ഹരിപ്പാട് > തൃക്കുന്നപുഴ പല്ലനയിൽ വഴിതർക്കത്തെത്തുടർന്ന് വീടുപണി മുടങ്ങിയ മിശ്രവിവാഹിത ദമ്പതികൾക്ക് വീട് നിർമിക്കാനുള്ള സാമഗ്രികൾ സ്ഥലത്തെത്തിച്ചു. പല്ലന കടവിൽപ്പറമ്പിൽ ധനേഷ്–--ചിത്ര ദമ്പതികളുടെ വീടുപണിക്കുള്ള സാധനങ്ങളാണ് പഞ്ചായത്ത് അധികൃതരുടെയും പൊലീസിന്റെയും സഹായത്തോടെ എത്തിച്ചത്.
തൃക്കുന്നപുഴ പഞ്ചായത്ത് 16–-ാം വാർഡിലെ കോട്ടയുടെ പറമ്പ്- കന്നേപ്പറമ്പ് റോഡിന്റെ തുടക്കഭാഗത്താണ് തർക്കം. ഇവിടെ വസ്‌തു ഉടമയുടെ അനുമതിയില്ലാതെ റോഡ് നിർമിച്ചത് സംബന്ധിച്ച് കേസുണ്ട്. അതിനിടെ നിർമാണസാമഗ്രികളുമായി വന്ന ലോറി ഇവിടെ തടഞ്ഞിരുന്നു.
തൃക്കുന്നപ്പുഴ പഞ്ചായത്തിന്റെ ആസ്‌തി രജിസ്‌റ്ററിൽ ഈ റോഡുണ്ടെന്ന് പഞ്ചായത്തംഗം പറയുന്നു. എന്നാൽ റോഡിനായി വിട്ടുകിട്ടിയ ഭൂമി സ്വകാര്യ ഉടമയുടെ തണ്ടപ്പേരിൽനിന്ന് കുറവ് ചെയ്യാനോ സർക്കാർഭൂമിയുടെ പട്ടികയിൽ ഉൾപ്പെടുത്താനോ പഞ്ചായത്ത് തയ്യാറായില്ല.
യുഡിഎഫ് ഭരിക്കുന്ന തൃക്കുന്നപ്പുഴ പഞ്ചായത്ത് അധികൃതർക്ക് പരിഹരിക്കാൻ കഴിയുമായിരുന്ന പ്രശ്നം അവരുടെ നിരുത്തരവാദ നടപടി മൂലം നാട്ടുകാർ തമ്മിൽ ഏറ്റുമുട്ടുന്ന സ്ഥിതിയാണ് ഉണ്ടാക്കിയത്.
അതിനിടെ പട്ടികജാതി സമുദായങ്ങളെ മുന്നിൽ നിർത്തി വസ്‌തുക്കച്ചവടം ലക്ഷ്യമാക്കിയുള്ള കരുനീക്കവും വഴിത്തർക്കത്തിന് പുതിയമാനം നൽകിയതിന് പിന്നിലുണ്ടെന്ന ആക്ഷേപവും ഉയർന്നു. വാർഡ് അംഗത്തിന്റെയും മറ്റും ഉടമസ്ഥതയിലുള്ള ഒന്നര എക്കർ ഭൂമിയുടെ കോണിൽ രണ്ട് കുടുംബങ്ങൾക്ക് അഞ്ച് സെന്റ് വീതം നൽകിയിട്ട് അവരുടെ വീട് നിർമാണത്തിന് സാധനങ്ങൾ കൊണ്ടുവരുന്നതിന്റെ മറവിൽ വഴിത്തർക്കം പരിഹരിച്ച് ഭൂമി വിൽക്കാനുള്ള നീക്കമാണെന്നും ആക്ഷേപമുണ്ട്. ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം അഡ്വ. ടി എസ് താഹ, സിപിഐ എം തൃക്കുന്നപ്പുഴ ലോക്കൽ സെക്രട്ടറി എസ് സുനു എന്നിവർ സ്ഥലം സന്ദർശിച്ചു.
തൃക്കുന്നപ്പുഴ പഞ്ചായത്ത് അധികൃതരുടെ കെടുകാര്യസ്ഥതയും നിഷ്‌ക്രിയത്വവുമാണ് പ്രശ്നം സങ്കീർണമാക്കിയതെന്നും നിർധന കുടുംബത്തിന്റെ വീടുനിർമാണത്തിനുള്ള തടസം നീക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്നും താഹയും സുനുവും ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..