
ഇസ്ലാമാബാദ് : പാക് ക്രിക്കറ്റ് താരം മുഹമ്മദ് റിസ്വാൻ തനിക്ക് ഖുറാൻ സമ്മാനിച്ചിരുന്നുവെന്ന് മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡൻ . ന്യൂസ് കോർപ് ഓസ്ട്രേലിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ്, ഖുറാന്റെ ഇംഗ്ലീഷ് പതിപ്പ് റിസ്വാൻ തനിക്ക് നൽകിയിരുന്നുവെന്ന് ഹെയ്ഡൻ പറഞ്ഞത് . ‘അവർ നിഷ്പക്ഷരും എളിമയുള്ളവരുമാണ് . ആ രീതി ആത്മീയതയുടെ ആഴത്തിലുള്ള ബോധത്തിൽ നിന്നാണ് ഉണ്ടായത് .
ഒരു പാശ്ചാത്യൻ എന്ന നിലയിൽ, ആ പ്രതിബദ്ധതയും വിശ്വാസവും ചിലപ്പോൾ എല്ലാവർക്കും തിരിച്ചറിയാനാകില്ല . അവരുടെ അഞ്ചുനേരത്തെ നമസ്കാരത്തിന്റെ കാര്യമാണ് മറ്റൊന്ന്. ഒരു ലിഫ്റ്റിനുള്ളില്‍ വച്ചാണ് പ്രാർത്ഥനയ്ക്ക് സമയമാകുന്നതെങ്കില്‍ അവര്‍ നമസ്കരിക്കുന്നത് കാണാം’- ഹെയ്ഡൻ പറഞ്ഞു. തന്റെ താല്പര്യം കണ്ടപ്പോൾ റിസ്വാൻ തനിക്ക് ഖുറാന്റെ ഇംഗ്ലീഷ് പരിഭാഷ നൽകുകയായിരുന്നു .
ഇസ്ലാമിനെക്കുറിച്ചും അതിന്റെ വിശ്വാസങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചുവെന്നും താൻ ഇപ്പോൾ ദിവസവും ഖുറാൻ വായിക്കുന്നുണ്ടെന്നും മാത്യു ഹെയ്ഡൻ പറഞ്ഞു . പാക് ക്രിക്കറ്റ് താരങ്ങൾക്ക് ആത്മീയത കൂടുതലാണെന്നും മാത്യു ഹെയ്ഡൻ അഭിമുഖത്തിൽ പറഞ്ഞു .നിലവിൽ പാക് ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകനാണ് മാത്യു ഹെയ്ഡന്.
Post Your Comments