്വന്തം ലേഖകൻUpdated: Thursday Nov 11, 2021

പാലക്കാട്‌ > രാജ്യത്തിന്റെ അഭിമാന സ്ഥാപനങ്ങളിലൊന്നായ ഭാരത്‌ എർത്ത്‌ മൂവേഴ്‌സ്‌ ലിമിറ്റഡ്‌ (ബെമൽ) വിദേശികൾക്ക്‌ വിൽക്കുമെന്ന്‌ ഉറപ്പായി. പ്രതിരോധ വ്യവസായ മേഖലയിലെ ഏറ്റവും വലിയ സ്ഥാപനം വിദേശകമ്പനിക്ക്‌ കൈമാറാൻ കേന്ദ്രസർക്കാർ ഉണ്ടാക്കിയ ധാരണയുടെ ഭാഗമായി വിദേശ കമ്പനി പ്രതിനിധികൾ വ്യാഴാഴ്‌ച ബെമൽ സന്ദർശിച്ചു. ബെമൽ വാങ്ങാൻ ടെൻഡറിൽ പങ്കെടുത്ത കമ്പനിയുടെ പ്രതിനിധികളെ, തൊഴിലാളി പ്രതിഷേധം കണക്കിലെടുത്ത്‌ പിൻവാതിലിലൂടെ രഹസ്യമായാണ്‌ എത്തിച്ചത്‌.

സ്ഥാപനം വിൽക്കുന്നതിനെതിരെ തൊഴിലാളികൾ നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ 305-ാം ദിവസമാണ്‌ വിദേശ കമ്പനി പ്രതിനിധികളുടെ സന്ദർശനം. 23.56 കോടി രൂപ മുടക്കുമുതലിൽ തുടങ്ങിയ ബെമൽ അഞ്ച് പതിറ്റാണ്ടുകൊണ്ട്‌ തൊഴിലാളികളുടെ കഠിനാധ്വാനത്തിലൂടെ 56,000 കോടിയുടെ ആസ്തിയുണ്ടാക്കി. ഇതാണ്‌ ആയിരം കോടിക്ക് വിൽക്കാൻ ശ്രമിക്കുന്നത്.

കഞ്ചിക്കോട് ബെമലിന്റെ ആസ്തിയും മറ്റു സൗകര്യങ്ങളും കാണാൻ വിദേശ കമ്പനി പ്രതിനിധികൾ എത്തിയപ്പോൾ തൊഴിലാളികളും ബെമൽ സംരക്ഷണ സമിതിയും  കമ്പനിപ്പടിയിൽ പ്രതിഷേധമുയർത്തി. ജനങ്ങളുടെ സമ്പത്തായ പൊതുമേഖലാ സ്ഥാപനം വിൽക്കാൻ മോദി സർക്കാരിന് അധികാരമില്ലെന്നും വാങ്ങാൻ കമ്പനികൾ വന്നാൽ ചെറുക്കുമെന്നും സംയുക്ത സമരസമിതി നേതാക്കൾ പറഞ്ഞു.

സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എസ്‌ ബി രാജു പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. സിഐടിയു പുതുശേരി ഡിവിഷൻ സെക്രട്ടറി കെ സുരേഷ് അധ്യക്ഷനായി. ഇന്ത്യൻ നാഷണൽ ലേബർ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്‌ എം ഉണ്ണിക്കൃഷ്ണൻ, ജില്ലാ പ്രസിഡന്റ്‌ വിശ്വനാഥൻ, സിഐടിയു നേതാക്കളായ ചൊക്കനാഥൻ, സുഭാഷ്, രമേഷ്, ബെമൽ എംപ്ലോയീസ് അസോസിയേഷൻ ഭാരവാഹികളായ എസ്‌ വസന്ത്കുമാർ, എസ്‌ ഗിരീഷ്, ടി എം സുജീഷ്, ജി ശിവകുമാർ, പനീന്ദ്ര പട്ടേൽ എന്നിവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top